തിരുവനന്തപുരം: കാര്യങ്ങൾ കൈവിട്ടുപോകുമെന്ന് വ്യക്തമായതോടെ കോണ്‍ഗ്രസ് നേതാക്കളുടെ പരസ്യപ്രസ്താവന വിലക്കി നേതൃത്വം. ശശിതരൂർ എം.പിയെ അനുകൂലിച്ചും പ്രതികൂലിച്ചും നേതാക്കൾ തന്നെ പ്രസ്താവനകളിറക്കിയ സാഹചര്യത്തിലാണ് പരസ്യപ്രതികരണങ്ങൾ അരുതെന്ന നിർദേശവുമായി കെ.പി.സി.സി പ്രസിഡൻറ് മുല്ലപ്പള്ളി രാമചന്ദ്രനും യു.ഡി.എഫ് കൺവീനർ ബെന്നി െബഹനാനും രംഗത്തെത്തിയത്.
എല്ലാവരും എ.ഐ.സി.സി നിര്‍ദേശം പാലിക്കണമെന്നും പാര്‍ട്ടി വേദികളില്‍ അഭിപ്രായം രേഖപ്പെടുത്താന്‍ സ്വാതന്ത്ര്യമുണ്ടെന്നും മുല്ലപ്പള്ളി വ്യക്തമാക്കി. ഇതേ നിലപാട് തന്നെയാണ് യു.ഡി.എഫ് കൺവീനറുടേതും.
കോൺഗ്രസ് ദേശീയനേതൃത്വത്തെ ചൊല്ലിയുള്ള തര്‍ക്കമാണ് കേരളത്തിലെ നേതാക്കൾക്കിടയിലും വാക്പോരിന് വഴിയൊരുക്കിയത്. സംസ്ഥാന സർക്കാറിനെതിരായ പ്രവർത്തനങ്ങളുമായി മുന്നോട്ടുപോകവെ കോൺഗ്രസിനെ തിരിച്ചടിക്കാൻ ഭരണപക്ഷത്തിന് ലഭിച്ച ആയുധമായിരുന്നു കോൺഗ്രസ് നേതാക്കളുടെ പരസ്യപ്രതികരണങ്ങൾ. ആ സാഹചര്യം കൂടി ഒഴിവാക്കുകയെന്ന നിലയിലാണ് ഇപ്പോൾ നേതൃത്വം തന്നെ വിഷയത്തിൽ ഇടപെട്ടിട്ടുള്ളത്.
ദേശീയനേതൃത്വത്തെ തിരുത്താന്‍ കത്തെഴുതിയവര്ക്കൊപ്പം കൂടിയ ശശിതരൂര്‍ എം.പിക്കെതിരെ കോൺഗ്രസിലെ ഒരുവിഭാഗം നേതാക്കൾ പരസ്യമായി രംഗത്തിറങ്ങിയതാണ് വിവാദങ്ങൾക്ക് തുടക്കം. കെ.പി.സി.സി പ്രസിഡൻറ് മുല്ലപ്പള്ളി തന്നെ ആദ്യം തരൂരിനെതിരെ പരോക്ഷമായ ആരോപണങ്ങൾ ഉന്നയിച്ചിരുന്നു. തുടർന്ന് തരൂർ െഗസ്റ്റ് ആര്‍ട്ടിസ്റ്റെന്നും രാഷ്ട്രീയ പക്വതയില്ലെന്നും വിമര്‍ശിച്ച് കൊടിക്കുന്നില്‍ സുരേഷും രംഗത്തെത്തി.
കെ. മുരളീധരൻ, അജയ്തറയിൽ തുടങ്ങിയവരും വിമർശിച്ചു. എന്നാൽ പി.ടി. തോമസ്, വി.ഡി. സതീശൻ, കെ.എസ്. ശബരീനാഥൻ എന്നിവർ തരൂരിനെ പിന്തുണക്കാനെത്തി. തരൂർ വിശ്വപൗരനാണെന്ന നിലയിലുള്ള പ്രതികരണമായിരുന്നു ശബരീനാഥൻ ഉൾപ്പെടെയുള്ളവരിൽ നിന്നുണ്ടായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.