കൊച്ചി: പ്രശസ്ത മാധ്യമ പ്രവര്‍ത്തകയും ജന്മഭൂമി ചീഫ് എഡിറ്ററുമായ ലീലാ മേനോന്‍ (86) അന്തരിച്ചു. ഞായറാഴ്ച രാത്രി കൊച്ചിയിലെ സിഗ്നേച്ചര്‍ ഓള്‍ഡേജ് ഹോമിലായിരുന്നു അന്ത്യം. ഏറെ നാളായി രോഗബാധിതയായി ചികിത്സയിലായിരുന്നു. നിലപാടിലെ നീതിയും ജീവിതത്തിലെ സത്യസന്ധതയും കൊണ്ട് ഇന്ത്യയിലെ മുന്‍നിര പത്രപ്രവര്‍ത്തകരില്‍ പ്രമുഖയായിരുന്നു ലീല മേനോന്‍.
തിങ്കളാഴ്ച രാവിലെ 10 മുതൽ 12 വരെ എറണാകുളം ടൗൺഹാളിൽ പൊതുദർശനത്തിനുവെക്കും. സംസ്കാരം തിങ്കളാഴ്ച ഉച്ചക്ക് ഒന്നിന് രവിപുരം ശ്മശാനത്തിൽ. പരേതനായ മുണ്ടിയാത്ത് വീട്ടില്‍ മേജര്‍ ഭാസ്‌കര മേനോനാണ് ഭര്‍ത്താവ്.
എറണാകുളം ജില്ലയിലെ പെരുമ്പാവൂരിനു സമീപം വെങ്ങോലയില്‍ തുമ്മാരുകുടി ജാനകിയമ്മയുടെയും പാലക്കോട്ട് നീലകണ്ഠന്‍ കര്ത്താവിെൻറയും ഇളയ മകളായി 1932 നവംബര്‍ 10 നാണ് ജനനം. വെങ്ങോല പ്രൈമറി സ്‌കൂള്‍, പെരുമ്പാവൂര്‍ ബോയ്സ് സ്‌കൂള്‍, നൈസാം കോളജ് എന്നിവിടങ്ങളിലായി വിദ്യാഭ്യാസം. 1949ല്‍ പോസ്റ്റ് ഒാഫിസില്‍ ക്ലര്‍ക്കായി. ഇന്ത്യയിലെ ആദ്യത്തെ ടെലിഗ്രാഫിസ്റ്റായി 1978വരെ അവിടെ ജോലി ചെയ്തു.
ജേണലിസത്തില്‍ ഗോള്‍ഡ് മെഡലിസ്റ്റായിരുന്നു. 1978 ല്‍ ഇന്ത്യന്‍ എക്സ്പ്രസ് ഡല്‍ഹിയില്‍ സബ് എഡിറ്ററായി ജോലിയില്‍ പ്രവേശിച്ചു. 82വരെ കൊച്ചിയില്‍ സബ് എഡിറ്റര്‍. പിന്നീട് 1990വരെ കോട്ടയം ബ്യൂറോ ചീഫ്. 2000ല്‍ ജോലി രാജിവെച്ചു. തുടര്‍ന്ന് ഹിന്ദു, ഔട്ട് ലുക്ക്, വനിത, മാധ്യമം, മലയാളം തുടങ്ങിയ ഇംഗ്ലീഷ്, മലയാളം പ്രസിദ്ധീകരണങ്ങളില്‍ കോളമിസ്റ്റായി. അതിനുശേഷം കേരള മിഡ് ഡേ ടൈംസില്‍. പിന്നീട് ജന്മഭൂമി ചീഫ് എഡിറ്ററായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.