മലപ്പുറം: മുസ്ലിം ലീഗ് യോഗത്തിൽ പി.കെ.കുഞ്ഞാലിക്കുട്ടി എം.എൽ.എയെ ഒറ്റപ്പെടുത്തിയെന്ന വാർത്തകൾ നിഷേധിച്ച് ലീഗ് നേതാക്കളായ കെ.പി.എ.മജീദ് എം.എൽ.എയും പി.എം.എ സലാമും. കഴിഞ്ഞ ദിവസം നടന്ന ലീഗ് യോഗത്തിൽ കുഞ്ഞാലിക്കുട്ടിയെ ഒറ്റപ്പെടുത്തിയെന്ന വാർത്ത അവാസ്തവമാണെന്ന് കെ.പി.എ മജീദ് പ്രതികരിച്ചു. കുഞ്ഞാലിക്കുട്ടിക്കെതിരെ ചേരി തിരിഞ്ഞിട്ടില്ല. ലീഗ് യോഗത്തിൽ തർക്കങ്ങളുമുണ്ടായിട്ടില്ല. ഐകകണ്ഠ്യനെയാണ് തീരുമാനങ്ങളെല്ലാം എടുത്തതെന്നും ലീഗ് നേതാക്കൾ മാധ്യമങ്ങളോട് വ്യക്തമാക്കി.
മുഈനലി വാർത്തസമ്മേളനത്തിൽ നടത്തിയ പരസ്യ വിമർശനം തെറ്റായെന്ന് എല്ലാവരും സമ്മതിച്ചെങ്കിലും നടപടിയെടുക്കുന്നത് കാര്യങ്ങൾ കൂടുതൽ വഷളാക്കുമെന്ന് കുടുംബം ബോധ്യപ്പെടുത്തി. വിഷയം കുടുംബ പ്രശ്നമായി മാറുന്ന സാഹചര്യമുണ്ടാകുന്നതും ഹൈദരലി തങ്ങൾ രോഗാവസ്ഥയിലാണെന്നതും കണക്കിലെടുക്കേണ്ടതുണ്ടെന്ന് നേതാക്കൾ വിലയിരുത്തി.
യൂത്ത് ലീഗ് ദേശീയ ഭാരവാഹികളെയും യോഗത്തിലേക്ക് ക്ഷണിച്ച് അഭിപ്രായം ആരാഞ്ഞിരുന്നു. വിഷയം നടന്നത് ലീഗ് ആസ്ഥാനത്തായതിനാലും ചന്ദ്രികയെക്കുറിച്ചായതിനാലും തങ്ങൾക്ക് പ്രത്യേകിച്ച് അഭിപ്രായമില്ലെന്നും പാർട്ടി എടുക്കുന്ന ഏതു തീരുമാനവും അംഗീകരിക്കുമെന്നുമായിരുന്നു അവർ അറിയിച്ചത്.
ഇതോടെ നടപടി, യോഗത്തിൽ വേണ്ടെന്ന നിലപാടിലേക്ക് നേതാക്കൾ എത്തുകയും അധ്യക്ഷനായ പിതാവ് ഹൈദരലി തങ്ങൾതന്നെ തീരുമാനമെടുക്കട്ടെ എന്ന നിലയിലേക്ക് എത്തുകയും ചെയ്തു. താൻ കക്ഷിയായ പ്രശ്നമായതിനാൽ കുഞ്ഞാലിക്കുട്ടി യോഗത്തിൽ പ്രത്യേകിച്ച് അഭിപ്രായമൊന്നും പറഞ്ഞില്ലെന്നായിരുന്നു റിപ്പോർട്ടുകൾ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.