ആലപ്പുഴ: നഗരം ഇനി ആഘോഷത്തിമിർപ്പിലേക്ക്. മുല്ലക്കൽ ശ്രീ രാജരാജേശ്വരി ക്ഷേത്രത്തിലും കിടങ്ങാംപറമ്പ് ശ്രീ ഭുവനേശ്വരി ക്ഷേത്രത്തിലെയും ചിറപ്പ് ഉത്സവം തിങ്കളാഴ്ച മുതൽ അവസാന 11 ദിവസങ്ങളിലേക്ക് കടക്കുകയാണ്. നഗരമാകെ ആഘോഷത്തിനായി അണിഞ്ഞൊരുങ്ങി.
വൈകുന്നേരങ്ങൾ മുല്ലക്കൽ തെരുവ് ജനസഞ്ചയമായി മാറിത്തുടങ്ങി. ഇത് അവസരമാക്കാൻ വഴിയോര വ്യാപാരികളടക്കം വ്യാപാരസ്ഥാപനങ്ങളും ഒരുങ്ങി. 26നാണ് ചിറപ്പ്. കിടങ്ങാംപറമ്പ് ക്ഷേത്രത്തിൽ മണ്ഡല ഉത്സവത്തിന് 19ന് കൊടിയേറും. 26നാണ് ആറാട്ട്. തലേദിവസം ക്രിസ്മസുമായതിനാൽ ആഘോഷങ്ങൾ വിപുലമാകുകയാണ്.
നഗരസഭയും പൊലീസും ചിറപ്പ് ഉത്സവത്തിനുള്ള ഒരുക്കങ്ങളും ക്രമീകരണങ്ങളും പൂർത്തിയാക്കി. അലങ്കാര ഗോപുരങ്ങളും കാർഷിക വിഭവങ്ങളുമായി എസ്.ഡി.വി ഗ്രൗണ്ടിൽ ഒരുക്കാറുള്ള കാർഷിക വ്യാവസായിക പ്രദർശനവും ഇല്ലാത്തത് ഇത്തവണ ചിറപ്പിന്റെ മാറ്റ് കുറക്കും.
മുല്ലക്കൽ എ.വി.ജെ ജങ്ഷന് തെക്കുഭാഗത്തും കിടങ്ങാംപറമ്പ് സ്റ്റാച്യൂ ജങ്ഷനിലുമാണ് അലങ്കാര ഗോപുരങ്ങൾ മുൻവർഷങ്ങളിൽ നിർമിക്കാറുള്ളത്. ജില്ല കോടതിപ്പാലം നിർമാണവുമായി ബന്ധപ്പെട്ട് വാഹനങ്ങൾ ഗ്രൗണ്ടിൽ പാർക്ക് ചെയ്യാൻ കഴിയാത്തതാണ് പ്രദർശനം ഉപേക്ഷിക്കാൻ കാരണം.
കലാവിരുന്നുകൾക്കും തിങ്കളാഴ്ച മുതൽ തുടക്കമാകും. വഴിയോര വ്യാപാരികൾ നിരന്നതോടെ തെരുവുകൾ ഉത്സവഛായയിലായി. വഴിവാണിഭ സ്റ്റാളുകൾ നിർമിക്കാനുള്ള സ്ഥലലേലം അവസാനഘട്ടത്തിലാണ്. നഗരസഭയും പൊതുമരാമത്ത് വിഭാഗവും സംയുക്തമായി അടയാളപ്പെടുത്തിയ പ്ലോട്ടുകളിലാകും കച്ചവട സ്ഥാപനങ്ങൾ പ്രവർത്തിക്കുക. മുല്ലക്കൽ തെരുവിൽ അലങ്കാരപ്പന്തലുകൾ ഉയർന്നതോടെ തെരുവ് വർണാഭ കാഴ്ചയായി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.