നെടുങ്കണ്ടം: പൊന്നാമലയിൽ പേനിന്‍റെ ആക്രമണം മൂലം ആരോഗ്യ വകുപ്പിന്‍റെ നിരീക്ഷണത്തിലായിരുന്ന കുടുംബങ്ങളെ ജില്ല മെഡിക്കൽ സംഘം സന്ദർശിച്ചു. പേനുകളുടെ സാന്നിധ്യം കാണപ്പെട്ട സ്ഥലങ്ങൾ സംഘം പരിശോധിക്കുകയും സാമ്പിൾ ശേഖരിക്കുകയും ചെയ്തു.
ഹാർഡ്ടിക് ഇനത്തിൽപെട്ട ഒരു തരം ജീവിയാണിതെന്നാണ് ആരോഗ്യ വകുപ്പിന്‍റെ നിഗമനം. വനമേഖലയോട് ചേർന്ന് കുരുമുളക് തോട്ടത്തിൽ ജോലി ചെയ്തവർക്കും അവരുടെ കുടുംബാംഗങ്ങൾക്കുമാണ് പേനിന്‍റെ കടിയേറ്റത്. സാധാരണയായി കാട്ടുപന്നിയിലും കുരങ്ങന്മാരിലും കണ്ടുവരുന്ന ഒരു തരം പേനുകളാണ് ഇവയെന്നും ഇത്തരം ജീവികളിൽ നിന്നാകാം മനുഷ്യരിലേക്ക് പകർന്നതെന്നുമാണ് വിലയിരുത്തൽ.
നിരീക്ഷണത്തിൽ കഴിഞ്ഞവർക്ക് മെഡിക്കൽ സംഘം പ്രതിരോധ മരുന്ന് വിതരണം ചെയ്തു. വ്യാപനശേഷി ഇല്ലാത്ത ഇത്തരം പേനുകളുടെ കാര്യത്തിൽ ആശങ്കപ്പെടേണ്ടതില്ലെന്ന് ഡെപ്യൂട്ടി ഡി.എം.ഒ ഡോ. പി.കെ. സുഷമ പറഞ്ഞു. കാലാവസ്ഥയിൽ പെട്ടെന്നുണ്ടായ മാറ്റമാണ് പേനുകൾ പെരുകാൻ കാരണമെന്നും പുൽത്തൈലം പോലുള്ളവ ഉപയോഗിച്ച് പരമ്പരാഗത രീതിയിൽ ഇവയെ നശിപ്പിക്കാമെന്നും അറിയിച്ചു.
നിലവിൽ ആർക്കും പനി വരാതെയിരിക്കാൻ മുൻകരുതലെടുത്തിട്ടുണ്ട്.ആറ് കുടുംബങ്ങളിലെ 40ലധികം പേർക്ക് ആക്രമണം നേരിട്ടെങ്കിലും ആർക്കും പനി ബാധിച്ചിട്ടില്ല. നെടുങ്കണ്ടം പഞ്ചായത്ത് ഒന്നാം വാർഡായ പൊന്നാമലയിൽ പേൻ ആക്രമണം ആരംഭിച്ചിട്ട് ഒരു മാസമായി.ടെക്നിക്കൽ അസിസ്റ്റന്‍റ് ടി.എം ഷാജി, ഹെൽത്ത് ഇൻസ്പെക്ടർ അമ്പാൻ, ജൂനിയർ ഹെൽത്ത് ഇൻസ്പ്പെക്ടർ സന്തോഷ്, ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സുമാരായ ബിൻസി, ബിന്ദു എന്നിവരും സംഘത്തിലുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.