അമ്പലപ്പുഴ: പ്രതീക്ഷയോടെ കാത്തിരുന്ന പുന്നപ്ര പറവൂരിലെ ലൈഫ് മിഷൻ ഫ്ലാറ്റ് സമുച്ചയനിർമാണം നിലച്ചിട്ട് മാസങ്ങൾ. ഇതോടെ ഭവനരഹിതകുടുംബങ്ങൾ നിരാശയിലായി. 10 മാസത്തിനുള്ളിൽ പൂർത്തിയാക്കുമെന്ന പ്രഖ്യാപനത്തോടെ 2020 മാർച്ച് എട്ടിനാണ് മുഖ്യമന്ത്രി പിണറായി വിജയൻ പദ്ധതിക്ക് ശിലയിട്ടത്.
ആറുമാസത്തിനകം പൂർത്തിയാക്കുമെന്ന് കഴിഞ്ഞവർഷം ജനുവരിയിൽ ലൈഫ്മിഷൻ ജില്ല കോഓഡിനേറ്ററും പ്രഖ്യാപിച്ചിരുന്നു. പണിമുടങ്ങിയതോടെ പദ്ധതിപ്രദേശം കാടുകയറിയ നിലയിലാണിപ്പോൾ. കമ്പികളടക്കം നിർമാണസാമഗ്രികൾ മഴയും വെയിലുമേറ്റ് നശിക്കുന്നു.
കയറിക്കിടക്കാൻ ഇടമില്ലാത്ത 156 കുടുംബങ്ങൾക്കായാണ് പുന്നപ്ര വടക്ക് പഞ്ചായത്തിലെ വാട്ടർവർക്സിന് സമീപത്തെ 2.15 ഏക്കറിൽ ലൈഫ് ഭവനപദ്ധതിയിൽ ഫ്ലാറ്റ് നിർമാണം ആരംഭിച്ചത്. പ്രീഫാബ്രിക്കേഷൻ നിർമാണമായിരുന്നു. രണ്ട് ഫ്ലാറ്റുകളിൽ ആദ്യത്തേതിന്റെ പൈലിങ് പൂർത്തിയാക്കി സാമഗ്രികൾ ഇറക്കിയെങ്കിലും പലതവണ പണിമുടങ്ങി.
35 കോടി ചെലവിൽ ഏഴുനിലകളിൽ 78 വീതം ഫ്ലാറ്റ് യൂനിറ്റുകളുള്ള രണ്ട് ഭവനസമുച്ചയങ്ങളാണ് പദ്ധതിയിട്ടത്. ഓരോ കുടുംബത്തിനും 22 ലക്ഷം രൂപയോളം ചെലവിട്ടാണ് ഫ്ലാറ്റ് യൂനിറ്റ്. 5000 ചതുരശ്രയടി വീതം വിസ്താരത്തിൽ രണ്ട് ബ്ലോക്കിലായി ആകെ 10,000 ചതുരശ്രയടി വിസ്തീർണത്തോടെ ഫ്ലാറ്റുകളാണ് ലക്ഷ്യമിട്ടത്.
തൃശൂർ ജില്ല ലേബർ കോൺട്രാക്ട് സൊസൈറ്റിയാണ് പ്രോജക്ട് മാനേജ്‌മെന്റ് കൺസൾട്ടൻസി. പെന്നാർ ഇൻഡസ്ട്രീസ് ലിമിറ്റഡ് ഹൈദരാബാദ് എന്ന സ്ഥാപനമാണ് കരാറെടുത്തത്. കേന്ദ്രസർക്കാർ സ്ഥാപനമായ ഹിന്ദുസ്ഥാൻ പ്രീഫാബ് ലിമിറ്റഡിനാണ് ഗുണനിലവാര പരിശോധനയുടെ മേൽനോട്ടച്ചുമതല. ലൈഫ്മിഷൻ നേരിട്ട് നിർമിക്കുന്ന 10 പൈലറ്റ് ഭവനസമുച്ചയങ്ങളിൽ ഏറ്റവും വലുതും ഇതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.