ആലപ്പുഴ: ബീച്ചിൽ പന്ത് തട്ടിക്കളിക്കുന്നതിനിടെ സമീപത്തിരുന്ന സ്ത്രീയുടെ നെറ്റിയിൽ കൊണ്ടതിന്റെ വൈരാഗ്യത്തിൽ 11കാരിയെ മർദിച്ചതായി പരാതി. മകൾ നേരിട്ട ദുരനുഭവത്തിനെതിരെ നടപടി ആവശ്യപ്പെട്ട് ആലപ്പുഴ തോണ്ടൻകുളങ്ങര സ്വദേശിയായ യുവതിയാണ് സൗത്ത് പൊലീസിൽ പരാതി നൽകിയത്.
ആലപ്പുഴ ബീച്ചിൽ ഈമാസം രാത്രി എട്ടിനാണ് കേസിനാസ്പദമായ സംഭവം. കുടുംബസമേതം ബീച്ചിലെത്തിയ ഇവർ മറ്റ് കുട്ടികളുമായി കളിക്കുന്നതിനിടെയാണ് പന്ത് സമീപത്തിരുന്ന സ്ത്രീയുടെ നെറ്റിൽ കൊണ്ടത്. അടുത്തേക്ക് വിളിച്ചുവരുത്തി ഇരിക്കാൻ പറഞ്ഞശേഷം മേലാൽ ആവർത്തിക്കരുതെന്ന് പറഞ്ഞ് കവിളിൽ ശക്തിയായി അടിച്ച് മർദിച്ചു. വേദനകൊണ്ട് പുളഞ്ഞ മകൾ വിവരങ്ങൾ പറഞ്ഞതോടെ സമീപത്തെ ഔട്ട് പോസ്റ്റിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരെ ധരിപ്പിച്ചാണ് മടങ്ങിയത്. മുഖത്ത് നീരുവന്നതോടെ ആലപ്പുഴ ജനറൽ ആശുപത്രിയിൽ ചികിത്സ തേടി.
കേസെടുത്ത് സൗത്ത് പൊലീസ്
11കാരിയുടെ കവിളിന് അടിച്ച സംഭവത്തിൽ സൗത്ത് പൊലീസ് കേസെടുത്തു. അപരിചിതയായ സ്ത്രീയെ കണ്ടെത്തത്തുന്നതിനായി തുടർ അന്വേഷണത്തിന് വനിതാപൊലീസിന് കൈമാറി. സ്ത്രീക്ക് എതിരെ നടപടി ആവശ്യപ്പെട്ട് കുട്ടിയുടെ രക്ഷകർത്താവ് ചൈൽഡ് ഹെൽപ് ലൈനിൽ പരാതി നൽകി.
കൈചൂണ്ടി ജംഗ്ഷൻ പനക്കൽ വീട്ടിൽ അഫ്സൽ - ഷാഹിദ ദമ്പതികളുടെ ഇളയ മകള്‍ ഫിദ ഫാത്തിമയെയാണ് (11) ഉപദ്രവിച്ചത്. കുട്ടിക്ക് മുഖത്ത് വേദന അനുഭവപ്പെട്ടതിനെ തുടർന്ന് ചികിത്സ തേടിയിരുന്നു. ചൈൽഡ് വെൽഫെയർ കമ്മിറ്റി അന്വേഷണം നടത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.