ചെങ്ങന്നൂർ: തിരുവൻവണ്ടൂർ ഗ്രാമപഞ്ചായത്തിൽ എൽ.ഡി.എഫ് പിന്തുണയിൽ കോൺഗ്രസ് പ്രതിനിധി വികസനകാര്യ സ്ഥിരം സമിതിയിൽ. കോൺഗ്രസ് പിന്തുണയിൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ്, വൈസ് പ്രസിഡൻറ് തെരഞ്ഞെടുപ്പുകളിൽ വിജയിച്ച എൽ.ഡി.എഫ് പ്രതിനിധികൾ സത്യപ്രതിജ്ഞക്കുമുമ്പ് രാജിവെച്ച് ശ്രദ്ധനേടിയ സ്ഥലത്താണ് രണ്ടാഴ്ചക്കുള്ളിൽ പുതിയ കൂട്ടുകെട്ട് രൂപപ്പെട്ടത്.
വികസന സ്ഥിരം സമിതിയിലേക്ക് കോൺഗ്രസും ബി.ജെ.പിയും തമ്മിലായിരുന്നു മത്സരം. നാലാം വാർഡിലെ പുഷ്പകുമാരി മൂരിത്തിട്ടക്ക് യു.ഡി.എഫിലെ മൂന്ന് അംഗങ്ങൾക്കുപുറമെ, എൽ.ഡി.എഫിലെ നാലുപേർകൂടി പിന്തുണച്ചതോടെയാണ് വിജയിക്കാനായത്. 13 അംഗ സമിതിയിലെ സ്വതന്ത്രനായ പ്രാവിൻകൂട്ടിലെ പി.വി. സജൻ പ്രസിഡൻറ്, വൈസ് പ്രസിഡൻറ് തെരഞ്ഞെടുപ്പുകളിൽ വിട്ടുനിന്നിരുന്നു.
എന്നാൽ, ഇപ്പോൾ അദ്ദേഹം ബി.ജെ.പിയിലെ ശ്രീകല രമേശിന് അനുകൂലമായതിനാൽ അവർക്ക് ആറ് വോട്ട് നേടാനായി. പി.പി.ഇ കിറ്റ് ധരിച്ചാണ് ക്വാറൻറീനിലുള്ള അഞ്ചാം വാർഡിലെ ബി.ജെ.പി അംഗം സജു ഇടക്കല്ലിൽ എത്തിയത്. ധനസ്ഥിരം സമിതിയിലേക്ക് നോമിനേഷനുകൾ ഇല്ലാത്തതിനാൽ തെരഞ്ഞെടുപ്പ് വെള്ളിയാഴ്ചത്തേക്ക് മാറ്റി.
ക്ഷേമകാര്യ സ്ഥിരം സമിതിയിലേക്ക് കോൺഗ്രസിലെ ഗീത സുരേന്ദ്രനും ആരോഗ്യ-വിദ്യാഭ്യാസ സ്ഥിരം സമിതിയിലേക്ക് ബി.ജെ.പിയിലെ ശ്രീവിദ്യ സുരേഷ് (മുഖശ്രീ) എന്നിവരെ എതിരില്ലാതെ തെരഞ്ഞെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.