കണ്ണൂരിലെ മുസ്ലീം കുടുംബങ്ങൾ പോലെ വിവാഹം കഴിഞ്ഞാൽ വരൻ വധുവിന്‍റെ വീട്ടിലേക്കു വരട്ടെ- പി.കെ ശ്രീമതി

കണ്ണൂർ: ആചാരങ്ങളില്‍ മാറ്റം വരണമെന്നും വിവാഹം കഴിഞ്ഞാൽ കണ്ണൂരിലെ മുസ്ലീം കുടുംബങ്ങളിലേതുപോലെ വരന്‍ വധുവിന്‍റെ വീട്ടിലേക്ക് വരട്ടെയെന്നും മുന്‍ മന്ത്രിയും സി.പി.എം സെക്രട്ടേറിയേറ്റ് അംഗവുമായ പി.കെ ശ്രീമതി. കേരളത്തിന്‍റെ മനസാക്ഷിയെ ഞെട്ടിച്ച വിസ്മയയുടെയും അർച്ചനയുടെയും മരണവുമായി ബന്ധപ്പെട്ടാണ് പി.കെ ശ്രീമതി ഈ അഭിപ്രായം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചത്.

വിവാഹം കഴിഞ്ഞാൽ വരൻ പെൺകുട്ടിയുടെ വീട്ടിൽ വന്നു താമസിക്കട്ടെ. പെൺകുട്ടിക്കു മാനസിക സംഘർഷവുമുണ്ടാകില്ല. പെൺകുട്ടിയുടെ ജീവനു സുരക്ഷിതത്വവുമുണ്ടാകും എന്ന് ശ്രീമതി അഭിപ്രായപ്പെട്ടു.

പി.കെ ശ്രീമതിയുടെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം:

ആചാരങ്ങളിൽ മാറ്റം വരണം. വിവാഹം കഴിഞ്ഞാൽ വരൻ വധുവിന്റെ വീട്ടിലേക്കു വരട്ടെ. ഞങ്ങളുടെ കണ്ണൂരിൽ മുസ്ലീം കുടുംബങ്ങളിലെ ആചാരം പോലെ .

കണ്ണിൽ ചോരയില്ലാത്തവർ. കാട്ടുമ്യഗങ്ങൾ‌ പോലും ലജ്ജിച്ച്‌ തല താഴ്ത്തും. പെൺകുട്ടികളെ പച്ചക്കു തിന്നുന്ന പിശാചുക്കളെ വെറുതെ വിടരുത്‌. ധനത്തിനോടും സ്വത്തിനോടുമുള്ള മനുഷ്യരുടെ അത്യാർത്തി തീർക്കാൻ തികച്ചും നിസ്സഹായരായ പെൺകുട്ടികളെ കുരുതി കൊടുക്കുന്ന കാടത്തം അവസാനിപ്പിച്ചേ തീരൂ. അപരിചിതമായ ഭർത്ത്യവീട്ടിൽ പൊന്നും പണവുമായി പെൺകുട്ടി എത്തി അവരോടൊപ്പം ജീവിതകാലം മുഴുവൻ ചിലവഴിക്കണം. അവൾ ജോലി ചെയ്യ്ത്‌ കിട്ടുന്ന വരുമാനവും അവിടെ തന്നെ ചിലവഴിക്കണം.

പെണ്മക്കളെ വളർത്തി പഠിപ്പിച്ച്‌ ഒരു ജോലിയുമായാൽ വിവാഹം. വിദ്യാഭ്യാസം കുറവാണെങ്കിലും മനസാക്ഷിക്കുത്തില്ലാതെ പെൺപണം ചോദിക്കുന്ന വരന്റെ മാതാപിതാക്കൾ. നിവ്യ്ത്തിയില്ലാതെ കടം വാങ്ങി ആയാലും സ്ത്രീധനവും കൊടുത്ത്‌ മകളുടെ നെഞ്ചുനിറയെ ആഭരണവും വാങ്ങിയിട്ട്‌ ദുരഭിമാനത്തോടെ ഞെളിഞ്ഞ്‌ നിൽക്കുന്ന വധുവിന്റ്‌ രക്ഷാകർത്താക്കൾ. ഒന്നോ രണ്ടോ പെണ്മക്കളുണ്ടെങ്കിൽ വിവാഹത്തോടെ വീടും കുടിയും നഷ്ടപ്പെടുന്നവർ കേരളത്തിൽ എത്രയായിരം പേർ? ഇങ്ങനെ ഭർത്ത്യ വീട്ടിൽ അയക്കപ്പെട്ട പല പെൺകുട്ടികൾക്കും നേരിടേണ്ടിവരുന്നതോ നിന്ദയും അതിക്രൂരമായ പീഡനവും. ആത്മഹത്യയിലേക്കും കൊലപാതകത്തിലേക്കും നീങ്ങുന്ന ഇത്തരം സംഭവങ്ങൾ വർദ്ധിക്കുന്നത്‌ നമുക്ക്‌ ചെറിയ അപമാനമല്ല ഉണ്ടാക്കി വെക്കുന്നത്‌. ന്യായം നോക്കിയാൽ വരന്റെ വീട്ടുകാർ വധുവിന്റെ മാതാപിതാക്കൾക്കു ആണു പണം കൊടുക്കേണ്ടത്‌.

ഇനി അതല്ലെങ്കിൽ വിവാഹം കഴിഞ്ഞാൽ വരൻ പെൺകുട്ടിയുടെ വീട്ടിൽ വന്നു താമസിക്കട്ടെ. പെൺകുട്ടിക്കു മാനസിക സംഘർഷവുമുണ്ടാകില്ല. പെൺകുട്ടിയുടെ ജീവനു സുരക്ഷിതത്വവുമുണ്ടാകും.

Tags:    
News Summary - Let the bridegroom come to the bride's house after marriage like the Muslim families in Kannur- PK Sreemathi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.