പെരിന്തൽമണ്ണ: ലൈഫ് ഭവന പദ്ധതിയിൽ അപേക്ഷിച്ചവർ സമർപ്പിച്ച വിവരങ്ങളുടെ സൂക്ഷ്മ പരിശോധനക്ക് തുടക്കം. വി.ഇ.ഒമാരാണിത് പൂർത്തിയാക്കേണ്ടതെങ്കിലും അപേക്ഷകരുടെ ആധിക്യത്താൽ പഞ്ചായത്തിലെ കൃഷി അസിസ്റ്റൻറ്, ഐ.സി.ഡി.എസ് സൂപ്പർവൈസർ, അസിസ്റ്റൻറ് സെക്രട്ടറി എന്നിവരെ കൂടി ഉൾപ്പെടുത്താനാണ് നിർദേശം. ജനപ്രതിനിധികളുടെ സാന്നിധ്യമില്ലാതെ നവംബർ 31നകം പരിശോധന പൂർത്തിയാക്കി അപേക്ഷകരുടെ വിവരങ്ങൾ ജിയോ ടാഗ് ചെയ്യണം. അപേക്ഷകർ താമസിക്കുന്ന സ്ഥലം, വീടുവെക്കുന്ന ഭൂമി എന്നിവ നേരിൽ കണ്ട് വിവരങ്ങൾ ശരിയാണെന്ന് ഉറപ്പാക്കണം. 600 മുതൽ 1000 അപേക്ഷകർ വരെ മിക്ക പഞ്ചായത്തിലുമുണ്ട്. വീട് വാസയോഗ്യമാക്കൽ, പൂർത്തിയാകാത്തവ പൂർത്തിയാക്കൽ, ഭൂമിയുള്ളവർക്ക് വീട് നൽകൽ, ഭൂരഹിത -ഭവനരഹിതർക്ക് സ്ഥലവും വീടും നൽകൽ എന്നിവയിലാണ് അപേക്ഷകൾ ലഭിച്ചത്. ഇവയിൽ കൂടുതൽ അപേക്ഷകൾ അവസാന രണ്ട് വിഭാഗത്തിലാണ്.
2017ൽ ആദ്യം അപേക്ഷ ക്ഷണിച്ചപ്പോൾ റേഷൻ കാർഡില്ലാത്തവരുടെ അപേക്ഷ തള്ളി പട്ടിക പരമാവധി ചുരുക്കി. അപേക്ഷിച്ചവരിൽ 10 മുതൽ 20 ശതമാനത്തിൽ താഴെ കുടുംബങ്ങൾക്കാണ് വീട് ലഭിച്ചത്. കഴിഞ്ഞവർഷം രണ്ട് ഘട്ടമായി പുതുതായി അപേക്ഷ ക്ഷണിച്ചപ്പോൾ ഇതേ കുടുംബങ്ങൾ തന്നെയാണ് വീണ്ടും അപേക്ഷിച്ചത്. നാമമാത്രമായവർ മാത്രമാണ് പുതിയത്. 2020 ഫെബ്രുവരിയിലോ മുമ്പോ സ്വന്തമായി റേഷൻ കാർഡ് ലഭിച്ചിട്ടുണ്ടെങ്കിൽ അപേക്ഷിക്കാമെന്നാണ് നിർദേശിച്ചിരുന്നത്.
2016ൽ മുൻ സർക്കാർ ചുമതലയേറ്റ ശേഷം ആരംഭിച്ച ലൈഫ് പദ്ധതിയിൽ മുഴുവൻ ഭവന പദ്ധതികളെയും ചേർത്താണ് സമ്പൂർണ പാർപ്പിട സുരക്ഷ പദ്ധതിയാക്കിയത്. അതിന് മുമ്പ് ത്രിതല പഞ്ചായത്ത് വിഹിതവും പി.എം.എ.വൈ ഫണ്ടുമടക്കം ചേർത്ത് അനുവദിച്ചിരുന്ന വീടുകളുടെ പകുതി പോലും നൽകാനായിട്ടില്ലെന്നതിനാൽ ഇപ്പോഴും വലിയൊരു വിഭാഗം വീട് കാത്തിരിക്കുകയാണ്. 2001-22 ൽ 1.5 ലക്ഷം വീടുകൾ പൂർത്തിയാക്കാനാണ് സർക്കാർ ലക്ഷ്യം. 10.35.41 കോടി രൂപ ഇതിനായി വകയിരുത്തിയിട്ടുണ്ട്. നാല് ലക്ഷം നൽകുന്നതിൽ 80,000 രൂപ തദ്ദേശ സ്ഥാപനവും ഒരു ലക്ഷം സർക്കാർ വിഹിതവും 2.2 ലക്ഷം ഹഡ്കോ മുഖേന വായ്പ വിഹിതവുമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.