ആലപ്പുഴ: വയനാട് ദുരന്തപശ്ചാത്തലത്തിൽ ആറുമത്സരങ്ങളായി ചുരുക്കി പൂർത്തിയാക്കിയ ചാമ്പ്യൻസ് ബോട്ട് ലീഗ് (സി.ബി.എൽ) നാലാം സീസണിൽ മാറ്റുരച്ച ക്ലബുകളും വള്ളസമിതിയും കടുത്തസാമ്പത്തിക പ്രതിസന്ധിയിൽ. സമ്മാനത്തുകയും ബോണസും കിട്ടുമെന്ന് കരുതി കടംവാങ്ങി പോരിനിറങ്ങിയ ചുണ്ടൻവള്ളങ്ങളാണ് ഏറെ ദുരിതത്തിൽ.
നിലവിൽ സി.ബി.എല്ലിന്റെ മൂന്ന് മത്സരങ്ങളുടെ ബോണസ് മാത്രമാണ് സർക്കാർ വിതരണം ചെയ്തത്. സർക്കാറിന്റെ സാമ്പത്തികപ്രതിസന്ധിയിൽ സമ്മാനത്തുകയും ബോണസും പൂർണമായും കിട്ടാൻ ഇനിയും കാലതാമസം നേരിടുമെന്നാണ് അറിയുന്നത്. ഫൈനൽ മത്സരത്തിനായി കൊല്ലത്തെത്തിയപ്പോൾ തന്നെ അധികൃതർ ഇതുസംബന്ധിച്ച ചില സൂചനകൾ വള്ളസമിതി ഭാരവാഹികൾക്ക് നൽകിയിരുന്നു. അതിനാൽ ഇനിയും കാത്തിരിക്കേണ്ടിവരുമെന്ന കാര്യത്തിൽ തർക്കമില്ല.
ഓരോ മത്സരത്തിലും പങ്കെടുക്കുന്ന ഒമ്പത് ചുണ്ടൻ വള്ളങ്ങൾക്ക് നാലുലക്ഷം രൂപ വീതമാണ് ബോണസ് നൽകേണ്ടത്. ഇതിൽ ഒരുലക്ഷം രൂപ ചുണ്ടൻവള്ളങ്ങൾക്കും മൂന്നുലക്ഷം രൂപ തുഴയുന്ന ക്ലബുകൾക്കുമാണ്. ലീഗ് ജേതാക്കളായ പി.ബി.സിക്ക് 25 ലക്ഷം രൂപയാണ് സമ്മാനത്തുകയായി ലഭിക്കേണ്ടത്. രണ്ടാം സ്ഥാനക്കാരായ വി.ബി.സിക്ക് 15 ലക്ഷവും മൂന്നാംസ്ഥാനക്കാരായ നിരണം ക്ലബിന് 10 ലക്ഷവും നൽകണം.
ഇതുകൂടാതെ ഓരോ മത്സരത്തിലും ആദ്യ സ്ഥാനക്കാർക്ക് അഞ്ചുലക്ഷം, രണ്ടാംസ്ഥാനക്കാർക്ക് മൂന്ന് ലക്ഷം, മൂന്നാംസ്ഥാനക്കാർക്ക് ഒരുലക്ഷം എന്നിങ്ങനെയാണ് മറ്റ് സമ്മാനത്തുക. നെഹ്റുട്രോഫി കഴിഞ്ഞ് മാസങ്ങൾ കഴിഞ്ഞിട്ടും ബോണസും ഗ്രാന്റുവിതരണവും പൂർത്തിയാക്കാൻപോലും സർക്കാറിനായിട്ടില്ല. ഇതിനായി ടൂറിസംവകുപ്പ് പ്രഖ്യാപിച്ച ഒരുകോടി ഇതുവരെ നൽകിയിട്ടില്ല. ടിക്കറ്റുവിൽപനയിൽനിന്നും സ്പോൺസർഷിൽ നിന്നും ലഭിച്ച 25 ലക്ഷം ഉപയോഗിച്ചാണ് നെഹ്റുട്രോഫിയുടെ ബോണസ് അഡ്വാൻസ് വിതരണം നടത്തിയത്.
പലരും കടം മേടിച്ചും പിരിവെടുത്തുമാണ് വള്ളംകളിക്കായി, നാളുകളുടെ പരിശീലനം പൂർത്തിയാക്കി മത്സരത്തിൽ പങ്കെടുക്കുന്നത്. അതിനാൽ സമ്മാനത്തുകയും ബോണസും വൈകുന്നത് ക്ലബുകളെയും വള്ളസമിതികളെയും വലിയ പ്രതിസന്ധിയിലാക്കും. വരുമാനക്കണക്കിൽ സി.ബി.എല്ലാണ് വള്ളംകളിമേഖലയുടെ നട്ടെല്ല്. വലിയ സമ്മാനത്തുകയും പങ്കെടുത്താൽ കിട്ടുന്ന തുകയുമാണ് ആകർഷണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.