തൃശൂർ: ലൈഫ് ഭവന നിർമാണ പദ്ധതിക്കെതിരെ വിവാദങ്ങളിലൂടെ പുകമറ സൃഷ്ടിക്കാൻ ശ്രമിക്കുന്നവർ കിടപ്പാടമെന്ന സ്വപ്നവുമായി കാത്തിരിക്കുന്ന ആയിരങ്ങളുടെ പ്രതീക്ഷയാണ് ഇല്ലാതാക്കുന്നതെന്ന് മന്ത്രി എ.സി. മൊയ്തീൻ. വടക്കാഞ്ചേരിയിൽ ലൈഫ് മിഷൻ പദ്ധതിയുടെ ഭാഗമായി യു.എ.ഇ റെഡ്ക്രസൻറ് സൊസൈറ്റി നിർമിക്കുന്ന ഫ്ലാറ്റ് സമുച്ചയ നിർമാണത്തിനെതിരെ അനിൽ അക്കര എം.എൽ.എ ഉയർത്തിയ ആരോപണത്തിന് സമൂഹമാധ്യമത്തിലാണ് മന്ത്രിയുടെ മറുപടി.
ഭവനരഹിതരും ഭൂരഹിതരുമായവർക്ക് സ്ഥലം വാങ്ങി വീടുവെക്കാനാണ് മൂന്നാം ഘട്ടത്തിൽ ലക്ഷ്യംവെക്കുന്നത്. ഇതിെൻറ ഭാഗമായാണ് വടക്കാഞ്ചേരിയിൽ 140 ഭവനങ്ങളുടെ നിർമാണം തുടങ്ങിയത്. യു.എ.ഇ റെഡ്ക്രസൻറ് സൊസൈറ്റിയാണ് നിർമാണം സ്പോൺസർ ചെയ്തിരിക്കുന്നത്.
സർക്കാർ ലഭ്യമാക്കിയ സ്ഥലത്ത് നിർമാണവും അനുബന്ധ സൗകര്യങ്ങളും ഒരുക്കുന്നത് സൊസൈറ്റി നേരിട്ടാണ്. വ്യക്തമായ കരാറുകളുടെ അടിസ്ഥാനത്തിലാണ് നിർമാണം. ഒരു രൂപയുടെ പോലും പണമിടപാട് സൊസൈറ്റിയും സംസ്ഥാന സർക്കാരും തമ്മിലില്ല. ഇതേ രീതിയിൽ മറ്റ് ഏജൻസികളും നേരിട്ട് ഭവന നിർമാണം നടത്തുന്നുണ്ട്. വസ്തുതകൾ പകൽ പോലെ വ്യക്തമായിട്ടും ആരോപണങ്ങളുടെ പുകമറ സൃഷ്ടിച്ച് ഭവനസമുച്ചയ നിർമാണം അട്ടിമറിക്കാൻ ശ്രമിക്കുന്നത് നിർഭാഗ്യകരമാണെന്നും മന്ത്രി കുറിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.