മദ്യനയം: 2016-ലെ പിണറായിയുടെ ഫേസ്ബുക്ക് പോസ്റ്റ് കുത്തിപ്പൊക്കി വി.ഡി. സതീശൻ; ‘അന്ന് പറഞ്ഞ കാര്യങ്ങൾ ഒന്നുകൂടി ഓർമ്മിപ്പിക്കുന്നുവെന്ന്...’

തിരുവനന്തപുരം: സംസ്ഥാന സർക്കാറിന്റെ മദ്യനയം വിവാദമായ സാഹചര്യത്തിൽ 2016-ലെ പിണറായി വിജയന്‍ ഫേസ്ബുക്ക് പോസ്റ്റ് കുത്തിപ്പൊക്കി ചർച്ചയാക്കുകയാണ് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. അന്ന് പറഞ്ഞ കാര്യങ്ങളുടെ പ്രസക്ത ഭാഗങ്ങൾ മുഖ്യമന്ത്രിയെ ഒന്നുകൂടി ഓർമ്മിപ്പിക്കുന്നുവെന്ന് കുറിച്ചുകൊണ്ടാണ് പഴയ ​പോസ്റ്റിലെ പ്രസക്ത ഭാഗങ്ങൾ വി.ഡി. സതീശൻ ഫേസ് ബുക്കിൽ ​പോസ്റ്റ് ചെയ്യുന്നത്.

പ്രതിപക്ഷ നേതാവിൻ്റെ ഫേസ്ബുക്ക് പോസ്റ്റ്

2016 ൽ പിണറായി വിജയന്‍ ഫേസ്ബുക്കില്‍ പറഞ്ഞ കാര്യങ്ങളുടെ പ്രസക്ത ഭാഗങ്ങൾ മുഖ്യമന്ത്രിയെ ഒന്നുകൂടി ഓർമ്മിപ്പിക്കുന്നു .

"കൂടുതല്‍ ഹോട്ടലുകള്‍ക്ക് ബാര്‍ ലൈസന്‍സ് നല്‍കിയ തീരുമാനം മദ്യ നിരോധനം സാധ്യമാക്കാനുള്ളതാണോ എന്ന് ഉമ്മന്‍ചാണ്ടി വ്യക്തമാക്കണം. ഇങ്ങനെ കൂടുതല്‍ കൂടുതല്‍ മദ്യ ശാലകള്‍ അനുവദിച്ചു കൊണ്ടാണോ 'ഘട്ടം ഘട്ടമായി ' മദ്യ നിരോധനം നടപ്പാക്കുന്നത്? യു.ഡി.എഫിന്റെ മദ്യ നയം തട്ടിപ്പാണ്. അത് വോട്ടു നേടാനുള്ള വിലകുറഞ്ഞ തന്ത്രം മാത്രമാണ്. ബാര്‍ കോഴയില്‍ കുടുങ്ങി ഒരു മന്ത്രിക്കു രാജിവെക്കേണ്ടി വന്ന കാപട്യമാണ്, മദ്യ നയം എന്ന പേരില്‍ യു ഡി എഫ് അവതരിപ്പിക്കുന്നത്. മദ്യം എന്ന വിപത്തിനെ ചെറുക്കാനും ജനങ്ങളെ മദ്യത്തിന്റെ പിടിയില്‍ നിന്ന് മോചിപ്പിക്കാനും ഉള്ള നിശ്ചയ ദാര്‍ഡ്യം ഇടതുപക്ഷത്തിനാണ് ഉള്ളത്. "

............ ഇപ്പോൾ എല്ലാം ശരിയാകുന്നുണ്ട്. ബാർ കോഴയിൽ ജുഡീഷ്യൽ അന്വേഷണം നടത്തണമെന്ന് യു.ഡി.എഫ് ആവശ്യപ്പെടുന്നു. എക്സൈസ് മന്ത്രി എം.ബി രാജേഷ് മാത്രമല്ല ടൂറിസം മന്ത്രി മുഹമ്മദ് റിയാസും സംശയനിഴലിലാണ്.

ബാർ കോഴ: യു.ഡി.എഫ് പ്രക്ഷോഭത്തിന്​

തിരുവനന്തപുരം: ബാർ കോ​ഴ ആരോപണത്തിൽ പിണറായി സർക്കാറിനെതിരെ യു.ഡി.എഫ്​ പ്രക്ഷോഭത്തിലേക്ക്​. കന്റോൺമെന്റ് ഹൗസിൽ ചേർന്ന യു.ഡി.എഫ് ഏകോപനസമിതി യോ​ഗത്തിലാണ് തീരുമാനം. ആദ്യപടിയായി ഘടകകക്ഷികൾ അവരുടേതായ രീതിയിൽ പ്രക്ഷോഭം സംഘടിപ്പിക്കും. ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ട്​ നിയമസഭയ്ക്കകത്തും പുറത്തും ശക്തമായി വിഷയം ഉന്നയിക്കും.

പ്രവാസിക്ഷേമം എന്ന വ്യാജേന കോടിക്കണക്കിന് രൂപ ധൂർത്തടിക്കുന്ന ലോക കേരള സഭയിൽ യു.ഡി.എഫ് നേതാക്കൾ പങ്കെടുക്കില്ലെന്നും മുന്നണി കൺവീനർ എം.എം. ഹസൻ വ്യക്തമാക്കി. അതേസമയം, പ്രവാസികൾക്ക് അവരുടെ പ്രശ്നങ്ങൾ അവതരിപ്പിക്കാനുള്ള വേദിയെന്ന നിലയിൽ യു.ഡി.എഫിന്റെ പ്രവാസി സംഘടന പ്രതിനിധികൾക്ക് ലോക കേരള സഭയിൽ പങ്കെടുക്കാം.

സ്പീക്കർ അധ്യക്ഷനായി നിയമസഭയുടെ മാതൃകയിൽ ലോക കേരള സഭ നടത്തുന്നുവെന്ന ആശയത്തിനോട് യു.ഡി.എഫിന് വിയോജിപ്പുണ്ട്. പ്രതിനിധികൾ ബില്ല് അവതരിപ്പിക്കുന്നതും മുഖ്യമന്ത്രി അം​ഗീകരിക്കുന്നതുമൊക്കെ അനുചിതമാണ്. നിയമസഭയുടെ ശങ്കരൻ തമ്പി ഹാളിൽ പരിപാടി നടക്കുന്നുവെന്നതല്ലാതെ നിയമസഭയുമായി ഈ പരിപാടിക്ക് ഒരു ബന്ധവുമില്ല. കഴിഞ്ഞ ലോക കേരള സഭകളുടെ റിപ്പോർട്ട് പുറത്തുവിടാൻ സർക്കാർ തയാറാണോയെന്നും ഹസൻ ചോദിച്ചു

Tags:    
News Summary - liquor policy: Pinarayi's Facebook post of 2016

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.