സ്ത്രീവിരുദ്ധ പരാമർശം: മന്ത്രി എം.എം മണിക്കെതിരെ മഹിളാ സംഘടനകൾ

കോഴിക്കോട്: വേതന വർധന ആവശ്യപ്പെട്ട് മൂന്നാറിൽ സമരം നടത്തിയ പെമ്പിളൈ ഒരുമൈ പ്രവർത്തകരെ അപമാനിച്ച മന്ത്രി എം.എം മണിക്കെതിരെ പ്രതിഷേധവുമായി മഹിളാ സംഘടനകൾ രംഗത്ത്. മന്ത്രിസഭയിൽ മണിയുടെ സഹപ്രവർത്തകയായ ജെ. മേഴ്സിക്കുട്ടിയമ്മയും സി.പി.എം നേതാക്കളായ ടി.എൻ സീമയും പി.കെ ശ്രീമതിയും മോശം പരാമർശത്തിൽ പ്രതിഷേധിച്ചു. കോൺഗ്രസ് നേതാക്കളായ ഷാനിമോൾ ഉസ്മാനും ലതിക സുഭാഷും ബി.ജെ.പി നേതാവ് ശോഭ സുരേന്ദ്രനും മണിയുടെ രാജി ആവശ്യപ്പെട്ടു.

അവകാശങ്ങൾക്ക് വേണ്ടി സമരം ചെയ്ത സ്ത്രീ തൊഴിലാളികളെ അപമാനിക്കുന്ന പ്രസ്താവനയാണ് മന്ത്രി മണിയുടെ ഭാഗത്തു നിന്നുണ്ടായതെന്ന് മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ പ്രതികരിച്ചു. മണിയുടെ പ്രസ്താവനയോട് വിയോജിക്കുന്നു. മന്ത്രിസഭയിലടക്കം എല്ലാ വേദികളിലും ഇക്കാര്യം ഉന്നയിക്കും. സ്ത്രീകളെ അപമാനിച്ച് സംസാരിക്കുന്നത് ഏത് ആളാണെങ്കിലും യോജിക്കാനാവില്ല. വിവാദ പ്രസ്താവന തിരുത്തണമെന്നും മന്ത്രി മേഴ്സിക്കുട്ടിയമ്മ ആവശ്യപ്പെട്ടു.

മന്ത്രി എം.എം മണിയുടെ സ്ത്രീവിരുദ്ധ പരാമർശങ്ങൾ അംഗീകരിക്കാൻ സാധിക്കില്ലെന്ന് സി.പി.എം മഹിള നേതാവ് ടി.എൻ സീമ പറഞ്ഞു. അപമാനകരമായ പ്രസ്താവനയാണ് മന്ത്രി നടത്തിയത്. വിവാദ പ്രസ്താവന മണി പിൻവലിക്കണം. മണിയുടെ പ്രസ്താവനയിൽ പാർട്ടിയിലെ വനിതാ പ്രവർത്തകർക്ക് ബുദ്ധിമുട്ട് ഉണ്ടാക്കിയതായും സീമ വ്യക്തമാക്കി.

മണിയുടെ സ്ത്രീവിരുദ്ധ പ്രസ്താവന പാർട്ടിയുടെ ശ്രദ്ധയിൽ കൊണ്ടുവരും. സ്ത്രീകളുടെ ക്ഷേമത്തിനായാണ് എൽ.ഡി.എഫ് സർക്കാർ നിലകൊള്ളുന്നത്. മന്ത്രിയുടെ പ്രസ്താവന സർക്കാരിന്‍റെ പ്രവർത്തനങ്ങൾക്ക് മങ്ങലേൽപ്പിക്കും. എന്നാൽ, പെമ്പിളൈ ഒരുമൈ സമരത്തെ കുറിച്ചുള്ള രാഷ്ട്രീയ അഭിപ്രായം മണിക്ക് പറയാൻ സ്വാതന്ത്ര്യമുണ്ടെന്നും ടി.എൻ സീമ മാധ്യമങ്ങളോട് പറഞ്ഞു.

മണിയുടെ സ്ത്രീവിരുദ്ധ പ്രസ്താവനയിൽ മുഖ്യമന്ത്രി പിണറായി വിജയൻ പ്രതികരിക്കണമെന്ന് കോൺഗ്രസ് നേതാവ് ഷാനിമോൾ ഉസ്മാൻ ആവശ്യപ്പെട്ടു. സ്ത്രീകളുടെ വോട്ട് നേടി വിജയിച്ച ആളെന്ന നിലയിൽ എം.എൽ.എ സ്ഥാനം അടക്കം മണി രാജിവെക്കണം. കേരളത്തിൽ സ്ത്രീകളുടെ മാനത്തിനും ജീവനും വില ഇല്ലാതായെന്നും ഷാനിമോൾ പറഞ്ഞു.

മോശം പരാമർശം നടത്തിയ എം.എം മണിയെ മന്ത്രിസ്ഥാനത്ത് നിന്ന് മുഖ്യമന്ത്രി നീക്കണമെന്ന് കോൺഗ്രസ് നേതാവ് ലതിക സുഭാഷ് ആവശ്യപ്പെട്ടു. മണി പരസ്യമായി മാപ്പുപറയണം. സ്ത്രീ തൊഴിലാളികൾ ഉയർത്തിപിടിച്ച മുദ്രാവാക്യത്തിന്‍റെ വില കുറക്കുന്ന പ്രസ്താവനയാണിത്. വേതന വർധന ആവശ്യപ്പെട്ട് പെമ്പിളൈ ഒരുമൈ നടത്തിയ സമരത്തോട് വിയോജിപ്പുണ്ടെങ്കിൽ അപമാനിക്കുകയല്ല, രാഷ്ട്രീയമായി നേരിടുകയാണ് വേണ്ടതെന്നും ലതിക സുഭാഷ് കൂട്ടിച്ചേർത്തു.

മന്ത്രിസ്ഥാനം മണിയെ ഭ്രാന്തനാക്കിയെന്ന് ബി.ജെ.പി നേതാവ് ശോഭ സുരേന്ദ്രൻ പറഞ്ഞു. മന്ത്രിസ്ഥാനം സ്വപ്നം കാണാൻ സാധിക്കാത്ത മണിക്ക് പദവി നൽകിയതിന് പിന്നിൽ പിണറായി വിജയന് രഹസ്യ അജണ്ടയുണ്ട്. മന്ത്രിസ്ഥാനത്ത് നിന്ന് പുറത്താക്കിയില്ലെങ്കിൽ മണിയെ കേരളത്തിലെ സ്ത്രീകൾ ചങ്ങലക്കിടുമെന്നും ശോഭ സുരേന്ദ്രൻ പ്രതികരിച്ചു.

Tags:    
News Summary - left right mahila organisations want to minister mm mani resignation

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.