അരൂർ: അരൂർ-തുറവൂർ ഉയരപ്പാത നിര്‍മാണത്തിന്റെ ഭാഗമായുള്ള കാന നിര്‍മാണം പ്രദേശവാസികളുടെ കുടിവെള്ളം മുട്ടിക്കുമെന്ന് ആശങ്ക. പലയിടത്തും കാനയുടെ കോണ്‍ക്രീറ്റ് വരുന്നത് കുടിവെള്ള പൈപ്പുകള്‍ക്ക് മുകളിൽ. കോണ്‍ക്രീറ്റിന്റെ ഭാരം മൂലം ജി.ആർ.പി പൈപ്പുകള്‍ (ഗ്ലാസ് റീ ഇന്‍ഫോഴ്സ്ഡ് പ്ലാസ്റ്റിക്) പൊട്ടാൻ സാധ്യതയുണ്ടെന്നാണ് ജല അതോറ്റി അധികൃതർ ദേശീയപാത വിഭാഗത്തെ അറിയിച്ചിട്ടുള്ളത്.
ജി.ആര്.പി പൈപ്പുള്ളിടത്ത് ഇരുമ്പു പൈപ്പുകൾ ഡി.ഐ.പി (ഡെക്ലെറ്റിയൽ അയണ്‍ പൈപ്പ്) സ്ഥാപിച്ചാലേ കുടിവെള്ളം മുടങ്ങാതെ കാന നിർമാണം സാധ്യമാവുകയുള്ളൂ എന്ന് ജല അതോറിറ്റി ദേശീയപാത അധികൃതരെ അറിയിച്ചിട്ടുണ്ട്. ദേശീയപാത വിഭാഗമാണ് ഇതിന്റെ ചുമതല വഹിക്കേണ്ടത്. എന്നാൽ, അവർ അതിന് തയാറായിട്ടില്ല. അതുകൊണ്ടുതന്നെ കാന പണിയും അനിശ്ചിതത്വത്തിലായി. അരൂർ പഞ്ചായത്ത് ഭരണനേതൃത്വം കാന നിർമാണത്തിൽ കൃത്യമായ തീരുമാനം അറിയിക്കാത്തതിന് പുറമെയാണ് പുതിയ പ്രതിസന്ധി.
ജല അതോറിറ്റി എക്സിക്യൂട്ടിവ് എൻജിനീയറുടെ നേതൃത്വത്തിൽ ഉയരപ്പാത നിർമാണ സ്ഥലം സന്ദര്‍ശിച്ചിരുന്നു. ജി.ആര്.പി പൈപ്പുമാറ്റി ഇരുമ്പു പൈപ്പ് സ്ഥാപിക്കണമെന്ന നിലപാടിൽ അവർ ഉറച്ചുനില്‍ക്കുകയാണ്. എന്നാൽ, ദേശീയപാത നിര്‍മാണക്കരാർ ഏറ്റെടുത്ത അശോക ബില്‍കോൺ അതിന് തയാറാകുന്നില്ല. അരൂര്‍ മുതല്‍ തുറവൂര്‍ വരെ 12.75 കിലോമീറ്റര്‍ പാതയില്‍ ഇരുവശത്തുമായി അടുത്ത കാലവര്‍ഷത്തിന് മുമ്പ് കാന നിര്‍മാണം പൂര്‍ത്തിയാക്കാനാണ് ദേശീയപാത വിഭാഗം ഉദ്ദേശിച്ചിരുന്നത്. ഇതിന്റെ പണി ഉടൻ തുടങ്ങുമെന്ന് പറഞ്ഞിരുന്നെങ്കിലും പൈപ്പുപൊട്ടി കുടിവെള്ളം മുടങ്ങുമെന്ന ആശങ്കയെത്തുടര്‍ന്ന് മാറ്റിവെച്ചു.
ഇരുമ്പുപൈപ്പ് സ്ഥാപിക്കാതെ കാന നിര്‍മാണം തുടങ്ങിയാൽ അരൂർ, എഴുപുന്ന, കോടംതുരുത്ത്, കുത്തിയതോട് എന്നീ പഞ്ചായത്തുകളില്‍ കുടിവെള്ളം മുടങ്ങാനാണ് സാധ്യത. സംഭരണികളിലേക്കു പോകുന്ന 700 എം.എം പൈപ്പും വീടുകളിലേക്ക് പോകുന്ന 450 എം.എം പൈപ്പുകളും പാതയുടെ ഇരുവശത്തും സ്ഥാപിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.