ലീഗിന്റെ ഉരുക്കുകോട്ടയാണ് മലപ്പുറം പാർലമെന്റ് മണ്ഡലമെങ്കിലും ഒരിക്കൽ ഇടതുപക്ഷത്തിന് അത് തകർക്കാനായി എന്നത് ചരിത്രത്തിലെ വലിയ അട്ടിമറിയായിരുന്നു. അന്ന്പക്ഷെ മണ്ഡലത്തിന്റെ പേര് മഞ്ചേരി എന്നായിരുന്നു. മണ്ഡല പുനർ നിർണയത്തിന് ശേഷം ഇത് മലപ്പുറമായി. പച്ചക്കോട്ടയിൽ ചെങ്കൊടി പാറിയ 2004 ലെ ആ ഓർമ പിന്നീട് ഓരോ തെരഞ്ഞെടുപ്പിലും ലീഗിനോട് അങ്കം വെട്ടാൻ സി.പി.എമ്മിന് ആവേശമായി. 2004 ൽ ടി.കെ. ഹംസ നടത്തിയ അട്ടിമറി പിന്നീടൊരിക്കലും ആവർത്തിച്ചില്ല.
ഇത്തവണയും കോണിയും അരിവാൾ ചുറ്റിക നക്ഷത്രവും കൊമ്പ് കോർക്കുന്നു. അടുത്ത കാലത്തായി പരസ്പരം പോരടിക്കാത്ത പാർട്ടികളാണ് സി.പി.എമ്മും ലീഗുമെന്നത് മത്സരത്തെ ശ്രദ്ധേയമാക്കുന്നുണ്ട്. മണ്ഡല വികസനത്തിനും പ്രാദേശികവിഷയങ്ങൾക്കുമപ്പുറം ദേശീയ രാഷ്ട്രീയ സാഹചര്യം മണ്ഡലത്തിൽ കാര്യമായി ചർച്ച ചെയ്യപ്പെടും. 2021 നിയമസഭ തെരഞ്ഞെടുപ്പിൽ പാർലമെന്റ് മണ്ഡലത്തിലെ ഏഴ് നിയമ സഭാ മണ്ഡലങ്ങളിലും മുസ്ലിം ലീഗ് സ്ഥാനാർഥികളാണ് വിജയിച്ചത്.
ഇത്തവണ ലീഗ് ഇറങ്ങും മുമ്പെ ഇടതു സ്ഥാനാർഥി മലപ്പുറത്തിറങ്ങി. ലീഗിന്റെ ദേശീയമുഖമായ ഇ.ടി. മുഹമ്മദ് ബഷീറും ഡി.വൈ.എഫ്.ഐ സംസ്ഥാന പ്രസിഡന്റ് വി. വസീഫും തമ്മിലാണ് പ്രധാന മത്സരം. കാലിക്കറ്റ് സർവകലാശാല വൈസ് ചാൻസലറായിരുന്ന ഡോ. എം. അബ്ദുൽ സലാമിനെ ബി.ജെ.പിയും രംഗത്തിറക്കിയിട്ടുണ്ട്. വസീഫിനിത് കന്നിയങ്കമാണ്. ഇ.ടിക്ക് പാർലമെന്റിലേക്ക് നാലാമൂഴവും. മൂന്നു തവണയും ഇ.ടി പൊന്നാനി മണ്ഡലത്തിൽ നിന്നാണ് ജനവിധി തേടിയത്. മലപ്പുറത്ത് സമദാനിയായിരുന്നു സിറ്റിംഗ് എം.പി. അദ്ദേഹം ഇത്തവണ പൊന്നാനിയിലേക്ക് മാറി. സീറ്റുകൾ വെച്ചുമാറ്റിയതാണ് ഇത്തവണത്തെ വ്യത്യാസം. അതെന്തിന്നെ ചോദ്യത്തിൽ നിന്ന് ലീഗ് മറുപടി പറയാൻ തയാറായിട്ടില്ല.
സമസ്തയിൽ അടുത്ത കാലത്തുണ്ടായ അസ്വാരസ്യങ്ങൾ, കോൺഗ്രസിലെ ഗ്രൂപ് തർക്കങ്ങൾ തുടങ്ങിയവ മണ്ഡലത്തിൽ എങ്ങനെ പ്രതിഫലിക്കും എന്നത് ചർച്ചയാണ്. ഇ. ടിക്ക് സ്വന്തം നാട് ഉൾപെടുന്ന മണ്ഡലം കൂടിയാണിത്. ലീഗിനെതിരെ ഉയരുന്ന ഏത് വിമർശനത്തിനും മറുപടിയാവുന്ന സ്ഥാനാർഥിത്വമാണ് ഇ.ടിയുടത്. ഇടതുപക്ഷം ഇവിടെ വലിയ അടിയൊഴുക്കകളൊന്നും പ്രതീക്ഷിക്കുന്നില്ല. എന്നാൽ യുവപോരാളിയെ തന്നെ ഇറക്കി മത്സരം കളറാക്കുകയാണ് എൽ.ഡി.എഫ്. വസീഫ് എല്ലായിടത്തും മുന്നേ ഓടി എത്തുന്നുണ്ട്. ബി.ജെ.പിയാവട്ടെ അപൂർമായി പട്ടികയിലിടം നൽകുന്ന മുസ്ലീം സമുദായത്തിൽ നിന്നുള്ള സ്ഥാനാർഥിയെ മലപ്പുറത്തിറക്കിയിരിക്കയാണ്. മുൻ കാലിക്കറ്റ് യൂണിവാഴ്സിറ്റി വൈസ് ചാൻസലറെന്ന നിലയിൽ അബ്ദുൽ സലാം മണ്ഡലത്തിന് അപരിചിതനല്ല.
കൊണ്ടോട്ടി, മഞ്ചേരി, പെരിന്തൽമണ്ണ, മങ്കട, മലപ്പുറം, വേങ്ങര, വള്ളിക്കുന്നു നിയമസഭമണ്ഡലങ്ങൾ ഉൾപെടുന്നതാണ് മലപ്പുറം പാർലമെന്റ് മണ്ഡലം. 2021ൽ ഇവിടെയെല്ലാം നിയമസഭയിലേക്ക് ജയിച്ചത് യു.ഡി.എഫ് ആണ്.
പരമ്പരാഗത സുന്നി വോട്ടുകൾ വളരെ പ്രധാനമാണ് മണ്ഡലത്തിൽ. (ഇ.കെ. വിഭാഗം സുന്നികൾ) മുസ്ലിം സമുദായത്തിനാണ് മണ്ഡലത്തിൽ ഭൂരിപക്ഷം. മിക്ക മുസ്ലീം സംഘടനകളുൾക്കും ശക്തമായ സാന്നിധ്യമുള്ള മണ്ഡലം.
2024 ജനുവരിയിലെ കണക്ക് പ്രകാരം 7,21,623 പുരുഷ വോട്ടർമാരും 708998 സ്ത്രീ വോട്ടർമാരുമടക്കം 14,30,672 വോട്ടർമാരാണ് ഉള്ളത്.
1951 ൽ മലപ്പുറം എന്നായിരുന്നു മണ്ഡലത്തിന്റെ പേര്. 1957 മുതൽ 2004 നാല് വരെ മഞ്ചേരി എന്നായിരുന്നു മണ്ഡലത്തിന്റെ പേര്. 2009 ലെ പാർലമെന്റ് മണ്ഡല പുനർനിർണയത്തെ തുടർന്ന് പേര് വീണ്ടും മാറി മലപ്പുറമായി.കഴിഞ്ഞ 19 ലോക്സഭ തെരഞ്ഞെടുപ്പുകളിൽ 18ഉം ലീഗ് ആണ് ഇവിടെ വിജയിച്ചത്. 2004-ൽ ഇടതുമുന്നണിയുടെ ടി.കെ. ഹംസ ചരിത്രം അട്ടിമറിച്ചു. മുസ്ലീം ലീഗ് നേതാവ് കെ.പി.എ മജീദിനെ 47743 വോട്ടിന്റെ ഭൂരിപക്ഷത്തിന് ഹംസ തോൽപിച്ചു.
1951 മുതലുള്ള ലീഗിന്റെ വിജയചരിത്രമാണ് ഹംസ മാറ്റിയെഴുതിയത്.1951-ലും 57-ലും ബി. പോക്കർ,1962ലും 67ലും മുഹമ്മദ് ഇസ്മായിൽ സാഹിബ്, 1971ലും 77ലും 80ലും 84ലും 89ലും ഇബ്രാഹിം സുലൈമാൻ സേട്ടുവും, 91ലും 96ലും 98ലും 99ലും 2009ലും 2014ലും ഇ. അഹമ്മദും 2017 ലും 2019ലും പി.കെ. കുഞ്ഞാലിക്കുട്ടിയും 2021 ഉപ തെരഞ്ഞെടുപ്പിൽ സമദാനിയുമാണ് ഈ മണ്ഡലത്തിൽ വിജയിച്ചത്. പാർലമെന്റ് മണഡല ചരിത്രത്തിൽ പി.കെ കുഞ്ഞാലിക്കുട്ടിയാണ് ഏറ്റവും വലിയ ഭൂരിപക്ഷം നേടിയത്. 2019ൽ 260153 ഭൂരിപക്ഷമാണ് അദ്ദേഹം നേടിയത്. അതേ സമയം കുഞ്ഞാലിക്കുട്ടി നിയമസഭയിലേക്ക് മത്സരിക്കാൻ വേണ്ടി 2021 -ൽ രാജി വെച്ച ഒഴിവിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ സമദാനിക്ക് ലഭിച്ചത് 114692 വോട്ടിന്റെ ഭൂരിപക്ഷം.
2009 മുതലുളള ലോക് സഭ തെരഞ്ഞെടുപ്പ് കണക്ക് പ്രകാരം മണ്ഡലത്തിൽ ബി.ജെ.പി വോട്ടിങ് ശതമാനം വർധിപ്പിച്ചിട്ടുണ്ട്. 2009ൽ 4.60 ശതമാനമായിരുന്നു ബി.ജെ.പി വോട്ട്. 2019ലെത്തിയപ്പോൾ ഇത് 7.96 ശതമാനമായി ഉയർന്നു. അതേ സമയം 2021ൽ എ.പി. അബ്ദുല്ലക്കുട്ടി മലപ്പുറം മണ്ഡലത്തിൽ ബി.ജെ.പി സ്ഥാനാർഥിയായി മത്സരിച്ചപ്പോൾ 1.69 ശതമാനം വോട്ട് കുറഞ്ഞു.എസ്.ഡി.പി.ഐക്ക് 2021ൽ 46758 വോട്ട് മണ്ഡലത്തിൽ ലഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.