representational image

ഭൂമി ന്യായവിലയിൽ കൃത്രിമം കാട്ടിയാൽ ഉടമ കുടുങ്ങും; നേരിടേണ്ട കടുത്ത നടപടികൾ എന്തെന്ന് അറിയുമോ

ആധാരം രജിസ്റ്റർചെയ്യുന്ന വേളയിൽ ഭൂമിയുടെ ന്യായവിലയിൽ കൃത്രിമം കാട്ടിയാൽ ഭൂവുടമക്ക് കടുത്ത നടപടികൾ നേരിടേണ്ടിവരും. ക്രമക്കേടുകൾക്കെതിരേ കടുത്തനടപടി കൈക്കൊള്ളുമെന്നാണ് സർക്കാർ തീരുമാനം. ആഭ്യന്തര ഓഡിറ്റിൽ ഇത്തരം ക്രമക്കേടുകളിൽ നഷ്ടമായി കണ്ടെത്തുന്ന തുക ഭൂമിയുടെ ഉടമയിൽനിന്ന് ഈടാക്കും. ആഗസ്റ്റ് മുതൽ രജിസ്റ്റർചെയ്യുന്ന ആധാരങ്ങൾക്ക് ഇത് ബാധകമാണ്.

സ്റ്റാമ്പ് ഡ്യൂട്ടി, ആധാരം രജിസ്റ്റർചെയ്ത് 10 വർഷത്തിനകവും രജിസ്ട്രേഷൻ ഫീസ് മൂന്നുവർഷത്തിനകവും ഈടാക്കാമെന്നാണ് പുതിയവ്യവസ്ഥ. ഇതിനായി രജിസ്ട്രേഷൻ, കേരള മുദ്രപ്പത്ര നിയമങ്ങളിൽ ഭേദഗതിവരുത്തിയിരുന്നു. തുടർനടപടിയായി ഓഡിറ്റ് മാന്വലും അംഗീകരിച്ചതോടെ നിയമം നടപ്പാവുകയാണ്. ക്രമക്കേട് കണ്ടെത്താൻ ഓഡിറ്റ് ശക്തമാക്കാനും തീരുമാനമുണ്ട്. റവന്യൂ നഷ്ടത്തിന് ജീവനക്കാർ കുറ്റക്കാരാണെങ്കിൽ അച്ചടക്കനടപടിയുമുണ്ടാകും.

ഓഡിറ്റ് റിപ്പോർട്ട് ഡെപ്യൂട്ടി ഇൻസ്പെക്ടർ ജനറൽ പരിശോധിക്കും. വിരമിച്ചയാളാണെങ്കിലും കൂട്ടുനിൽക്കുന്ന ജീവനക്കാരനെതിരേയും നടപടിവരും. റവന്യൂനഷ്ടമുണ്ടായെങ്കിൽ ഭൂമിയുടമക്ക് നോട്ടീസ് അയക്കും. ഹിയറിങ്ങും ഉണ്ടാകും. പണം അടച്ചില്ലെങ്കിൽ റവന്യൂറിക്കവറി. രജിസ്‌ട്രേഷൻ ഐ.ജിക്കും സർക്കാരിലും അപ്പീൽ നൽകാൻ ഭൂവുടമക്ക് അവസരമുണ്ട്. നഷ്ടം കക്ഷികളിൽനിന്ന് ഈടാക്കുന്നതുവരെ രജിസ്റ്ററിങ് ഉദ്യോഗസ്ഥന്റെ ബാധ്യതയാണ്.

ആധാരം രജിസ്റ്റർ ചെയ്യുമ്പോൾ സർക്കാർ നിശ്ചയിച്ച ന്യായവില വെക്കുമെങ്കിലും ഭൂമിക്കടുത്ത് പൊതുമരാമത്ത് റോഡുണ്ടെങ്കിൽ അത് മറച്ചുവെച്ച് പഞ്ചായത്ത് റോഡെന്ന്‌ രേഖപ്പെടുത്തിയൊക്കെ മുദ്രപ്പത്രവില കുറയ്ക്കാം. ഇത്തരത്തിലോ സമാനമായതോ ആയ ക്രമക്കേടുകൾ സബ് രജിസ്ട്രാർമാർ ഒറ്റയടിക്ക് കണ്ടെത്തണമെന്നില്ല. എന്നാൽ, ഓഡിറ്റിൽ പിടികൂടും. ന്യായവിലക്കും താണ വിലയിൽ ആധാരങ്ങൾ രജിസ്റ്റർ ചെയ്യുന്ന പതിവിൽ മാറ്റം വന്നിട്ടില്ലാത്തതിനാലാണ് സർക്കാർ കടുത്ത നടപടികളിലേക്ക് കടക്കുന്നത്. 

Tags:    
News Summary - legal action against the fair value of the land is falsified

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.