20 ‘ക്രിമിനൽ’ പൊലീസുകാരുടെ പട്ടികയായി; കടുത്ത നടപടി

തിരുവനന്തപുരം: ഗുരുതര കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ട 20 പൊലീസ് ഉദ്യോഗസ്ഥരുടെ പട്ടിക തയാറായി. ഇവർക്കെതിരെ കടുത്ത നടപടി സ്വീകരിക്കും. ബലാത്സംഗം, പോക്‌സോ, മോഷണം, കൈക്കൂലി തുടങ്ങിയ കേസുകളിലുൾപ്പെട്ട ഉദ്യോഗസ്ഥരുടെ പട്ടികയാണ് പൊലീസ്‌ ആസ്ഥാനത്ത്‌ തയാറായത്‌.

പൊലീസ്‌ മേധാവി അനിൽകാന്തിന്‍റെ നിർദേശപ്രകാരം തയാറാക്കിയ പട്ടികയിലുള്ളവരുടെ വിശദാംശങ്ങൾ പരിശോധിച്ചുവരികയാണ്‌. എസ്‌.ഐമുതൽ ഡിവൈ.എസ്‌.പി റാങ്ക് വരെയുള്ളവരുടെ പട്ടികയാണ്‌ തയാറാക്കിയത്‌. ഓരോരുത്തർക്കായി കാരണം കാണിക്കൽ നോട്ടീസയച്ച്‌ വിശദീകരണം കേട്ടശേഷം നടപടിയെടുക്കും.

ഇതിന് മുന്നോടിയായാണ് കഴിഞ്ഞദിവസം സി.ഐ പി.ആർ. സുനുവിനെ പിരിച്ചുവിട്ട് ഉത്തരവ് പുറപ്പെടുവിച്ചത്.

സിവിൽ പൊലീസ്‌ വിഭാഗത്തിലെ ക്രിമിനലുകൾക്കെതിരെ ജില്ല പൊലീസ് മേധാവിമാർക്കും എസ്‌.ഐമാർക്കെതിരെ ഡി.ഐ.ജിക്കും സി.ഐമാർക്കെതിരെ ഐ.ജിക്കും എ.ഡി.ജി.പിമാർക്കും ഡിവൈ.എസ്‌.പിമാർക്കുമെതിരെ സർക്കാറിനും പിരിച്ചുവിടൽ നടപടി സ്വീകരിക്കാമെന്ന്‌ പൊലീസ്‌ നിയമത്തിലെ 86ാം വകുപ്പ്‌ ശിപാർശ ചെയ്യുന്നുണ്ട്‌.

ഇത്‌ അടിസ്ഥാനപ്പെടുത്തിയുള്ള നടപടിയാണ് ഉദ്ദേശിക്കുന്നത്. ഈ വകുപ്പ് ഉപയോഗിച്ച് ചരിത്രത്തിൽ ആദ്യമായാണ് പിരിച്ചുവിടൽ ആരംഭിച്ചത്.

ഉയർന്ന തസ്തികകളിലുള്ള ഉദ്യോഗസ്ഥർക്കെതിരെയാകും ആദ്യം നടപടി. പിന്നാലെ താഴെത്തട്ടിലേക്ക്‌ നീങ്ങും.

Tags:    
News Summary - List of 20 'Criminal' Policemen; A drastic measure

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.