അരൂർ: ദേശീയപാതയിൽ തുറവൂർ-അരൂർ ഭാഗത്ത് പാതയുടെ പടിഞ്ഞാറുവശം നിർമാണം തുടങ്ങി. ദേശീയപാതയുടെ കിഴക്കേ റോഡിന്റെ പണികൾ നടത്തിയ ശേഷം ഗതാഗതം അനുവദിച്ചാണ് വെള്ളിയാഴ്ച രാത്രി 10ഓടെ പടിഞ്ഞാറ് ഭാഗത്ത് നിർമാണ പ്രവൃത്തികൾ ആരംഭിച്ചത്. പണി പൂർത്തിയാക്കിയെന്ന് നിർമാണ കമ്പനി അവകാശപ്പെടുന്ന ദേശീയപാതയുടെ കിഴക്കേഭാഗത്തെ റോഡിലൂടെ ശനിയാഴ്ച മുതൽ വടക്കോട്ടായിരിക്കും വാഹനങ്ങൾ സഞ്ചരിക്കുക. ഒറ്റവരിയിൽ മാത്രമായിരിക്കും ഗതാഗതം അനുവദിക്കുക. പടിഞ്ഞാറുഭാഗത്തെ റോഡ് ഗതാഗതം പൂർണമായും തടഞ്ഞാണ് നിർമാണ പ്രവൃത്തി.
വരുന്ന രണ്ടുമൂന്നു ദിവസം അവധിയായതിനാൽ പരമാവധി സമയം ഉപയോഗപ്പെടുത്തി റോഡ് സഞ്ചാരയോഗ്യമാക്കുന്ന പ്രവൃത്തികൾ നടത്താനാണ് കലക്ടർ അലക്സ് വർഗീസ് ദേശീയപാത അധികൃതരുമായി നടത്തിയ ചർച്ചയിൽ തീരുമാനമായത്.
പടിഞ്ഞാറുഭാഗത്ത് റോഡ് ഗതാഗതം തടസ്സപ്പെടുന്നതുമൂലം വിദ്യാലയങ്ങൾക്ക് ഉണ്ടാകുന്ന ബുദ്ധിമുട്ട് പരമാവധി കുറക്കാൻ ഇത് സഹായകമാകും. നിലവിൽ രണ്ടു ദിവസത്തേക്കാണ് പടിഞ്ഞാറ് ഭാഗത്തെ റോഡിലെ ഗതാഗതം തടസ്സപ്പെടുത്തുക. അരൂരിൽനിന്ന് തുറവൂർ ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ നിലവിൽ ക്രമീകരിച്ചിട്ടുള്ളതുപോലെ അരൂർ ക്ഷേത്രത്തിന്റെ ഭാഗത്തുനിന്ന് കിഴക്കോട്ട് വളഞ്ഞ് അരൂക്കുറ്റി, തൈക്കാട്ടുശ്ശേരി വഴി തിരിഞ്ഞുതന്നെ പോകണം. തെക്കുനിന്ന് വരുന്ന വാഹനങ്ങൾ തുറവൂരിൽനിന്ന് കുമ്പളങ്ങി വഴി തിരിച്ചുവിടുന്നത് റെയിൽവേ ക്രോസ് ഉള്ളതിനാൽ പ്രായോഗികമല്ലെന്ന് കണ്ടതിനാലാണ് പുതിയ ക്രമീകരണം ഏർപ്പെടുത്തുന്നത്.
ദീർഘദൂര ഭാരവാഹനങ്ങൾ പരമാവധി ഈ കാലയളവിൽ തുറവൂർ-അരൂർ ഹൈവേ ഭാഗത്തേക്ക് വരാതിരിക്കാനുള്ള നടപടികൾ കൂടുതൽ ശക്തിപ്പെടുത്താൻ കലക്ടർ നിർദേശം നൽകിയിട്ടുണ്ട്.കണ്ടെയ്നർ ഉൾപ്പെടെയുള്ള കൊല്ലം-തിരുവനന്തപുരം ഭാഗത്തേക്ക് പോകേണ്ട വലിയ വാഹനങ്ങൾ അങ്കമാലിയിൽനിന്ന് എം.സി റോഡ് വഴി തിരിച്ചുവിടാൻ നടപടി സ്വീകരിക്കും.
ആലുവ റൂറൽ എസ്.പിക്ക് ഇതുസംബന്ധിച്ച നിർദേശം ജില്ല കലക്ടർ നൽകിയിട്ടുണ്ട്. ഇതല്ലാതെ എത്തുന്ന വലിയ വാഹനങ്ങൾ കുണ്ടന്നൂർ ജങ്ഷനിൽനിന്ന് തിരിഞ്ഞ് തൃപ്പൂണിത്തുറ വഴി എം.സി റോഡിലേക്കോ, വൈക്കം വഴിയോ പോകാൻ ക്രമീകരണം ഏർപ്പെടുത്തും.
തെക്കുനിന്ന് വരുന്ന ഹെവി വാഹനങ്ങൾ കൊല്ലം, കൊട്ടാരക്കര വഴി പരമാവധി പോകുന്നതിന് നിർദേശം നൽകിയിട്ടുണ്ട്. അല്ലാത്ത വാഹനങ്ങൾ അമ്പലപ്പുഴയിൽനിന്ന് തിരിച്ചുവിടും. ഇതിനായി അമ്പലപ്പുഴയിലും അരൂരിലും പൊലീസ് പെട്രോളിങ് ഏർപ്പെടുത്തും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.