കോഴിക്കോട്: ലോക് താന്ത്രിക് ജനതാദൾ (എൽ.ജെ.ഡി) രാഷ്ട്രീയ ജനതാദളിൽ (ആർ.ജെ.ഡി) ലയിച്ചു. ബിഹാർ ഉപമുഖ്യമന്ത്രി തേജസ്വി യാദവ് ലയനസമ്മേളനം ഉദ്ഘാടനം ചെയ്തു. ലയനം സാമൂഹികനീതിക്കായുള്ള പോരാട്ടത്തിന് കരുത്തുപകരുമെന്നും എൽ.ജെ.ഡി ലയിച്ച കേരളത്തിലെ ആർ.ജെ.ഡിയുടെ മുഴുവൻ സമിതികളും പുനഃസംഘടിപ്പിക്കാൻ പാർട്ടി അധ്യക്ഷൻ ലാലു പ്രസാദ് യാദവ് നിർദേശം നൽകിയതായും അദ്ദേഹം യോഗത്തിൽ പ്രഖ്യാപിച്ചു.
ബിഹാറിൽ ജാതി സെൻസസ് നടത്താനുള്ള തീരുമാനം ബി.ജെ.പിയെ വിറളിപിടിപ്പിച്ചിട്ടുണ്ട്. വനിത സംവരണ ബിൽ കൊണ്ടുവന്നെങ്കിലും അതിനോട് ബി.ജെ.പിക്ക് ആത്മാർഥതയില്ലെന്ന് നടപടികളിൽ വരുത്തുന്ന കാലതാമസവും മറ്റും കാണിക്കുന്നു. വനിത സംവരണത്തെ സ്വാഗതംചെയ്യുന്നു.
എന്നാൽ, സംവരണത്തിനകത്ത് സംവരണം വേണം. ഇവർ കൊണ്ടുവന്ന സംവരണത്തിനകത്ത് പട്ടികജാതി, വിഭാഗത്തിനും പിന്നാക്ക വനിതകൾക്കും സംവരണമില്ല. ഇൻഡ്യ അധികാരത്തിൽ വന്നാൽ എല്ലാ കുറവും പരിഹരിച്ച് സംവരണ നിയമം നടപ്പാക്കും. ജയപ്രകാശ് നാരായണിന്റെയും ഗാന്ധിജിയുടെയും ജന്മദിനങ്ങളോടനുബന്ധിച്ച് ബിഹാറിൽ ജാതിസർവേ തുടങ്ങിയത് ഇന്ത്യൻ രാഷ്ട്രീയത്തെ കീഴ് മേൽ മറിച്ചിരിക്കയാണ്. ദലിത്, പിന്നാക്ക വിഭാഗങ്ങൾ മുഖ്യസ്ഥാനത്തേക്ക് വരുകയാണ്. സോഷ്യലിസ്റ്റുകളുടെ യോജിപ്പ് അതിന് ശക്തി നൽകും. സോഷ്യലിസം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി വലതുപക്ഷ യാഥാസ്ഥിതികരിൽനിന്നാണ്. ഇത് മറികടക്കാൻ യോജിപ്പ് സഹായമാവും. ഫാഷിസത്തിന് കീഴടങ്ങുക, അല്ലെങ്കിൽ അതിനെ ചെറുത്തുതോൽപിക്കുക എന്നീ രണ്ടു പോംവഴികൾ മാത്രമുള്ളപ്പോൾ മരിച്ചാലും ജീവിച്ചാലും ഫാഷിസത്തിനെതിരെ ശക്തമായ പ്രതിരോധം ഉയർത്തും.
ലാലു പ്രസാദ് യാദവ് കേരളത്തിൽ ഉടൻ പ്രവർത്തകരെ കാണാനെത്തുമെന്നും തേജ്വസി യാദവ് അറിയിച്ചു. എൽ.ജെ.ഡി പ്രസിഡന്റ് എം.വി. ശ്രേയാംസ് കുമാറിന് തേജസ്വി യാദവ് പാർട്ടി അംഗത്വം കൈമാറി. എൽ.ജെ.ഡി ദേശീയ ജനറൽ സെക്രട്ടറി വർഗീസ് ജോർജ് ലയനപ്രമേയം അവതരിപ്പിച്ചു. മനോജ് കുമാർ ഝാ എം.പി, അബ്ദുൽബാരി സിദ്ദീഖി, മുൻ മന്ത്രി കെ.പി. മോഹനൻ തുടങ്ങിയവരും സംസാരിച്ചു. വി. കുഞ്ഞാലി സ്വാഗതം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.