തിരുവനന്തപുരം: നിയമസഭ പാസാക്കിയ ബില്ലുകൾക്ക് അനുമതി തടഞ്ഞ രാഷ്ട്രപതിയുടെ നടപടിക്കെതിരെയുള്ള കേരളത്തിന്റെ നിർണായകമായ കോടതി നീക്കം, അസാധാരണ നിയമസംവാദത്തിലേക്കാണ് വഴിതുറക്കുന്നത്. വായ്പ പരിധിയുമായി ബന്ധപ്പെട്ട് കേരളവും കേന്ദ്രവും തമ്മിലുള്ള കേസ് സുപ്രീംകോടതിയിലാണെങ്കിലും ബില്ലുകളുടെ കാര്യത്തിലെ റിട്ട് ഹരജിയിലൂടെ നിയമപോരാട്ടം പുതിയ തലത്തിലേക്ക് കടക്കുകയാണ്.
രാഷ്ട്രപതിയുടെ നിലപാടുകളെ കോടതി നടപടികളിലൂടെ മാറ്റാമെന്ന ധാരണയൊന്നും സംസ്ഥാന സർക്കാറിനില്ലെങ്കിലും ജുഡീഷ്യൽ അവലോകനത്തിന് വിധേയമാകുമെന്നതാണ് ഇതിലൂടെ സംഭവിക്കുക. ഇത്തരം തീരുമാനങ്ങളുടെ നിയമസാധുതയും അവയെ സ്വാധീനിച്ച ഘടകങ്ങളും ജുഡീഷ്യൽ അവലോകനം ചെയ്യാമെന്നതാണ് കേരളത്തിന്റെ വാദം.
സംസ്ഥാനത്തിന്റെ അധികാരപരിധിയിലുള്ള നാല് വിഷയങ്ങളിലാണ് നിയമസഭ നിയമനിർമാണം നടത്തി അംഗീകാരത്തിനായി ഗവർണർക്ക് സമർപ്പിച്ചത്. ഈ ബില്ലുകളൊന്നും കേന്ദ്ര നിയമങ്ങൾക്ക് എതിരല്ല. മാത്രമല്ല, ഈ ബില്ലുകൾ രാഷ്ട്രപതിയുടെ മുൻകൂർ അനുമതി ആവശ്യമുള്ള പ്രത്യേക കാറ്റഗറിയിൽ പെടുന്നവയുമല്ല. ഈ സാഹചര്യത്തിൽ ഗവർണർ നാല് ബില്ലുകളും രാഷ്ട്രപതിക്കയക്കാൻ പാടില്ലായിരുന്നുവെന്ന കാര്യവും കേരളം സുപ്രീംകോടതിയിൽ ഉന്നയിക്കും.
സംസ്ഥാന നിയമസഭ പാസാക്കുന്ന ബില്ലുകൾക്ക് ഭരണഘടനപ്രകാരം രാഷ്ട്രപതിക്ക് അനുമതി തടയാം. അതേസമയം, എന്ത് കാരണത്താലാണ് അനുമതി നിഷേധിച്ചത് എന്നറിയാനുള്ള അവകാശം അവ പാസാക്കിയ നിയമസഭകൾക്കുണ്ട് എന്നതാണ് കേരളത്തിന്റെ നിലപാട്. കാരണങ്ങൾ വ്യക്തമാക്കിയെങ്കിൽ മാത്രമേ ആവശ്യമായ മാറ്റങ്ങൾ വരുത്തി ബില്ലുകൾ വീണ്ടും അവതരിപ്പിക്കാൻ സാധിക്കൂ. ഇക്കാര്യവും കോടതിയിൽ അവതരിപ്പിക്കും. നാല് ബില്ലുകളിൽ ‘അസന്റ് വിത്ത് ഹോൾഡ്’ എന്നാണ് അറിയിച്ചിരിക്കുന്നത്.
തത്വത്തിൽ ബില്ലുകൾക്ക് അനുമതി നിഷേധിച്ചതിന് തുല്യമാണിതെന്നാണ് വിലയിരുത്തൽ. വി.സി നിയമനം സംബന്ധിച്ച് നിയമഭേദഗതി പാസാകാത്തത് സർക്കാറിനെ സംബന്ധിച്ച് തലവേദനയാണ്. കോടതി വിധിയിലൂടെ കണ്ണൂർ, സാങ്കേതിക സർവകലാശാല, ഫിഷറീസ് സർവകലാശാല എന്നിവിടങ്ങളിലെ വി.സിമാർ പുറത്തായി. കാലടിയിലെയും കാലിക്കറ്റിലെയും വി.സിമാരെ പുറത്താക്കി ഗവർണർ ഉത്തരവിറക്കിയിരുന്നു. ഇതിൽ കാലിക്കറ്റ് വി.സി കോടതിയിൽനിന്ന് സ്റ്റേ വാങ്ങി. കുസാറ്റ്, കേരള, എം.ജി, മലയാളം സർവകലാശാലകളിൽ വി.സിമാർ ഇല്ലാത്ത സ്ഥിതിയാണ്.
• സർവകലാശാലകളുടെ ചാൻസലർ സ്ഥാനത്തുനിന്ന് ഗവർണറെ മാറ്റി വിദ്യാഭ്യാസ വിദഗ്ധരെ നിയമിക്കാനുള്ള ബിൽ
• വി.സി നിയമനത്തിനുള്ള സെലക്ട് കമ്മിറ്റിയിൽ സംസ്ഥാന സർക്കാറിന് മേൽക്കൈ ലഭിക്കുംവിധം കൂടുതൽ അംഗങ്ങളെ നിയമിക്കുന്നതിനുള്ള ബിൽ. നിലവിലെ അംഗസംഖ്യ മൂന്ന് എന്നത് അഞ്ചായി ഉയരും
•സർവകലാശാലകളുടെ അപ്പലേറ്റ് ട്രൈബ്യൂണലായി ജഡ്ജിമാർക്ക് പകരം ഉദ്യോഗസ്ഥരെ നിയമിക്കുന്നതിനുള്ള ബിൽ
•സാങ്കേതിക സർവകലാശാല സിൻഡിക്കേറ്റിലേക്ക് ആറ് അംഗങ്ങളെക്കൂടി നിയമിക്കുന്നതിനുള്ള ബിൽ
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.