മലപ്പുറം: മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടിക്കെതിരെ അയൽജില്ലക്കാരനായ ലീഗ് ഭാരവാഹികളിലൊരാൾ വിമതനായി മത്സരിച്ചേക്കുമെന്ന് സൂചന. ഇദ്ദേഹം സി.പി.എം നേതൃത്വത്തെ മത്സരസന്നദ്ധത അറിയിച്ചതായാണ് വിവരം. കുഞ്ഞാലിക്കുട്ടി ലോക്സഭ അംഗത്വം രാജിവെച്ച് നിയമസഭയിലേക്ക് മത്സരിക്കുന്നതിൽ പ്രതിഷേധിച്ചാണ് തീരുമാനം. പുറത്തുനിന്നുള്ള സ്ഥാനാർഥിയാണെങ്കിൽ താനൂരിലും മുസ്ലിം ലീഗിന് വിമതഭീഷണിയുണ്ടായേക്കും. യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ. ഫിറോസാണ് താനൂരിൽ ലീഗ് പരിഗണിക്കുന്നവരിൽ മുന്നിലുള്ളത്.
ജില്ലയിൽ സി.പി.എം സ്ഥാനാർഥികളുടെ സാധ്യതപട്ടിക ചൊവ്വാഴ്ച ചേർന്ന ജില്ല സെക്രേട്ടറിയറ്റ് യോഗം തയാറാക്കി സംസ്ഥാന നേതൃത്വത്തിന് സമർപ്പിച്ചു. തവനൂരിൽ മന്ത്രി കെ.ടി. ജലീലും പൊന്നാനിയിൽ സ്പീക്കർ പി. ശ്രീരാമകൃഷ്ണനും നിലമ്പൂരിൽ പി.വി. അൻവർ എം.എൽ.എയും രംഗത്തുണ്ടാകും. താനൂരിൽ നിലവിലെ എം.എൽ.എ വി. അബ്ദുറഹ്മാൻ തന്നെ സ്ഥാനാർഥിയാകുമെന്നാണ് സൂചന.
തിരൂരിലും അദ്ദേഹത്തെ പരിഗണിക്കുന്നുണ്ട്. തിരൂരിലേക്ക് മാറിയാൽ ഗഫൂർ പി. ലില്ലീസ് താനൂരിൽ മത്സരിക്കും. വണ്ടൂരിൽ എ.പി. അനിൽകുമാറിനെതിരെ, പള്ളിക്കൽ ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡൻറ് പി. മിഥുനയെയാണ് എൽ.ഡി.എഫ് പരിഗണിക്കുന്നത്. മുസ്ലിം ലീഗ് ബാനറിൽ സംവരണ ടിക്കറ്റിൽ ജയിച്ച മിഥുന പിന്നീട് ഇടതുപാളയത്തിലേക്ക് മാറിയിരുന്നു.
മുസ്ലിം ലീഗ് നേതാവും മലപ്പുറം നഗരസഭ അധ്യക്ഷനുമായിരുന്ന കെ.പി. മുഹമ്മദ് മുസ്തഫയുടെ പേരാണ് പെരിന്തൽമണ്ണയിൽ പ്രഥമ പരിഗണനയിലുള്ളത്. പെരിന്തൽമണ്ണ നഗരസഭ ചെയർമാനായിരുന്ന എം. മുഹമ്മദ് സലീമും പട്ടികയിലുണ്ട്. മറ്റ് മണ്ഡലങ്ങളിലെ ഇടതു മുന്നണി സ്ഥാനാർഥികളുടെ സാധ്യത പട്ടിക- ഏറനാട് (യു. ഷറഫലി/സി.പി.ഐയുമായുള്ള ചർച്ചക്ക് ശേഷം), മങ്കട (അഡ്വ. ടി.കെ. റഷീദലി, പി.കെ. അബ്ദുല്ല നവാസ്), തിരൂരങ്ങാടി (നിയാസ് പുളിക്കലകത്ത്), െകാണ്ടോട്ടി (സുലൈമാൻ ഹാജി), കോട്ടക്കൽ (എൻ.എ. മുഹമ്മദ് കുട്ടി, എൻ.സി.പി), വള്ളിക്കുന്ന് (തീരുമാനമായിട്ടില്ല). സി.പി.ഐ സീറ്റായ മഞ്ചേരിയിൽ സ്വതന്ത്രനെ മത്സരിപ്പിക്കാനാണ് നീക്കം. ഏറനാടിന് പകരം െകാണ്ടോട്ടി സി.പി.ഐക്ക് നൽകിയാൽ എ.ഐ.വൈ.എഫ് നേതാവ് കെ.കെ. സമദ് സ്ഥാനാർഥിയായേക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.