പച്ചപ്പിൻെറ ചന്തം ചാർത്തി ദേവികുളങ്ങര കായംകുളം: കേശവദേവിൻെറ 'ഭ്രാന്താലയം' നോവലിലൂടെയും സ്വാതന്ത്ര്യസമര സേനാനിയും വിപ്ലവകാരിയുമായിരുന്ന പുതുപ്പള്ളി രാഘവൻെറ 'വിപ്ലവ സ്മരണകളിലൂടെയും' നാടറിഞ്ഞ ദേവികുളങ്ങരയുടെ പ്രകൃതിസൗന്ദര്യം ആസ്വാദനത്തിൻെറകൂടി അടയാളപ്പെടുത്തലാണ്. ഓണാട്ടുകരയിലെ പുതുപ്പള്ളി ഗ്രാമവും ഇവിടത്തെ ജനങ്ങളും കഥാപാത്രങ്ങളായ 'ഭ്രാന്താലയം' നോവലിൽ ദേവികുളങ്ങരയുടെ ഗ്രാമീണ സൗന്ദര്യമാണ് നിറഞ്ഞുനിൽക്കുന്നത്. നാടിൻെറ രാഷ്ട്രീയത്തെ സജീവമാക്കിയിരുന്ന വടക്കേ ആഞ്ഞിലിമൂട്ടിലെ ചായക്കട ചർച്ചകളിൽനിന്ന് തുടങ്ങുന്ന നോവലിൽ നാട്ടുകാരനായ ഇടത്തറയിൽ അബ്ദു അടക്കമുള്ള സമൂഹത്തിൻെറ അടിത്തട്ടിലെ മനുഷ്യരെയാണ് കഥാപാത്രമാക്കിയത്. ഒരു നാടിൻെറ പോരാട്ടവീര്യം പങ്കുവെച്ച 'വിപ്ലവസ്മരണകളിലും' ഗ്രാമത്തിൻെറ തനിമ നന്നായി വിവരിക്കുന്നുണ്ട്. വിദ്യ നേടുന്നവൻെറ ചെവിയിൽ സവർണ മാടമ്പിത്തം ഇയ്യം ഉരുക്കി ഒഴിച്ചിരുന്ന കാലത്ത് അതിനെ വെല്ലുവിളിച്ച് ശ്രീനാരായണഗുരു അടക്കമുള്ളവർ കീഴാള വിഭാഗത്തിലെ കുട്ടികൾക്ക് അറിവ് പകർന്ന് നൽകിയ കുമ്മമ്പള്ളി രാമൻപിള്ള ആശാൻെറ ചേവണ്ണൂർ കളരിയും ചരിത്രത്തോട് ചേർന്നുനിൽക്കുന്ന ഗ്രാമസൗന്ദര്യമാണ്. കണ്ടൽക്കാടുകളും തെങ്ങിൻതോപ്പുകളും നെൽവയലുകളും ഒരുക്കുന്ന പച്ചപ്പ് നിറഞ്ഞ ദേവികുളങ്ങരയുടെ ഗ്രാമീണവശ്യതയുടെ മനോഹാരിത വർണനകൾക്ക് അതീതമാണ്. കായൽ സൗന്ദര്യവും ചെറുദീപുകളും നാടിനെ കൂടുതൽ സുന്ദരിയാക്കുന്നു. ജില്ലയുടെ തെക്കേയറ്റത്ത് കായംകുളം കായലിൻെറ ഓരംചേർന്ന് സ്ഥിതിചെയ്യുന്ന ഗ്രാമം പ്രകൃതിസൗന്ദര്യത്താൽ സമ്പന്നമാണ്. കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളി താലൂക്കിൽ ഉൾപ്പെട്ടിരുന്ന ഇവിടം 1957ൽ ജില്ല രൂപവത്കരണത്തോടെയാണ് ആലപ്പുഴയുടെ ഭാഗമാകുന്നത്. ഗോവിന്ദമുട്ടം വില്ലേജ് യൂനിയനായി തുടക്കംകുറിച്ച പഞ്ചായത്ത് 1961ലാണ് ദേവികുളങ്ങരയായി പരിവർത്തിക്കുന്നത്. ആയിരംതെങ്ങിനോട് ചേർന്ന ടി.എം ചിറ, മഞ്ഞാടിച്ചിറ, കുമ്പോലിച്ചിറ എന്നിവ കായൽഭംഗി മറയില്ലാതെ ആസ്വദിക്കാൻ കഴിയുന്ന ഇടങ്ങളാണ്. രാജഭരണകാലത്തെ പ്രൗഢിയും പ്രതാപവും ഓർമപ്പെടുത്തുന്ന നയനാനന്ദകരമായ കാഴ്ചകളും എങ്ങും നിറഞ്ഞുനിൽക്കുന്നു. വാഹിദ് കറ്റാനം APL devikulangara, APL devikulangara2 ദേവികുളങ്ങരയിലെ കായൽക്കാഴ്ച
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.