കോൺഗ്രസും സി.പി.എമ്മും അന്ധമായ വിരോധം വെടിയണമെന്ന് ലീഗ്

കോഴിക്കോട്: പുതിയ ദേശീയ രാഷ്ട്രീയസാഹചര്യത്തിൽ കോൺഗ്രസും സി.പി.എമ്മും അന്ധമായ രാഷ്ട്രീയവിരോധം വെച്ചുപുലർത്തരുതെന്ന് മുസ്ലിം ലീഗ്. ചെന്നൈയിൽ നടന്ന ദേശീയ നിർവാഹകസമിതി യോഗമാണ് ഫാഷിസ്റ്റ് ഭരണകൂടം അപകടമാംവിധം സ്വാധീനമുറപ്പിക്കുന്ന സാഹചര്യത്തിൽ രാഷ്ട്രീയവൈരം ഉപേക്ഷിച്ച് മതേതരകക്ഷികൾ ഐക്യപ്പെടണമെന്ന് ആഹ്വാനംചെയ്തത്. മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിൽ ബി.ജെ.പി ഭീഷണി ഗുരുതരമല്ലെങ്കിലും കടന്നുകയറ്റത്തിനുള്ള ആസൂത്രിത ശ്രമങ്ങളെക്കുറിച്ച് ഇരുകക്ഷികളും ജാഗ്രതപാലിക്കണം.

ഓരോ സംസ്ഥാനത്തെയും രാഷ്ട്രീയ സാഹചര്യമനുസരിച്ച് വിഷയത്തിൽ നിലപാട് സ്വീകരിക്കാനും യോഗം തീരുമാനിച്ചു. അസദുദ്ദീൻ ഉവൈസിയുമായി ഒരുതരത്തിലുള്ള രാഷ്ട്രീയനീക്കുപോക്കും ഉണ്ടാക്കില്ല. തമിഴ്നാട് മാതൃകയിൽ മതേതരകക്ഷികളുമായി സഹകരണം വ്യാപിപ്പിക്കും.

മുഖ്യശത്രു ബി.ജെ.പിയായതിനാൽ സി.പി.എമ്മിനോട് അന്ധമായ രാഷ്ട്രീയവിരോധം പുലർത്തേണ്ടെന്ന നിലപാടിലാണ് കുറച്ചുകാലമായി മുസ്ലിം ലീഗ് സംസ്ഥാന നേതൃത്വം. സംസ്ഥാന സർക്കാറിന്‍റെ പല നയ, നിലപാടുകളെയും എതിർക്കുന്നതിനൊപ്പം രാഷ്ട്രീയ വിമർശനങ്ങൾ ലീഗ് മയപ്പെടുത്തുകയാണെന്ന വിലയിരുത്തൽ ശരിവെക്കുന്നതാണ് ദേശീയ നിർവാഹക സമിതി തീരുമാനങ്ങൾ.

സ്വാധീനമുള്ള സംസ്ഥാനമെന്ന നിലയിൽ കേരളത്തിലെ രാഷ്ട്രീയസാഹചര്യം പ്രത്യേകം ചർച്ച ചെയ്തു. ബി.ജെ.പി തീവ്രഹിന്ദുത്വം പറയുമ്പോൾ, മതരഹിത അജണ്ടയാണ് സർക്കാർതലത്തിൽ കുത്തിവെക്കുന്നത്.

ഇത്തരം ചില നിലപാടുകളിൽനിന്ന് സർക്കാർ പിന്മാറിയത് ശുഭോദർക്കമാണെന്നും നിർവാഹകസമിതി വിലയിരുത്തി. വഖഫ് ബോർഡ് നിയമനം പി.എസ്.സിക്ക് വിട്ട നടപടി സർക്കാറിന് റദ്ദാക്കേണ്ടിവന്നത് ലീഗിന്‍റെ രാഷ്ട്രീയ വിജയമാണെന്നും വിലയിരുത്തി.കേരളത്തിന് പുറത്ത് വിവിധ സംസ്ഥാനങ്ങളിൽ സംഘടനാസംവിധാനം ശക്തിപ്പെടുത്തുന്നതിന്‍റെ ഭാഗമായി ദേശീയ ഭാരവാഹികളെ പ്രത്യേകം നിരീക്ഷകരാക്കും. എല്ലാ സംസ്ഥാനങ്ങളിലും അംഗത്വ കാമ്പയിൻ ആറു മാസങ്ങൾക്കകം പൂർത്തിയാക്കി പുതിയ ഭാരവാഹികൾ നിലവിൽവരും.

വനിത ലീഗിനും കർഷകസംഘത്തിനും ലോയേഴ്സ് ഫോറത്തിനും ദേശീയ ഘടകങ്ങൾ നിലവിൽവന്നതാണ് നിർവാഹകസമിതി യോഗത്തിന്‍റെ മറ്റൊരു സവിശേഷത. ഇടക്കാലത്ത് യൂത്ത്ലീഗ് ദേശീയ നേതൃസ്ഥാനത്തുനിന്ന് മാറ്റിനിർത്തപ്പെട്ട സി.കെ. സുബൈറിനെ മുസ്ലിം ലീഗ് ദേശീയ അസി. സെക്രട്ടറിയായി നിയമിച്ചു.

ഇ. അഹമ്മദിന്‍റെ കാലത്തിനുശേഷം നടന്ന സമ്പൂർണ നിർവാഹകസമിതിയിൽ ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടിയാണ് മുഴുനീള നിയന്ത്രണം ഏറ്റെടുത്തത്.

Tags:    
News Summary - League wants Congress and CPM to stop blind antagonism

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.