കായംകുളം: സസ്യമാർക്കറ്റിലെ കടമുറി കൈമാറ്റം സംബന്ധിച്ച അജണ്ടയെച്ചൊല്ലി നഗരസഭ കൗൺസിലിൽ വാക്കേറ്റവും സംഘർഷവും. പരിക്കേറ്റ സെക്രട്ടറിയെയും കൗൺസിലറെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഭരണകക്ഷി നേതാവിന് അനധികൃതമായി കടമുറി കൈമാറാനുള്ള നീക്കമാണ് സംഘർഷത്തിന് കാരണം. അജണ്ട ചർച്ചക്ക് എടുത്തപ്പോൾ പ്രതിപക്ഷമായ യു.ഡി.എഫും ബി.ജെ.പിയും വോട്ടിങ് ആവശ്യപ്പെട്ടു. സ്വതന്ത്ര കൗൺസിലർകൂടി പിന്തുണച്ചതോടെ അംഗബലം കുറവായിരുന്ന ഭരണപക്ഷം വെട്ടിലായി. ഇതോടെ വോട്ടിങ് അനുവദിക്കാതെ അജണ്ട പാസായതായി ചെയർപേഴ്സൻ പി. ശശികല പ്രഖ്യാപിക്കുകയായിരുന്നു. ഇത് ചോദ്യം ചെയ്ത് പ്രതിപക്ഷാംഗങ്ങൾ ചേംബർ ഉപരോധിച്ചതോടെയാണ് തർക്കങ്ങളുടെ തുടക്കം. വൈകീട്ട് നാലോടെ ബഹളം രൂക്ഷമായി. ഇതിനിടെ, പ്രതിപക്ഷ കൗൺസിലർ നവാസ് മുണ്ടകത്തിൽ നഗരസഭ ചട്ടപുസ്തകം വലിച്ചെറിഞ്ഞത് സെക്രട്ടറി ധീരജ് മാത്യുവിൻെറ നെഞ്ചത്ത് കൊള്ളുകയായിരുന്നു. ഇദ്ദേഹത്തെ ഗവ. ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഭരണപക്ഷവും സെക്രട്ടറിയും മർദിച്ചെന്നുകാട്ടി നവാസ് മുണ്ടകത്തിലും ചികിത്സ തേടി. സംഭവത്തിൽ പണിമുടക്കി ജീവനക്കാരും പ്രതിഷേധിച്ചതോടെ ഓഫിസ് പ്രവർത്തനം സ്തംഭിച്ചു. ആശുപത്രിയിലെത്തിയ പൊലീസ് സെക്രട്ടറിയുടെ മൊഴിയെടുത്തു. നഗരസഭയിൽ സ്ഥിരമായി പ്രശ്നമുണ്ടാക്കുന്ന യു.ഡി.എഫ് കൗൺസിലറുടെ നടപടി അംഗീകരിക്കാനാവില്ലെന്ന് ചെയർപേഴ്സൻ പി. ശശികല പറഞ്ഞു. അതേസമയം, ഭരണപക്ഷം നടത്തുന്ന അധികാര ദുർവിനിയോഗത്തെ ചോദ്യം ചെയ്യുന്നവരെ കള്ളക്കേസിൽ കുടുക്കുന്നത് സ്ഥിരം പരിപാടിയാണെന്ന് യു.ഡി.എഫ് പാർലമൻെററി പാർട്ടി ലീഡർ സി.എസ്. ബാഷ പറഞ്ഞു. സംഭവത്തിൽ എൽ.ഡി.എഫ് പാർലമൻെററി പാർട്ടിയും പ്രതിഷേധിച്ചു. സമാധാനപരമായി കൗൺസിൽ കൂടുന്നതിന് സാഹചര്യം ഒരുക്കണമെന്ന് ആവശ്യപ്പെട്ട് സർക്കാറിന് കത്ത് നൽകും. വൈസ് ചെയർമാൻ ജെ. ആദർശ്, സ്ഥിരം സമിതി അധ്യക്ഷരായ എസ്. കേശുനാഥ്, മായാദേവി, പി.എസ്. സുൽഫിക്കർ, ഷാമില അനിമോൻ, ഫർസാന ഹബീബ് എന്നിവർ സംസാരിച്ചു. നഗരസഭയുടെ കടമുറി കുംഭകോണം വിജിലൻസ് അന്വേഷിക്കണമെന്ന് ബി.ജെ.പി പാർലമൻെററി പാർട്ടി ലീഡർ ഡി.അശ്വിനിദേവ് ആവശ്യപ്പെട്ടു. ചിത്രം: 1 :APLKY4NAGARASABHA കായംകുളം നഗരസഭയിലെ സംഘർഷാവസ്ഥ 2 : പരിക്കേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ച കായംകുളം നഗരസഭ സെക്രട്ടറി ധീരജ് മാത്യുവിനെ അന്വേഷണത്തിന് പൊലീസ് സന്ദർശിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.