തിരുവനന്തപുരം: ലൈഫ് മിഷൻ ക്രമക്കേടുമായി ബന്ധപ്പെട്ട കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിനെ പ്രതിചേർത്തതോടെ സർക്കാറിനെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ് വിജിലൻസ്. സർക്കാർ ഓഫിസുകൾക്കോ അതുമായി ബന്ധപ്പെട്ടവർക്കോ ക്രമക്കേടിൽ പങ്കില്ലെന്നും കരാറുകാർക്ക് മാത്രമാണ് പങ്കെന്നുമായിരുന്നു ഇതുവരെ സർക്കാർ ആവർത്തിച്ചിരുന്നത്. എന്നാൽ, സർക്കാർ ഏജൻസി തന്നെ ശിവശങ്കറിനെ പ്രതിചേർത്തതോടെ ആരോപണങ്ങളുടെ മുന സർക്കാറിന് നേരെയും നീങ്ങുകയാണ്. ശിവശങ്കറിനെ കൂടാതെ സ്വർണക്കടത്ത് കേസിലെ പ്രതികളായ സ്വപ്ന സുരേഷ്, സരിത്ത്, സന്ദീപ് നായർ എന്നിവരും വിജിലൻസ് കേസിൽ പ്രതികളാണ്.

ലൈഫ് മിഷൻ പദ്ധതിയുമായി ബന്ധപ്പെട്ട കമീഷൻ ഇടപാടുകളാണ് വിജിലൻസ് പ്രധാനമായും അന്വേഷിക്കുന്നത്. സർക്കാർ ഉദ്യോഗസ്ഥർ ക്രമക്കേടിൽ ഏത് വിധത്തിൽ പങ്കാളികളായിട്ടുണ്ട് എന്ന് പരിശോധിക്കുന്നുണ്ട്. ശിവശങ്കറിന്‍റെ ഇടപെടൽ സംബന്ധിച്ച് യു.വി ജോസിന്‍റെയും ലൈഫ് മിഷനിലെ എൻജിനീയറുടെയും മൊഴിയും ലഭിച്ചിരുന്നു.

ലൈഫ്മിഷന്‍ പദ്ധതി ക്രമക്കേട് കേസില്‍ വ്യക്തികളെ നേരത്തെ പ്രതിചേര്‍ത്തിരുന്നില്ല. യൂണിടാക്, ലൈഫ്മിഷന്‍, പേര് ചേര്‍ക്കാത്ത സര്‍ക്കാര്‍ ജീവനക്കാര്‍ എന്നിങ്ങനെയായിരുന്നു നേരത്തെ എഫ്.ഐ.ആറിലുണ്ടായിരുന്നത്.

സ്വർണക്കടത്തുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ശിവശങ്കറിനെ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തത് സർക്കാറിന് തലവേദനയായിരുന്നു. ലൈഫ് മിഷൻ അഴിമതിയുമായി ബന്ധപ്പെട്ട വിജിലൻസ് കേസിലും പ്രതി ചേർത്തതോടെ കൂടുതൽ പ്രതിസന്ധിയിലാണ്. 

അതേസമയം, ആരെയും സംരക്ഷിക്കില്ലെന്നും വിജിലൻസ് അന്വേഷണം നേരായ വഴിയിലെന്ന് ചൂണ്ടിക്കാട്ടിയും സി.ബി.ഐ അന്വേഷണത്തെ എതിർക്കാനാണ് സർക്കാർ നീക്കം.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.