തിരുവനന്തപുരം: വിമാനത്താവളത്തിൽ എം.പിയുടെ മകനെ വിവസ്ത്രനാക്കി പരിശോധിച്ച് കസ്റ്റംസ്. തിരുവനന്തപുരം വിമാനത്താവളത്തിൽ വിമാനമിറങ്ങിയ രാജ്യസഭാ എം.പി അബ്ദുൽ വഹാബ് എം.പിയുടെ മകനാണ് ദുരനുഭവം. എം.പിയുടെ മകനാണെന്നു സ്ഥിരീകരിച്ചിട്ടും മജിസ്‌ട്രേറ്റിന്റെ അനുമതിയില്ലാതെ ആശുപത്രിയിൽ കൊണ്ടുപോയി എക്‌സ്‌റേ പരിശോധന നടത്തുകയായിരുന്നു. അബ്ദുൽ വഹാബ് എം.പി കസ്റ്റംസ് കമീഷണർക്ക് പരാതി നൽകിയിട്ടുണ്ട്. ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് എം.പി കേന്ദ്ര ധനമന്ത്രിക്കും പരാതി നൽകിയിട്ടുണ്ട്. അതിനിടെ സ്വർണം തേടിയുള്ള ദേഹപരിശോധന ഏറെക്കുറെ പൂർത്തിയായിരുന്നു. തുടർന്നു ശരീരത്തിനുള്ളിൽ സ്വർണം ഒളിപ്പിച്ചിട്ടുണ്ടോയെന്ന് കണ്ടെത്താനുള്ള എക്‌സറേ പരിശോധനക്കായി ആശുപത്രിയിലേക്കു കൊണ്ടു പോയി. തുടർന്ന് കുറ്റക്കാരനല്ല എന്നു കണ്ടെത്തിയതോടെ പോകാൻ അനുവദിക്കുകയായിരുന്നു.
ഇതേ പേരിലുള്ള മറ്റൊരു യാത്രക്കാരനെ ലക്ഷ്യമിട്ടു നടത്തിയ പരിശോധന ആയിരുന്നു ഇതെന്നാണ് കസ്റ്റംസ് ഉദ്യോഗസ്ഥരുടെ വിശദീകരണം. എക്‌സ്‌റേ പരിശോധനക്ക് യാത്രക്കാരന്റെ അനുമതിയോ മജിസ്‌ട്രേറ്റിന്റെ അനുമതിയോ വേണമെന്നാണ് നിയമം. ഇതൊന്നും പാലിച്ചില്ലെന്നും കസ്റ്റംസിനെതിരെ ആരോപണമുയർന്നു. നവംബർ ഒന്നിന് ഷാർജയിൽ നിന്ന് എയർ അറേബ്യ വിമാനത്തിലാണ് എം.പിയുടെ മകൻ തിരുവനന്തപുരത്ത് എത്തിയത്. താൻ എം.പിയുടെ മകനാണെന്നു പറഞ്ഞെങ്കിലും അധികൃതർ വിശ്വസിച്ചില്ല. തടഞ്ഞുവച്ച വിവരം യാത്രക്കാരൻ ബന്ധുക്കളെ അറിയിച്ചതോടെ അവർ കസ്റ്റംസുമായി ബന്ധപ്പെടുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.