തിരുവനന്തപുരം: സ്കൂൾ പാഠ്യപദ്ധതി പരിഷ്കരണ ചർച്ചക്കുള്ള രേഖയിൽനിന്ന് സ്കൂളുകളിലെ ആൺ-പെൺ വ്യത്യാസമില്ലാത്ത ഇരിപ്പിടം ഉൾപ്പെടെ വിവാദ ഭാഗങ്ങൾ നീക്കി പൊതുവിദ്യാഭ്യാസ വകുപ്പ്. 'ലിംഗസമത്വത്തിലധിഷ്ഠിതമായ വിദ്യാഭ്യാസം' എന്ന തലക്കെട്ടിൽ ഉൾപ്പെടുത്തിയിരുന്ന ചർച്ചക്കുള്ള വിഷയ മേഖല 'ലിംഗനീതിയിലധിഷ്ഠിതമായ വിദ്യാഭ്യാസം' എന്ന രൂപത്തിൽ ഭേദഗതി വരുത്തിയാണ് അന്തിമ രേഖ പ്രസിദ്ധീകരിച്ചത്.
പാഠ്യപദ്ധതി പരിഷ്കരണവുമായി ബന്ധപ്പെട്ട് ചർച്ചക്കായി തയാറാക്കിയ കരട് രേഖയിൽ സ്കൂളുകളിലെ ഇരിപ്പിടത്തിലെ സമത്വവും ഉൾപ്പെടുത്തിയതിനെതിരെ വിവിധ സംഘടനകൾ സർക്കാറിനെതിരെ രംഗത്തുവന്നിരുന്നു. കരട് രേഖയിൽ കരിക്കുലം കോർ കമ്മിറ്റിയിലും എസ്.സി.ഇ.ആർ.ടി രൂപവത്കരിച്ച ഫോക്കസ് ഗ്രൂപ്പിലും നടന്ന ചർച്ചകൾക്കൊടുവിൽ തയാറാക്കിയ രേഖയിൽനിന്നാണ് ഇരിപ്പിടത്തിലെ സമത്വം ഉൾപ്പെടെ ഒഴിവാക്കിയത്.
പാഠ്യപദ്ധതി പരിഷ്കരണത്തിന്റെ ആരംഭത്തിൽതന്നെ വിവാദം ഉയർന്നത് വിദ്യാഭ്യാസ വകുപ്പിനെ പ്രതിരോധത്തിലാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് ഇരിപ്പിട സമത്വം ഉൾപ്പെടെ നീക്കിയത്. പാഠ്യപദ്ധതി, പാഠപുസ്തകം, വിദ്യാലയ അന്തരീക്ഷം, ബോധന രീതികൾ ഇവയാണ് ലിംഗനീതി വിദ്യാഭ്യാസം ഉറപ്പുവരുത്താനുള്ള പ്രധാന ഉപാധികളെന്ന് ഭേദഗതി വരുത്തിയ രേഖയിൽ പറയുന്നു.
വിഷയത്തിൽ എട്ട് പോയന്റുകളാണ് സമൂഹ ചർച്ചക്കായി ഉൾപ്പെടുത്തിയത്. 'തുല്യ അവസരം, അധികാര പങ്കാളിത്തം, പൊതുയിടങ്ങളുമായുള്ള സമ്പർക്ക സന്ദർഭങ്ങൾ, ജെൻഡർ ന്യൂട്രൽ സമീപനം എന്നിവയെല്ലാം വിദ്യാലയ പ്രവർത്തനങ്ങളിൽ പാലിക്കുന്നത് സംബന്ധിച്ച് എന്താണ് അഭിപ്രായം' എന്നതാണ് ചർച്ചക്കായി രേഖയിൽ ഉൾപ്പെടുത്തിയ ചോദ്യങ്ങളിൽ ഒന്ന്.
ലിംഗനീതി, ലിംഗസമത്വാവബോധം എന്നിവ കുട്ടികളിൽ വികസിപ്പിക്കാൻ പാഠ്യപദ്ധതിയിൽ ഇനിയും കൂട്ടിച്ചേർക്കേണ്ട ഘടകങ്ങൾ ഉണ്ടോ?, വീടുകളിൽ കുട്ടികൾക്ക് ലിംഗ വ്യത്യാസമില്ലാത്ത പഠനം, കളികൾ, ജീവിതാനുഭവങ്ങൾ എന്നിവയിൽ പങ്കാളികളാകുന്നതിനു വേണ്ടത്ര അവസരം നൽകേണ്ടതുണ്ടോ? ഉണ്ടെങ്കിൽ എങ്ങനെ നൽകാൻ കഴിയും?, സ്കൂൾതലത്തിൽ എല്ലാ പ്രവർത്തനങ്ങളിലും പെൺകുട്ടികൾ മികവ് പുലർത്തുന്നുണ്ടെങ്കിലും വളർന്നുവരുമ്പോൾ പൊതുസമൂഹത്തിൽ അവരുടെ പങ്കാളിത്തം പിന്നോട്ട് പോകുന്നത് എന്തുകൊണ്ടായിരിക്കാം?, പുസ്തകങ്ങൾ, കലാരൂപങ്ങൾ, അച്ചടി -ദൃശ്യമാധ്യമങ്ങൾ, നവമാധ്യമങ്ങൾ എന്നിവയിലൂടെ കുട്ടി പരിചയപ്പെടുന്ന ഭാഷ ലിംഗനീതിയിൽ അധിഷ്ഠിതമാണെന്ന് ഉറപ്പാക്കാൻ എങ്ങനെ കഴിയും തുടങ്ങിയ ചോദ്യങ്ങളാണ് രേഖയിൽ ഉൾപ്പെടുത്തിയത്.
ലിംഗ തുല്യത, ലിംഗനീതി എന്നിവ സംബന്ധിച്ച കേരളീയ സമൂഹത്തിന്റെ പൊതുബോധം വിമർശനമായി പരിശോധിക്കപ്പെടേണ്ടതുണ്ടെന്ന് രേഖയുടെ ആമുഖത്തിൽ പറയുന്നുണ്ട്. സ്കൂൾ പാഠപുസ്തകങ്ങൾ, പഠന ബോധനരീതികൾ, സ്കൂൾ കാമ്പസ്, കളിസ്ഥലം എന്നിവ ജെന്‍ഡർ ഓഡിറ്റിങ്ങിന് വിധേയമാക്കേണ്ടതുണ്ടെന്നും ഇതിനു സഹായകമായ രീതിശാസ്ത്രം എങ്ങനെ വികസിപ്പിക്കാൻ കഴിയുമെന്ന ചോദ്യവും രേഖയിൽ മുന്നോട്ടുവെക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.