കോഴിക്കോട്: ജില്ലാ പഞ്ചായത്ത്, കോർപറേഷൻ, ഗ്രാമ പഞ്ചായത്തുകൾ എന്നിവയിൽ ഇടതുമുന്നണി മുന്നേറ്റം നിലനിർത്തിയപ്പോൾ നഗരസഭകളിലെ ഫലങ്ങളാണ് യു.ഡി.എഫിന് ആശ്വാസ വിജയം നൽകിയത്. കോർപറേഷൻ ഭരണം നിലനിർത്തിയ ഇടതുമുന്നണി ഇത്തവണ 51 സീറ്റ് നേടി നില മെച്ചപ്പെടുത്തി.
ജില്ല പഞ്ചായത്തിൽ ആകെയുള്ള 27 സീറ്റുകളിൽ 18 ഇടത്താണ് എൽ.ഡി.എഫ് വിജയിച്ചത്. ഒമ്പതിടത്ത് യു.ഡി.എഫ് വിജയിച്ചു. കഴിഞ്ഞതവണ യു.ഡി.എഫിനൊപ്പംനിന്ന തിരുവമ്പാടി എൽ.ഡി.എഫ് പിടിച്ചെടുത്തപ്പോൾ എൽ.ഡി.എഫിലെ എൽ.ജെ.ഡി. നേരത്തേ ജയിച്ച പയ്യോളി അങ്ങാടി സീറ്റ് യു.ഡി.എഫ് പിടിച്ചെടുത്തു. കേരള കോൺഗ്രസ് -എം, എൽ.ജെ.ഡി എന്നിവരുടെ വരവ് എൽ.ഡി.എഫിന് വലിയ മുതൽകൂട്ടായി എന്നാണ് വോട്ടിങ് പാറ്റേൺ വ്യക്തമാക്കുന്നത്.
നഗരസഭകളിൽ ആകെയുള്ള ഏഴിൽ നാലിടത്ത് യു.ഡി.എഫിന് മുന്നേറാനായി. രാമനാട്ടുകര, ഫറോക്ക്, പയ്യോളി, കൊടുവള്ളി എന്നിവിടങ്ങളിലാണ് യു.ഡി.എഫ് ഭരണത്തിലെത്തുന്നത്. മുക്കത്ത് തുല്യനിലയിലെത്തിക്കാനുമായി. ഇവിടെ ജയിച്ച ലീഗ് വിമതനെ കൂട്ടിപ്പിടിക്കാൻ എൽ.ഡി.എഫ് ശ്രമം ശക്തമാണ്. കഴിഞ്ഞവർഷം പയ്യോളി, െകാടുവള്ളി നഗരസഭകൾ മാത്രമായിരുന്നു ഐക്യമുന്നണിക്കുള്ളത്. രാമനാട്ടുകരയും ഫറോക്കും നഷ്ടമായത് എൽ.ഡി.എഫിന് ക്ഷീണമായി. അതേസമയം, വടകരയിലും കൊയിലാണ്ടിയിലും എൽ.ഡി.എഫ് കോട്ടകൾ ഇളകിയില്ല.
ഗ്രാമപഞ്ചായത്തുകളിൽ എൽ.ഡി.എഫ് പ്രതീക്ഷിച്ച കുതിപ്പ് തുടർന്നപ്പോൾ കഴിഞ്ഞവർഷത്തെക്കാൾ നിലമെച്ചപ്പെടുത്താനായത് യു.ഡി.എഫിന് ആശ്വാസമായി. എൽ.ഡി.എഫ് 42 പഞ്ചായത്തുകളിൽ ഭരണത്തിലെത്തിയപ്പോൾ 25 പഞ്ചായത്തുകളാണ് യു.ഡി.എഫ് നേടിയത്. മൂന്നിടത്ത് ആർക്കും ഭൂരിപക്ഷമില്ല. പേരാമ്പ്ര ബ്ലോക്കിന് കീഴിലെ മുഴുവൻ പഞ്ചായത്തും എൽ.ഡി.എഫിനാണ്. മുസ്ലിംലീഗിെൻറ സ്വാധീനേമഖലകളിൽ ഇളക്കം തട്ടിക്കാൻ എൽ.ഡി.എഫിന് കഴിഞ്ഞില്ല. കാക്കൂർ, ചങ്ങരോത്ത്, ചെങ്ങോട്ടുകാവ് തുടങ്ങിയ പഞ്ചായത്തുകൾ എൽ.ഡി.എഫ് പിടിച്ചെടുത്തു.
അത്തോളി, പുതുപ്പാടി, കൊടിയത്തൂർ, കാരശ്ശേരി, നരിക്കുനി തുടങ്ങിയ പഞ്ചായത്തുകൾ യു.ഡി.എഫ് തിരിച്ചുപിടിച്ചു. ഉണ്ണികുളത്തും കുന്ദമംഗലത്തും കായക്കൊടിയിലുമാണ് ആർക്കും ഭൂരിപക്ഷമില്ലാത്തത്. ജില്ലയിൽ ബ്ലോക്ക് പഞ്ചായത്തിലും എൽ.ഡി.എഫ് ആധിപത്യം തുടർന്നു. ആകെയുള്ള 12 ബ്ലോക്ക് പഞ്ചായത്തുകളിൽ എൽ.ഡി.എഫ് പത്തെണ്ണം നേടി. വടകര, തൂണേരി, തോടന്നൂർ, കുന്നുമ്മൽ, മേലടി, പേരാമ്പ്ര, ബാലുശ്ശേരി, പന്തലായനി, ചേളന്നൂർ, കോഴിക്കോട് എന്നീ ബ്ലോക്കുകളിലാണ് എൽ.ഡി.എഫ് ഭരണം നേടിയത്. െകാടുവള്ളി, കുന്ദമംഗലം ബ്ലോക്കുകളാണ് യു.ഡി.എഫിന് കിട്ടിയത്. യു.ഡി.എഫിന് വടകര നഷ്ടമായി. കഴിഞ്ഞ തവണ കുന്ദമംഗലം വിജയിച്ച യു.ഡി.എഫിന് പിന്നീട് ഭരണം നഷ്ടമായിരുന്നു. ഗ്രാമപഞ്ചായത്തുകളിലെ എൽ.ഡി.എഫ് കുതിപ്പിന് സമാന്തരമായി തന്നെയാണ് ബ്ലോക്ക് പഞ്ചായത്തിലെയും വോട്ടുനില.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.