തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന് മുന്നോടിയായി പോളിങ് സ്റ്റേഷനുകളിൽ ആവശ്യമായ പുനഃക്രമീകരണത്തിന് നടപടി ആരംഭിച്ചതായി സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷണർ വി. ഭാസ്കരൻ അറിയിച്ചു. ത്രിതല പഞ്ചായത്തുകൾക്കായി 29,210ഉം മുനിസിപ്പാലിറ്റി, കോർപറേഷനുകൾ എന്നിവക്കായി 5,213ഉം പോളിങ് സ്റ്റേഷനുകളുമാണുള്ളത്. തദ്ദേശ സ്ഥാപനങ്ങളിലെ സെക്രട്ടറിമാർ നിലവിലെ പോളിങ് സ്റ്റേഷനുകൾ സന്ദർശിച്ച് സ്ഥലസൗകര്യം, വോട്ടർമാർക്ക് എത്തിച്ചേരാനുള്ള സൗകര്യം തുടങ്ങിയവ പരിശോധിക്കും.
കുടിവെള്ളം, വൈദ്യുതി, ഫർണിചർ, ശുചിമുറി തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങളുടെ ലഭ്യതയും പരിശോധിക്കാൻ നിർദേശം നൽകിയിട്ടുണ്ട്. പരിശോധന റിപ്പോർട്ട് ജൂൺ 29ന് മുമ്പ് ജില്ല തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്ക് ലഭ്യമാക്കും. പുതിയ പോളിങ് സ്റ്റേഷനുകൾ സ്ഥാപിക്കുകയോ നിലവിലെ പോളിങ് സ്റ്റേഷനുകൾ മാറ്റുകയോ ചെയ്യുന്ന സാഹചര്യത്തിൽ ജില്ല തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥൻ ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെ യോഗം വിളിച്ചുചേർത്ത് അഭിപ്രായം ആരായണം.
പഞ്ചായത്തുകളിലെ പോളിങ് സ്റ്റേഷനുകളിൽ പരാമാവധി 1200 വോട്ടർമാരെയും മുനിസിപ്പാലിറ്റികളിലെ പോളിങ് സ്റ്റേഷനുകളിൽ 1500 വോട്ടർമാരെയും ഉൾപ്പെടുത്തിയാണ് പുനഃക്രമീകരണം വരുത്തുക. നിലവിലെ ഏതെങ്കിലും പോളിങ് സ്റ്റേഷൻ ഉപയോഗിക്കാനാവാത്ത സാഹചര്യത്തിൽ 500 മീറ്റർ ചുറ്റളവിൽ പുതിയ കേന്ദ്രം കണ്ടെത്തും. ജില്ല തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ സമർപ്പിക്കുന്ന റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ പോളിങ് സ്റ്റേഷനുകളിൽ ആവശ്യമായ പുനഃക്രമീകരണം വരുത്തി ഉത്തരവ് പുറപ്പെടുവിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.