തിരുവനന്തപുരം: കരാർ കമ്പനിക്ക് നൽകാനുള്ള കുടിശിക 100 കോടി കവിഞ്ഞതോടെ സംസ്ഥാന സർക്കാറിന് അധിക ബാധ്യതയായി 108 ആംബുലൻസ് പദ്ധതി. സംസ്ഥാനത്ത് രോഗികളുടെ പരിചര ണത്തിനായി സർവീസ് നടത്തിയ വകയിലാണ് ഇത്രയും ബാധ്യത. ഇതോടെ നൂറുകണക്കിന് ജീവനക്കാരും പ്രതിസന്ധിയിലാണ്. സംസ്ഥാന ആരോഗ്യ വകുപ്പിന്‍റെയും നാഷനൽ ഹെൽത്ത് മിഷന്‍റെയും സാമ്പത്തിക സഹായത്തോടെ കേരള മെഡിക്കൽ സർവീസസ് കോർപറേഷൻ (കെ.എം.എസ്.സി.എൽ) ആണ് ഇതിന്‍റെ നടത്തിപ്പ് ചുമതല. കേന്ദ്ര സർക്കാറിന്‍റെ ഫണ്ട് വിഹിതം കിട്ടാത്തതാണ് ബാധ്യത വരാൻ കാരണമെന്നാണ് മെഡിക്കൽ സർവീസസ് കോർപറേഷൻ അധികൃതർ പറയുന്നത്. എന്നാൽ 40 ശതമാനം കേന്ദ്ര വിഹിതവും 60 ശതമാനം സംസ്ഥാന വിഹിതവുമാണ് പദ്ധതിക്കായി വിനിയോഗിക്കുന്നത്. അതേസമയം ഈ വലിയ സാമ്പത്തിക ബാധ്യത നിലനിൽക്കെ കരാർ കാലാവധി അഞ്ചുവർഷം പൂർത്തിയായതിന്‍റെ അടിസ്ഥാനത്തിൽ പുതിയ കരാർ നടപടികളിലേക്ക് മെഡിക്കൽ സർവീസസ് കോർപറേഷൻ കടന്നിരിക്കുകയാണ്.
2021ൽ 108 ആംബുലൻസ് പദ്ധതി അധിക സാമ്പത്തിക ചെലവ് ഉണ്ടാക്കുന്നു എന്നും സർക്കാർ ആംബുലൻസുകളും സമനാമാതൃകയിൽ ഉപയോഗിക്കണം എന്നും ധനവകുപ്പ് നിർദേശം നൽകിയിരുന്നു.
2019ൽ ആരംഭിച്ച ‘കനിവ് 108’ ആംബുലൻസ് പദ്ധതിയുടെ നടത്തിപ്പ് ഹൈദരാബാദ് ആസ്ഥാനമായ സ്വകാര്യ കമ്പനിക്കാണ് ലഭിച്ചത്. കഴിഞ്ഞ മെയ് മൂന്നിന് കരാർ കാലാവധി അവസാനിച്ചിരുന്നു. തുടർന്ന് മൂന്ന് മാസത്തേക്ക് നീട്ടി നൽകി. അതും ആഗസ്റ്റ് നാലിന് കഴിഞ്ഞു. ഈ കമ്പനിക്കാണ് 100 കോടിയിലേറെ രൂപ മെഡിക്കൽ സർവീസസ് കോർപറേഷൻ നൽകാനുള്ളത്. 317 ആംബുലൻസുകളാണ് നിലവിൽ പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്തുടനീളം സേവനം നടത്തുന്നത്. ഇതിൽ 316 എണ്ണം ബേസിക് ലൈഫ് സപ്പോർട്ട് ആംബുലൻസുകളും ഒരെണ്ണം അഡ്വാൻസ്ഡ് ലൈഫ് സപ്പോർട്ട് ആംബുലൻസുമാണ്. ഇതാണ് പ്രതിവർഷം അധിക സാമ്പത്തിക ബാധ്യത ഉണ്ടാക്കുന്നു എന്ന് ഇപ്പോൾ പറയുന്നത്. എന്നാൽ ഈ സാമ്പത്തിക ബാധ്യത മറികടക്കാൻ ആരോഗ്യവകുപ്പ്, എം.എൽ.എ, എം.പി ഫണ്ടുകളിൽ നിന്ന് വാങ്ങിയ ആംബുലൻസുകളും സമാന മാതൃകയിൽ ശൃംഖലയായി പ്രവർത്തിച്ചാൽ സാമ്പത്തിക ചെലവ് ഒഴിവാക്കാം എന്ന് ചൂണ്ടിക്കാട്ടപ്പെടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.