കോന്നി: നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായിട്ടുള്ള രാഷ്ട്രീയ ചർച്ചകൾ കോന്നി നിയോജകമണ്ഡലത്തിൽ സജീവമായി. സ്ഥാനാർഥികളാരെന്ന ചർച്ചയാണ് വോട്ടർമാർക്കിടയിൽ നടക്കുന്നത്. അതേസമയം മുന്നണി, പാർട്ടി നേതൃത്വങ്ങൾ ഔദ്യോഗിക ചർച്ചകൾ തുടങ്ങിയിട്ടില്ല.ഉപതെരഞ്ഞെടുപ്പിലൂടെ നഷ്ടപ്പെട്ട കോന്നി നിയോജകമണ്ഡലം തിരിച്ചുപിടിക്കാൻ തന്നെയാണ് കോൺഗ്രസ് നേതൃത്വത്തിെൻറ നീക്കം.
റോബിൻ പീറ്ററെ കളത്തിലിറക്കി മണ്ഡലം തിരിച്ചുപിടിക്കാൻ അടൂർ പ്രകാശ് ഇപ്പോൾതന്നെ ചരടുവലികൾ ആരംഭിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെയാണ് കഴിഞ്ഞദിവസം റോബിൻ പീറ്റർ യോഗ്യനാണ് എന്ന അടൂർ പ്രകാശിെൻറ പ്രതികരണം ഉണ്ടായത്. ഇതിനെ അനുകൂലിച്ചോ, പ്രതികൂലിച്ചോ ജില്ല നേതൃത്വത്തിെൻറ പ്രതികരണം ഉണ്ടായിട്ടില്ല.
23 വർഷം കോൺഗ്രസ് മണ്ഡലമായിരുന്ന കോന്നി ജനീഷിലൂടെ തിരികെപ്പിടിച്ചതോടെ ഇടതുമുന്നണി വീണ്ടും ഗോദയിലിറക്കുന്നത് ജനീഷ് കുമാറിനെ തന്നെയാണെന്നാണ് സൂചന. 23വർഷം അടൂർ പ്രകാശിലൂടെ കോൺഗ്രസ് കുത്തകയായിരുന്ന മണ്ഡലം ഇക്കഴിഞ്ഞ ഉപതെരഞ്ഞെടുപ്പിലൂടെയാണ് കോൺഗ്രസിന് നഷ്ടമായത്.
യു.ഡി.എഫിലെ പി. മോഹൻരാജിനെ എൽ.ഡി.എഫിലെ കെ.യു. ജനീഷ് കുമാർ ഒമ്പതിനായിരത്തിൽപരം വോട്ടുകൾക്കാണ് പരാജയപ്പെടുത്തിയത്. മോഹൻരാജിെൻറ പരാജയത്തിന് പ്രധാന കാരണമായത് അടൂർ പ്രകാശിനെ അനുകൂലിക്കുന്ന ഒരുവിഭാഗത്തിെൻറ നിർജീവമായ പ്രവർത്തനം തന്നെയായിരുന്നു.
റോബിൻ പീറ്ററെ സ്ഥാനാർഥിയാക്കാൻ അവസാന നിമിഷംവരെ അടൂർ പ്രകാശ് ശ്രമിച്ചെങ്കിലും കെ.പി.സി.സി അംഗീകരിച്ചില്ല. അതുകൊണ്ട് തന്നെ ഉപതെരഞ്ഞെടുപ്പിൽ ശക്തമായ അടിയൊഴുക്കുകൾ ഉണ്ടായി. കനത്ത പരാജയം ഉണ്ടായിട്ടും ജില്ല നേതൃത്വം മൗനംപാലിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.