ആലപ്പുഴ: അമൃത് ഭാരത് പദ്ധതിയിൽ ഉൾപ്പെടുത്തി ആലപ്പുഴ, കായംകുളം റെയിൽവേ സ്റ്റേഷനുകളിൽ സമഗ്രവികസന പദ്ധതി. രണ്ട് സ്റ്റേഷനിലും എട്ടുകോടിയുടെ പദ്ധതികളാണ് നടപ്പാക്കുക. ഒന്നാംഘട്ട വികസനപ്രവർത്തനങ്ങൾ വിലയിരുത്താൻ എത്തിയ റെയിൽവേ ഡിവിഷനൽ മാനേജർ സച്ചിന്ദർ മോഹൻ ശർമയുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥരാണ് ഇക്കാര്യം വ്യക്തമാക്കിയത്.
കുടിവെള്ളം, ലിഫ്റ്റ്, എസ്കലേറ്റർ, പാർക്കിങ് സംവിധാനം, പ്ലാറ്റ്ഫോം, ഫുട്ട് ഓവർബ്രിഡ്ജ്, റൂഫ്, വെയിറ്റിങ് റൂം നവീകരണം, കോച്ചുകളുടെ സ്ഥാനം അറിയാനുള്ള ഡിജിറ്റൽ സൗകര്യം എന്നിവയുണ്ടാകും. നിർമാണ പ്രവർത്തനങ്ങളുടെ ടെൻഡർ 24ന് തുറക്കും. ആലപ്പുഴ സ്റ്റേഷനിലെ പ്ലാറ്റ്ഫോമിലേക്കുള്ള പ്രവേശന കവാടം, യാത്രക്കാർക്കുള്ള വാഹന പാർക്കിങ്, ടാക്സി-ഓട്ടോ പാർക്കിങ്, പൂന്തോട്ടം, സൗന്ദര്യവത്കരണം തുടങ്ങിയവയും നടപ്പാക്കും. സ്റ്റേഷനിലെ ടാക്സി-ഓട്ടോ തൊഴിലാളികൾക്കായി ശൗചാലയ സൗകര്യം ഒരുക്കും. ഇതിനായി റെയിൽവേ സ്ഥലം വിട്ടുനൽകും. എ.എം. ആരിഫ് എം.പിയുടെ ഫണ്ട് ഉപയോഗിച്ചാണ് ശൗചാലയം നിർമിക്കുക.
ചേർത്തല, തുറവൂർ, മാരാരിക്കുളം റെയിൽവേ സ്റ്റേഷനുകളുമായി ബന്ധപ്പെട്ട് യാത്രക്കാർ ഉന്നയിച്ച വിവിധ പ്രശ്നങ്ങളും പരിഹരിക്കും.
പുതിയ ട്രെയിനുകൾ അനുവദിക്കുക, നിലവിലുള്ളവക്ക് പുതിയ സ്റ്റോപ്പുകൾ ഏർപ്പെടുത്തുക തുടങ്ങിയവ റെയിൽവേ ജനറൽ മാനേജർ, റെയിൽവേ ബോർഡ് എന്നിവിടങ്ങളിൽ ഉന്നയിക്കാമെന്നും ഡി.ആർ.എം ഉറപ്പുനൽകി. അമൃത് ഭാരത് സ്റ്റേഷൻ പദ്ധതിപ്രകാരം ആലപ്പുഴ, കായംകുളം റെയിൽവേ സ്റ്റേഷനുകളിലാണ് ഒന്നാംഘട്ടത്തിൽ പ്രവർത്തനങ്ങൾ നടക്കുന്നത്. രണ്ടാംഘട്ടമായി കരുനാഗപ്പള്ളി സ്റ്റേഷനെയും ഉൾപ്പെടുത്തും. എ.എം. ആരിഫ് എം.പിയുടെ നിർദേശപ്രകാരമായിരുന്നു സന്ദർശനം. സീനിയർ ഡിവിഷനൽ കോമേഴ്സ് മാനേജർ ജെറിൻ, ഡി.സി.എം ജെറിൻ ജി. ആനന്ദൻ, സീനിയർ ഡിവിഷൻ എൻജീനിയർ അരുൺ എന്നിവരും സംഘത്തിനൊപ്പമുണ്ടായി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.