മെരുങ്ങാതെ വിഭാഗീയത; പ്രശ്നപരിഹാരത്തിന് യത്നിച്ച് ആലപ്പുഴ സി.പി.എം നേതൃത്വം

ആലപ്പുഴ: വിഭാഗീയതയും ആരോപണങ്ങളുമായി ബന്ധപ്പെട്ട് ജില്ല സി.പി.എമ്മിൽ നിലവിലുള്ള അന്വേഷണ കമീഷനുകളുടെയെല്ലാം റിപ്പോ‍ർട്ട് ഫെബ്രുവരി പകുതിക്കു മുമ്പ് ലഭ്യമാക്കി തീരുമാനമെടുക്കാൻ നേതൃത്വത്തിന്റെ അടിയന്തര നീക്കം. ഫെബ്രുവരി പകുതിയോടെ സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ ഉൾപ്പെടെ പങ്കെടുക്കുന്ന രണ്ടു ദിവസത്തെ ജില്ല കമ്മിറ്റി യോഗം ചേരുന്നുണ്ട്. അതിനുമുമ്പ് പ്രശ്നങ്ങളെല്ലാം തീർക്കണമെന്നാണ് സംസ്ഥാന നേതൃത്വത്തിന്‍റെ നിർദേശം. സംസ്ഥാനത്താകെ പാർട്ടിക്ക് നാണക്കേടുണ്ടാക്കിയ സംഭവങ്ങളാണ് ജില്ലയിൽ നടന്നതെന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തൽ.

കുട്ടനാട്ടിൽ പലയിടത്തും നേതൃത്വത്തോടു കലഹിച്ച് ഒട്ടേറെപ്പേർ പാർട്ടി വിടാൻ ഒരുങ്ങിയത് ക്ഷീണമുണ്ടാക്കി. ഇതെല്ലാം അടിയന്തരമായി പരിഹരിക്കണം. പാർട്ടി നേതൃത്വം വിഭാഗീയത വളർത്തുന്നെന്ന ആരോപണവുമായി മുന്നൂറോളം പ്രവർത്തകർ പാർട്ടി വിടുമെന്ന് അറിയിച്ച കുട്ടനാട്ടിൽ സി.പി.എം സംസ്ഥാന നേതൃത്വം നിർദേശിച്ച മന്ത്രി സജി ചെറിയാൻ ഇടപെട്ടിട്ടും പ്രശ്നങ്ങൾ ശമിച്ചിട്ടില്ല. പുറമെ ജില്ല സെക്രട്ടറി ഒരു തവണ ചർച്ച നടത്തിയെങ്കിലും പ്രശ്നങ്ങൾ വഷളാകുകയാണെന്നാണ് പ്രതിഷേധിക്കുന്നവർ നൽകുന്ന സൂചന.

പ്രശ്ന പരിഹാരത്തിന് ശ്രമം നടക്കുന്നുണ്ടെങ്കിലും നേതൃത്വത്തോടുള്ള പ്രതിഷേധം ഓരോ ദിവസവും കനക്കുകയാണ്. നീലംപേരൂർ, മങ്കൊമ്പ്, കുന്നുമ്മ എന്നിവിടങ്ങളിൽ അടുത്ത ദിവസം പ്രവർത്തകർ പാർട്ടി വിടുമെന്ന് നേതൃത്വത്തെ അറിയിക്കുമെന്ന് വിവരമുണ്ട്.

നേരത്തേ പലരും രാജി നൽകിയ പ്രദേശങ്ങളിൽ കൂടുതൽ അംഗങ്ങൾ പാർട്ടി വിടാനും സാധ്യതയുണ്ട്. നേതൃത്വത്തിനെതിരെ പ്രവർത്തകർ നൽകിയ പരാതികൾ ലോക്കൽ കമ്മിറ്റികളിൽ വായിക്കുന്ന നടപടിയാണ് പലയിടത്തും നടക്കുന്നത്. ഇത് പ്രശ്നം വഷളാക്കാൻ ചിലർ ഉപയോഗിക്കുന്നതായി പരാതിയുണ്ട്. രാമങ്കരി, മുട്ടാർ, തലവടി എന്നിവിടങ്ങളിൽ പാർട്ടി വിടാൻ ഒരുങ്ങിയവരിലെ ദുർബലരെ ചില പ്രാദേശിക നേതാക്കൾ ഭീഷണിപ്പെടുത്തുന്നു എന്നാണ് ആരോപണം. ഭീഷണി തുടർന്നാൽ പരസ്യനിലപാടെടുക്കാൻ വിവിധ ലോക്കൽ കമ്മിറ്റികളിലെ പ്രവർത്തകർ ആലോചിക്കുന്നുണ്ട്.

കുന്നുമ്മ ലോക്കൽ കമ്മിറ്റിയിലെ നേതാവിനെതിരെ ഒരു വനിത നൽകിയ പരാതിയിൽ നേതൃത്വം നടപടിയെടുക്കാത്തതും പ്രശ്നപരിഹാരത്തിന് തടസ്സമായി തുടരുന്നു. സി.ഐ.ടി.യു അഖിലേന്ത്യ സമ്മേളനത്തിനുപോയ ജില്ല സെക്രട്ടറി അടക്കം പ്രധാന നേതാക്കൾ തിരിച്ചെത്താൻ കാത്തിരിക്കുകയാണ് പ്രതിഷേധക്കാർ.

ഫലപ്രദമായ തീരുമാനമില്ലെങ്കിൽ അടുത്ത മാസം നിലപാട് പ്രഖ്യാപിക്കാനാണ് അവരുടെ തീരുമാനം. പാർട്ടി സമ്മേളനങ്ങളിലെ വിഭാഗീയത, ആലപ്പുഴ ഏരിയ കമ്മിറ്റി അംഗവും നഗരസഭ സ്ഥിരം സമിതി അധ്യക്ഷനുമായ എ. ഷാനവാസിനെതിരായ ലഹരിക്കടത്ത് ആരോപണം, കുമാരപുരം സഹകരണ ബാങ്ക് ക്രമക്കേട് എന്നിവയാണ് ജില്ലയിൽ പാ‍ർട്ടി കമീഷനുകൾ അന്വേഷിക്കുന്ന പ്രധാന പ്രശ്നങ്ങൾ. സമ്മേളനങ്ങളിലെ വിഭാഗീയത സംസ്ഥാന കമ്മിറ്റി നിയോഗിച്ച കമീഷനും അന്വേഷിക്കുന്നു. അശ്ലീല വിഡിയോ ആരോപണം നേരിട്ട ആലപ്പുഴ സൗത്ത് ഏരിയ കമ്മിറ്റി അംഗം എ.പി. സോണക്കെതിരായ അന്വേഷണം പൂർത്തിയാക്കി പാർട്ടിയിൽനിന്ന് പുറത്താക്കി. ഷാനവാസിനെതിരായ ആരോപണം അന്വേഷിക്കുന്ന കമീഷന്റെ തെളിവെടുപ്പ് പുരോഗമിക്കുകയാണ്.

കഴിഞ്ഞ ദിവസം ഷാനവാസിന്റെ മൊഴിയെടുത്തിരുന്നു. തിങ്കളാഴ്ച കമീഷൻ ചിലരെക്കൂടി വിളിച്ച് മൊഴി രേഖപ്പെടുത്തി. അതിനിടെ, ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിലെ സ്പെഷാലിറ്റി ബ്ലോക്ക് ഉദ്ഘാടന ചടങ്ങുമായി ബന്ധപ്പെട്ട് പാർട്ടിയിൽ മറ്റൊരു വിവാദവും പുതിയതായി ഉയർന്നിട്ടുണ്ട്. കോൺഗ്രസ് നേതാവ് കെ.സി. വേണുഗോപാൽ എം.പിയെയും മുൻ മന്ത്രി കെ.കെ. ശൈലജയെയും ക്ഷണിക്കേണ്ടതായിരുന്നെന്ന മുൻമന്ത്രി ജി. സുധാകരന്റെ സമൂഹമാധ്യമ കുറിപ്പ് പാർട്ടി പ്രവർത്തകർക്കിടയിൽ വ്യാപകമായി ‘ഷെയർ’ ചെയ്യപ്പെടുകയായിരുന്നു.

എല്ലാത്തിനും നേതൃത്വം നൽകിയ തന്നെ ഒഴിവാക്കിയതിൽ പരിഭവമില്ലെന്ന സുധാകരന്‍റെ ഫേസ്ബുക്ക് പോസ്റ്റും ചർച്ചയായി. ഉദ്ഘാടന ചടങ്ങിൽ എച്ച്. സലാം എം.എൽ.എ നൽകിയ മറുപടി കോൺഗ്രസിന് മാത്രമല്ല, സുധാകരനു കൂടിയാണെന്നാണ് വ്യാഖ്യാനം. ഓരോ കാലത്തും ചുമതലപ്പെട്ടവർ അതു നിർവഹിക്കുമെന്നായിരുന്നു സലാമിന്റെ പ്രതികരണം.

Tags:    
News Summary - Alappuzha CPM leadership trying to solve Sectarianism

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.