പാരമ്പര്യ രുചിയിടങ്ങളൊരുക്കി ലെഗസി ഫുഡ് ഫെസ്റ്റിവല്‍

തിരുവനന്തപുരം: കേരളീയം കാണാനെത്തുന്നവരെ പാരമ്പര്യ രുചി വഴികളിലെത്തിച്ച് ലെഗസി ഫുഡ് ഫെസ്റ്റിവല്‍. കേരളത്തിലെ തലയെടുപ്പുള്ള ഏഴു റെസ്റ്റോറന്റുകളാണ് സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ ഒരുക്കിയ ലെഗസി ഫെസ്റ്റില്‍ പങ്കെടുക്കുന്നത്.

കോഴിക്കോട്ടുകാരുടെ രുചിപ്പെരുമക്ക് പേരു കേട്ട പാരഗണ്‍, തിരുവനന്തപുരത്തെ തനത് രുചിയിടമായ ആസാദ്, ബിരിയാണിപ്പെരുമയുള്ള അജുവ, സസ്യഭക്ഷണ മിഷ്ടപ്പെടുന്നവരുടെ ഫേവറിറ്റായ മദേഴ്സ് വെജ് പ്ലാസ, ആഹാരപ്പെരുമയ്ക്ക് പുകള്‍പ്പെറ്റ ലീല റാവിസ്, കെ.ടി.ഡി.സിയുടെ ആഹാര്‍ എന്നിവയ്ക്ക് പുറമെ വിവിധ തരം കഞ്ഞി ലഭിക്കുന്ന 'ക' കടയിലും തിരക്കോടു തിരക്കു തന്നെ. രാവിലെ 10 മുതല്‍ രാത്രി 11 വരെ നീളുന്ന വിഭവ സമൃദ്ധി അനന്തപുരിക്ക് വലിയ കൗതുകമാണുണ്ടാക്കുന്നത്.

ലോകത്തെ ഐതിഹാസിക റെസ്റ്റോറന്റുകളില്‍ ഒന്നായി രാജ്യാന്തര ഓണ്‍ലൈന്‍ ഫുഡ് ഗൈഡായ ടേസ്റ്റ് അറ്റ്‌ലസ് തെരഞ്ഞെടുത്ത കോഴിക്കോട് പാരഗണില്‍ സിഗ്നേച്ചര്‍ വിഭവമായ ബിരിയാണി മുതല്‍ മീന്‍ മുളകിട്ടതും ചിക്കന്‍ ചെറിയുള്ളി ഫ്രൈയും കോഴിക്കുഞ്ഞ് പൊരിയും മിതമായ നിരക്കില്‍ ലഭിക്കും. 50 രൂപ നിരക്കില്‍ ഇളനീര്‍ പുഡിങും ഇളനീര്‍ പായസവും ഒപ്പം ഗുലബ് ജാമും ലഭിക്കും. പാരഗണിന്റെ സ്പെഷ്യലായ പാരഗണ്‍ സര്‍ബത്തിനും പ്രിയമേറെയാണ്.

ബീഫ് കപ്പ ബിരിയാണിയാണ് ആഹാറിലെ സ്പെഷ്യല്‍. കൂടാതെ സുഖിയന്‍, കൊഴുക്കട്ട തുടങ്ങിയ സായാഹ്ന പലഹാരങ്ങളുമുണ്ട്. തിരുവനന്തപുരത്തെ പായസ ബോളി 20 രൂപയ്ക്ക് വിളമ്പിയാണ് മദേഴ്സ് വെജ് പ്ലാസ സന്ദര്‍ശകരെ ആകര്‍ഷിക്കുന്നത്. ദി ക്ലബ്ബ് ഹൗസിന്റെ ഔട്‌ലെറ്റായ അജുവയില്‍ 15 രൂപക്ക് ഷാര്‍ജ ഷേക്ക് ലഭിക്കും.

തുര്‍ക്കി പത്തല്‍, ഇറച്ചി പത്തല്‍, കട്‌ലെറ്റ്, പോക്കറ്റ് ഷവര്‍മ എന്നിവയും ഇവിടെ ലഭിക്കും. 'ക' കടയില്‍ മരുന്ന് കഞ്ഞി, നോമ്പ് കഞ്ഞി, പാല്‍ കഞ്ഞി, ചീര കഞ്ഞി, വെജിറ്റബിള്‍ കഞ്ഞി, ജീരക കഞ്ഞി എന്നിവയോടൊപ്പം കനലില്‍ ചുട്ട പപ്പടവും തേങ്ങാ ചമ്മന്തിയും കൂടെ കരിപ്പെട്ടി കാപ്പിയും തരും. ആസാദ് ഹോട്ടലില്‍ ട്രാവന്‍കൂര്‍ ബിരിയാണിയാണ്താരം.

Tags:    
News Summary - Legacy food festival with traditional tastings

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.