തിരുവനന്തപുരം: കോൺഗ്രസിനോടുള്ള ബന്ധം എന്തായിരിക്കണമെന്നതിൽ സി.പി.ഐയും സി.പി.എമ്മും തമ്മിലെ ഭിന്നത വെളിവാക്കുന്നതായി ബിനോയ് വിശ്വത്തിന്റെയും സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെയും പ്രസ്താവന. കമ്യൂണിസ്റ്റ് പാർട്ടികളുടെ രാഷ്ട്രീയ നിലപാടും അടവ് രാഷ്ട്രീയ നയവും തീരുമാനിക്കാൻ പാർട്ടി കോൺഗ്രസുകൾ ചേരാനിരിക്കെയാണ് ഇടതുകക്ഷികളുടെ കോൺഗ്രസ് ബന്ധം ചർച്ചയാവുന്നത്. ബി.ജെ.പി-ആർ.എസ്.എസ് ഹിന്ദുത്വ രാഷ്ട്രീയത്തെ പ്രതിരോധിക്കുന്നതിന്റെ ബദൽ രാഷ്ട്രീയത്തെക്കുറിച്ചുള്ള അന്വേഷണത്തിലും ഇരു പാർട്ടികളുടെയും നിലപാട് നിർണായകമായിരിക്കെയാണ് പുതിയ വിവാദത്തിന് സി.പി.ഐ തുടക്കമിടുന്നത്. സി.പി.എം നേതൃത്വം വിവാദത്തിൽ പങ്കാളിയായിട്ടില്ലെങ്കിലും സംസ്ഥാന സമ്മേളനത്തിലേക്ക് കടക്കുന്ന അവസരത്തിൽ തങ്ങളുടെ നിലപാട് വ്യക്തമാക്കും.
രാജ്യത്ത് ദേശീയതലത്തിൽ ഹിന്ദുത്വ വർഗീയതയെ നേരിടാനും ഫാഷിസത്തെ പരാജയപ്പെടുത്താനുമുള്ള ബദൽ അന്വേഷണത്തിൽ ഇടത്, ജനാധിപത്യ, മതേതര കക്ഷികളുടെ യോജിപ്പാണ് വേണ്ടതെന്നാണ് സി.പി.ഐയുടെ പ്രഖ്യാപിത നയം. ഇക്കാര്യത്തിൽ ദേശീയ, സംസ്ഥാനതലത്തിൽ യോജിപ്പുണ്ടാവണമെന്നാണ് സി.പി.ഐ വ്യക്തമാക്കുന്നത്. ഇടത് കക്ഷികൾക്ക് നിലവിലെ സാഹചര്യത്തിൽ ഒറ്റക്ക് ബി.ജെ.പി-ആർ.എസ്.എസ് ഉയർത്തുന്ന ഫാഷിസ്റ്റ് നടപടികളെ പ്രതിരോധിക്കാനുള്ള ശക്തിയില്ല. അതിനാൽ മതേതര, ജനാധിപത്യ പാർട്ടികളുമായി പാർലമെന്റിനുള്ളിലും പുറത്തും യോജിച്ച് പ്രവർത്തിക്കണമെന്ന നിലപാടിൽ ഉറച്ച് നിൽക്കുകയാണ്. അതിൽ മാറ്റം വരുത്തേണ്ട സാഹചര്യം ഉണ്ടായിട്ടില്ലെന്നും സി.പി.ഐ വ്യക്തമാക്കുന്നു. അതേസമയം രാജ്യത്ത് ഹിന്ദുത്വ വർഗീയതയെ നേരിടാൻ കോൺഗ്രസിന് കഴിയില്ലെന്ന വിലയിരുത്തലിലാണ് 23ാം പാർട്ടി കോൺഗ്രസിന് മുന്നോടിയായ കരട് രാഷ്ട്രീയ പ്രമേയം തയാറാക്കുന്നതിന്റെ ഭാഗമായി സി.പി.എം പി.ബി എത്തിനിൽക്കുന്നത്. രാജ്യത്ത് ഇടതുപക്ഷം വളരണമെന്നും ഇടതുപക്ഷം വളരാതെ വർഗീയതയെ നേരിടാൻ കഴിയില്ലെന്നും സി.പി.എം വിശദീകരിക്കുന്നു.
കഴിഞ്ഞ വിശാഖപട്ടണം പാർട്ടി കോൺഗ്രസിൽ സാധ്യമായ കാര്യങ്ങളിൽ മതേതര, ജനാധിപത്യ കക്ഷികളുമായി സഹകരിക്കാമെന്ന് കോൺഗ്രസിന്റെ പേര് എടുത്ത് പറയാതെ സി.പി.എം തീരുമാനിച്ചിരുന്നു. ബംഗാൾ തെരഞ്ഞെടുപ്പിൽ സി.പി.എം, കോൺഗ്രസുമായി പരസ്യമായ സഖ്യത്തിൽ ഏർപ്പെട്ടു. പക്ഷേ ഇടത്കക്ഷികളുടെ ശോഷണം ഉണ്ടായതല്ലാതെ നേട്ടമുണ്ടായില്ലെന്നത്, ബംഗാൾ ഘടകത്തിന്റെ ശക്തി പാർട്ടിയിൽ ക്ഷയിക്കുന്നതിലേക്കാണ് നയിച്ചത്. ഇതോടെ കോൺഗ്രസ് ബന്ധത്തെക്കുറിച്ച് പുനർചിന്തനം വേണമെന്ന തുടർഭരണത്തിലൂടെ വർധിതവീര്യമാർജിച്ച കേരള ഘടകത്തിന്റെയും പി.ബിയിലെ ഒരു വിഭാഗത്തിന്റെയും നിലപാടിന് ശക്തി വർധിച്ചു.
'കോൺഗ്രസ് തകർന്നാൽ ശൂന്യത': ബിനോയ് പറഞ്ഞത് യാഥാർഥ്യം -കാനം
തിരുവനന്തപുരം: കോൺഗ്രസ് തകർന്നാൽ വിടവ് നികത്താൻ ഇടതുപക്ഷത്തിനാവില്ലെന്ന ബിനോയ് വിശ്വത്തിന്റെ പ്രസ്താവന ഒരു യാഥാർഥ്യമാണെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. സി.പി.ഐക്കും സി.പി.എമ്മിനും രണ്ട് നിലപാടുള്ളതിനാലാണ് രണ്ട് പാർട്ടിയായി നിൽക്കുന്നതെന്നും അദ്ദേഹം മാധ്യമപ്രവർത്തകരോട് പ്രതികരിച്ചു. മുഖ്യമന്ത്രി സി.പി.എമ്മിന്റെ പി.ബി അംഗം എന്ന പോലെ ബിനോയ് വിശ്വം സി.പി.ഐ കേന്ദ്ര സെക്രട്ടേറിയറ്റംഗമാണെന്നും കാനം പറഞ്ഞു.
പോളിറ്റ് ബ്യൂറോ ചർച്ച ചെയ്യണം -ആർ.എസ്.പി
തിരുവനന്തപുരം: ബിനോയ് വിശ്വത്തിന്റെ അഭിപ്രായം സംബന്ധിച്ച് സി.പി.എം പോളിറ്റ് ബ്യൂറോ ചർച്ച ചെയ്യണമെന്ന് ആർ.എസ്.പി. ബിനോയ് വിശ്വത്തിന്റെ നിലപാടിനെ ആർ.എസ്.പി സ്വാഗതം ചെയ്യുന്നു. ഒരു യഥാർഥ കമ്യൂണിസ്റ്റിന്റെ കാഴ്ചപ്പാടാണ് അദ്ദേഹം പറഞ്ഞത്. കോൺഗ്രസ് തകർന്നു കാണണമെന്നാണ് കേരളത്തിലെ സി.പി.എം നേതൃത്വം ആഗ്രഹിക്കുന്നത്. കോൺഗ്രസ് തകർന്നാൽ പകരം ബി.ജെ.പി വന്നാലും കുഴപ്പമില്ലെന്നാണ് പിണറായി വിജയന്റെ ആഗ്രഹം -ആർ.എസ്.പി നേതാക്കൾ ആരോപിച്ചു.
സി.പി.എമ്മിന്റെ കണ്ണുതുറപ്പിക്കണം -സുധാകരന്
തിരുവനന്തപുരം: സി.പി.ഐ നിലപാട്, കോണ്‍ഗ്രസിനെ ഇല്ലാതാക്കാന്‍ ശ്രമിക്കുകയും അതിന് ബി.ജെ.പിക്ക് ഒത്താശ പാടുകയും ചെയ്യുന്ന സി.പി.എമ്മിന്റെ കണ്ണുതുറപ്പിക്കണമെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന് എം.പി. സി.പി.എമ്മിന്റെ നിലപാടുകൾ സംഘ്പരിവാറിനെയാണ് സഹായിക്കുന്നതെന്ന് ജനാധിപത്യമതേതര ബോധ്യമുള്ള എല്ലാവര്ക്കും സുവ്യക്തമാണ്. കോണ്‍ഗ്രസ് തളര്‍ന്നാലും സംഘ്പരിവാര്‍ ശക്തിയാര്‍ജിക്കട്ടെ എന്ന നിലപാട് മതേതര, ജനാധിപത്യ മൂല്യങ്ങളെയാണ് ഇല്ലാതാക്കുന്നതെന്ന് സി.പി.എം ഇനിയെങ്കിലും തിരിച്ചറിയണം. സി.പി.ഐയുടെ നിലപാടിനെ സ്വാഗതം ചെയ്യുന്നതോടൊപ്പം ആ നിലപാടിലേക്ക് സി.പി.എം കടന്നുവരണമെന്നും സുധാകരന് പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.