തിരുവല്ല: മദ്യ ബ്രാൻഡായ ജവാൻ റമ്മിന്‍റെ ബോട്ടിലിൽ അളവ് കുറവ് കണ്ടെത്തിയതിനെ തുടർന്ന് നിർമാതാക്കളായ തിരുവല്ല ട്രാവൻകൂർ ഷുഗേഴ്സ് ആൻഡ് കെമിക്കൽസിനെതിരെ കേസെടുത്ത് ലീഗൽ മെട്രോളജി വിഭാഗം. ലീഗൽ മെട്രോളജി നെറ്റ് കണ്ടെന്‍റ് യൂനിറ്റാണ് പരിശോധനയ്ക്ക് ശേഷം കേസെടുത്തത്. സംഭവത്തിൽ തിരുവല്ല കോടതിയിൽ റിപ്പോർട്ട് നൽകും.
ഒരു ലിറ്ററിന്‍റെ ജവാൻ റം ബോട്ടിലിൽ അളവിൽ കുറവുണ്ടെന്നാണ് കണ്ടെത്തിയത്. രേഖാമൂലം പരാതി കിട്ടിയതിനെ തുടർന്ന് ലീഗൽ മെട്രോളജി വിഭാഗം പരിശോധന നടത്തുകയായിരുന്നു. എറണാകുളത്ത് നിന്നുള്ള ഉദ്യോഗസ്ഥ സംഘം മണിക്കൂറോളം സ്ഥാപനത്തിൽ പരിശോധന നടത്തി.
അതേസമയം ലീഗൽ മെട്രോളജി വിഭാഗത്തെ തള്ളി ട്രാവൻകൂർ ഷുഗേഴ്സ് ആൻഡ് കെമിക്കൽസ് അധികൃതർ രംഗത്തെത്തി. അളവിൽ കുറവുണ്ടെന്ന വാദം അടിസ്ഥാന രഹിതമാണെന്നും ലീഗൽ മെട്രോളജി വിഭാഗത്തിന്‍റെ അളവ് ഉപകരണം വച്ചു തന്നെയാണ് ഓരോ ബോട്ടിലും നിറയ്ക്കുന്നതെന്നും ഇവർ പറഞ്ഞു. കേസിനെ നേരിടുമെന്നും ട്രാവൻകൂർ ഷുഗേഴ്സ് ആൻഡ് കെമിക്കൽസ് വ്യക്തമാക്കി.
സംസ്ഥാന ബിവറേജസ് കോർപറേഷന് വേണ്ടി ജവാൻ റം നിർമിക്കുന്ന സർക്കാർ സ്ഥാപനമാണ് തിരുവല്ല പുളിക്കീഴിലുള്ള ട്രാവൻകൂർ ഷുഗേഴ്സ് ആൻഡ് കെമിക്കൽസ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.