മലപ്പുറം: മുസ്ലിംലീഗ് എം.എൽ.എ പി. അബ്ദുൽ ഹമീദിനെ കേരള ബാങ്ക് ഡയറക്ടർ ബോർഡിൽ ഉൾപ്പെടുത്താനുള്ള സി.പി.എം നീക്കത്തിനെതിരെ ലീഗിൽ അപസ്വരം. സി.പി.എം നടപടി ദുരുദ്ദേശ്യത്തോടെയുള്ളതാണെന്ന് ഒരു വിഭാഗം നേതാക്കൾ ആരോപിക്കുന്നു. ഇതിനിടെ, കേരള ബാങ്കിന്റെ നിർണായക ഡയറക്ടർ ബോർഡ് യോഗം വ്യാഴാഴ്ച തിരുവനന്തപുരത്ത് ചേരും. മലപ്പുറം ജില്ല ബാങ്കിനെ കേരള ബാങ്കിൽ ലയിപ്പിച്ചതിനെതിരെയുള്ള ഹരജി ഹൈകോടതി ഡിവിഷൻ ബെഞ്ചിന്റെ പരിഗണനയിലാണ്. സർക്കാർ നടപടി ചോദ്യംചെയ്ത് കോടതിയിൽ ഹരജി നൽകിയത് മലപ്പുറം ജില്ല ബാങ്ക് മുൻ പ്രസിഡന്റും മഞ്ചേരി എം.എൽ.എയുമായ അഡ്വ. യു.എ. ലത്തീഫാണ്.
ജനറൽ ബോഡി തീരുമാനത്തിന് വിരുദ്ധമായി ജില്ല ബാങ്കിനെ കേരള ബാങ്കിൽ ലയിപ്പിച്ചതിനെതിരെ യു.ഡി.എഫ് നിയമപോരാട്ടം തുടരുമ്പോൾ, ലീഗ് എം.എൽ.എയെ ഡയറക്ടർ ബോർഡിലേക്ക് കൊണ്ടുവരുന്നത് കേസിനെ ദുർബലപ്പെടുത്താനാണെന്നാണ് ആരോപണം. നിലവിൽ സി.പി.എം നേതാക്കളോ എൽ.ഡി.എഫ് ഘടകകക്ഷി പ്രതിനിധികളോ മാത്രമാണ് ഡയറക്ടർ ബോർഡിലുള്ളത്. ഭരണസമിതി കാലാവധി രണ്ടര വർഷം പിന്നിട്ടതിനാൽ നാമനിർദേശത്തിലൂടെ ലീഗ് എം.എൽ.എയെ ബോർഡിൽ കൊണ്ടുവരാനാണ് സി.പി.എം ശ്രമം. എന്നാൽ, എം.എൽ.എയുടെ അനുമതിയില്ലാതെ ശിപാർശക്ക് സാധ്യതയില്ല. തനിക്ക് ഇതുസംബന്ധിച്ച് അറിയിപ്പ് ലഭിച്ചിട്ടില്ലെന്നാണ് പി. അബ്ദുൽ ഹമീദ് എം.എൽ.എ ‘മാധ്യമ’ത്തോട് പ്രതികരിച്ചത്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.