ആശുപത്രി ജങ്ഷനിലെ അപകടമരണം; ബസ് ഡ്രൈവർക്കെതിരെ കേസ്

ആലപ്പുഴ: ജനറൽ ആശുപത്രി ജങ്ഷനിൽ മകനുമൊത്ത് സ്കൂട്ടറിൽ സഞ്ചരിക്കവെ കെ.എസ്.ആർ.ടി.സി ബസിടിച്ച് വയോധികൻ മരിച്ച സംഭവത്തിൽ സി.സി ടി.വി ദൃശ്യങ്ങൾ പുറത്ത്.

ഡ്രൈവറുടെ അശ്രദ്ധമൂലമാണ് അപകടമുണ്ടായതെന്ന് പൊലീസ്. അപകടത്തി‍െൻറ സി.സി ടി.വി ദൃശ്യങ്ങൾ പുറത്തുവന്നതിനുപിന്നാലെ കെ.എസ്.ആർ.ടി.സി ഡ്രൈവർക്കെതിരെ പൊലീസ് മനഃപ്പൂർവമല്ലാത്ത നരഹത്യക്ക് കേസെടുത്തു. ആലപ്പുഴ-കോട്ടയം റൂട്ടിൽ സർവിസ് നടത്തുന്ന ആലപ്പുഴ ഡിപ്പോയിലെ ഡ്രൈവർ ഷൈലേഷിനെതിരെയാണ് സൗത്ത് പൊലീസ് കേസെടുത്തത്.

അപകടമുണ്ടാക്കിയ കെ.എസ്.ആർ.ടി.സി ബസും കസ്റ്റഡിയിലെടുത്തു. പൊലീസി‍െൻറ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഡ്രൈവറുടെ ലൈസൻസ് സസ്പെൻഡ് ചെയ്യുമെന്ന് ആർ.ടി.ഒ സജി പ്രസാദ് പറഞ്ഞു. വെള്ളിയാഴ്ച വൈകീട്ട് 5.05ന് ആശുപത്രി ജങ്ഷനിൽ പെട്രോൾ പമ്പിന് മുന്നിലായിരുന്നു അപകടം. ഡ്രൈവർ അശ്രദ്ധമായി ഓവർടേക്ക് ചെയ്തതോടെയാണ് പിതാവും മകനും സഞ്ചരിച്ച സ്കൂട്ടറിൽ കെ.എസ്.ആർ.ടി.സി ബസിടിച്ചത്. തത്തംപ്പള്ളി കരളകം വാർഡിൽ കണ്ണാടിച്ചിറയിൽ മാധവനാണ് (73) മരിച്ചത്. ഒപ്പമുണ്ടായിരുന്ന മകൻ ഷാജിക്കും (50) പരിക്കേറ്റിരുന്നു.

ബന്ധുവി‍െൻറ കുട്ടിയുടെ നൂലുകെട്ട് ചടങ്ങ് കഴിഞ്ഞ് മടങ്ങുന്നതിനിടെയായിരുന്നു അപകടം. സ്കൂട്ടറിന് പിന്നിലിരുന്ന മാധവൻ ബസിനടിയിലേക്ക് തെറിച്ചുവീണ് ചക്രങ്ങൾ കയറിയാണ് മരിച്ചത്. നിറയെ വാഹനങ്ങൾ കടന്നുപോകുമ്പോൾ കെ.എസ്.ആർ.ടി.സി ബസ് ഓവർടേക്ക് ചെയ്തുവരുന്നതിനിടെയാണ് സ്കൂട്ടറിൽ തട്ടിയതെന്ന് സി.സി.ടി.വി ദൃശ്യങ്ങളിൽ വ്യക്തമാണ്. 

Tags:    
News Summary - Accidental death at Hospital Junction; Case against bus driver

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.