വായ്പ തട്ടിപ്പ്: മുസ്ലിംലീഗ് നേതാവടക്കം ഏഴു പേർക്കെതിരെ വിജിലൻസ് കേസ്

മലപ്പുറം: ജില്ല സഹകരണ ബാങ്ക്‌ (കേരള ബാങ്ക്) എടക്കര ശാഖയിൽനിന്ന് ബിനാമി പേരുകളിൽ കോടികളുടെ വായ്‌പയെടുത്ത്‌ തിരിച്ചടക്കാതെ ബാങ്കിന് വൻ സാമ്പത്തികനഷ്ടമുണ്ടാക്കിയ പരാതിയിൽ മുസ്ലിംലീഗ് നേതാവ് ഇസ്മായിൽ മൂത്തേടത്തിനും മറ്റ് ആറുപേർക്കുമെതിരെ മലപ്പുറം വിജിലൻസ്‌ ആൻഡ് ആന്‍റി കറപ്ഷൻ ബ്യൂറോ കേസെടുത്തു. മുസ്ലിംലീഗ് ജില്ല വൈസ് പ്രസിഡന്‍റും ജില്ല പഞ്ചായത്ത്‌ വൈസ്‌ പ്രസിഡന്‍റുമായ ഇസ്‌മായിൽ മൂത്തേടം, കേരള ബാങ്ക് എടക്കര ശാഖ മാനേജർ ജെ. തോമസ് കുട്ടി, മലപ്പുറം ജില്ല സഹകരണ ബാങ്ക് റിട്ട. ഡെപ്യൂട്ടി ജനറൽ മാനേജർ മുസ്തഫ കമാൽ അഫ്സൽ, ജില്ല സഹകരണ ബാങ്ക് മുൻ ജനറൽ മാനേജർ പി.എം. ഫിറോസ്ഖാൻ, ഇസ്‌മായിൽ മൂത്തേടത്തിന്‍റെ മകൻ ആസിഫ് അലി, ഇസ്മായിൽ മൂത്തേടത്തിന്‍റെ ഭാര്യ വല്ലഞ്ചിറ റംലത്ത്, മൂത്തേടം കുറ്റിക്കാട് ഉൽപ്പിലാപ്പറ്റ കുഞ്ഞിമുഹമ്മദ് എന്നിവരാണ് കേസിലെ ഒന്നു മുതൽ ഏഴുവരെ പ്രതികൾ.

2013-17 കാലയളവിൽ മലപ്പുറം ജില്ല സഹകരണ ബാങ്ക്‌ ഡയറക്ടറായിരുന്ന ഇസ്മായിൽ മൂത്തേടം, ഉദ്യോഗസ്ഥരുമായി ഗൂഢാലോചന നടത്തി ഭാര്യയുടെയും മകന്റെയുമടക്കം ബിനാമി പേരുകളിൽ 1.36 കോടി രൂപ വായ്‌പയെടുത്തെന്നാണ് കേസ്. ഒരു വായ്‌പ മാത്രമാണ്‌ തിരിച്ചടച്ചത്‌. 2023 സെപ്റ്റംബർ 26 വരെ മുതലും പലിശയുമടക്കം 2.5 കോടിയിലേറെ രൂപ കുടിശ്ശികയുണ്ട്. ഭൂമിയുടെ മൂല്യം തെറ്റായി കാണിച്ച് വേണ്ടത്ര ഈടില്ലാതെയാണ്‌ വായ്‌പയെടുത്തത്‌. തിരിച്ചടവില്ലാത്തതിനാൽ ജപ്‌തി നടപടി തുടങ്ങിയെങ്കിലും മതിപ്പുവിലയില്ലാത്തതിനാൽ വായ്‌പത്തുകപോലും തിരിച്ചുപിടിക്കാനായില്ല.

ഒന്നാംപ്രതിയുടെ ഭരണസ്വാധീനത്തിന് വഴങ്ങി, കേസിലെ രണ്ടു മുതൽ നാലു വരെ പ്രതികളായ ബാങ്ക് ഉദ്യോഗസ്ഥർ നിയമവിരുദ്ധമായി കരാറുകാർക്കും പ്രഫഷനലുകൾക്കും നൽകേണ്ട ഓവർ ഡ്രാഫ്റ്റ് ഇനത്തിലെ വായ്പത്തുക ബിനാമികളുടെ പേരിൽ അനുവദിച്ചെന്ന് എഫ്.ഐ.ആറിൽ പറയുന്നു. അഞ്ചു മുതൽ ഏഴുവരെ പ്രതികൾ സ്വകാര്യ കരാറുകാരാണ് എന്ന് വരുത്തിത്തീർക്കാൻ വ്യാജമായി കരാർപത്രം തയാറാക്കി ബാങ്കിൽ സമർപ്പിച്ചതായും എഫ്.ഐ.ആറിലുണ്ട്. വിജിലൻസിന്‍റെ പ്രാഥമിക പരിശോധനയിൽ, യഥാർഥ രേഖകളിൽ പലതും കണ്ടെത്താനായില്ല. പകർപ്പ് മാത്രമാണ്‌ ലഭിച്ചത്‌. സർക്കാർ അനുമതിപ്രകാരം അഴിമതി നിരോധന നിയമത്തിലെ വിവിധ വകുപ്പുകൾ ചേർത്ത് തയാറാക്കിയ എഫ്.ഐ.ആർ കോഴിക്കോട് വിജിലൻസ് കോടതിയിൽ സമർപ്പിച്ചു. മലപ്പുറം വിജിലൻസ് ഇന്‍സ്പെക്ടര്‍ പി. ജ്യോതികുമാറിനാണ്‌ അന്വേഷണ ചുമതല.

Tags:    
News Summary - Loan fraud: Vigilance case against seven people including Muslim League leader

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.