ആലപ്പുഴ: ശുചിമുറി മാലിന്യം ശാസ്ത്രീയമായി സംസ്കരിക്കാൻ നഗരസഭ സജ്ജമാക്കിയ മൊബൈൽ സെപ്റ്റേജ് ട്രീറ്റ്മെന്റ് യൂനിറ്റ് വാഹനത്തിന്റെ നിരക്ക് നിശ്ചയിച്ചു. ആലപ്പുഴ നഗരസഭ അമൃത്പദ്ധതിപ്രകാരം വാങ്ങിയ രണ്ട് മൊബൈൽ യൂനിറ്റിന്റെ പ്രവർത്തന മാർഗരേഖയുടെ കരട് അംഗീകരിക്കുന്നതിന് ചേർന്ന കൗൺസിൽ യോഗത്തിലാണ് തീരുമാനം. നഗരസഭ പരിധിയില്‍ വീടുകള്‍ക്ക് മിനിമം 4000 മുതല്‍ 5000 രൂപ വരെയും (വാഹനസൗകര്യ പരിമിതിക്കനുസരിച്ച്), ബി.പി.എൽ കുടുംബങ്ങള്‍ക്ക് 3000 രൂപയും, ഹൗസ് ബോട്ടുകള്‍ക്ക് മിനിമം 2000 രൂപയും (1000 ലിറ്ററിന്), ലോഡ്ജ് അടക്കമുള്ള വ്യാപാരസ്ഥാപനങ്ങള്‍ക്ക് മണിക്കൂറിന് മിനിമം 6000 രൂപ നിരക്ക് ഈടാക്കും. ഒരു ലക്ഷം ലിറ്റര്‍ കപ്പാസിറ്റിയുള്ള മൊബൈല്‍ സെപ്റ്റേജ് യൂനിറ്റ് ട്രയല്‍ റണ്‍ പൂർത്തിയാക്കിയിരുന്നു. അടുത്തദിവസം മുതൽ നഗരത്തിന്റെ എല്ലാ പ്രദേശത്തും വാഹനത്തിന്റെ സേവനം സേവനം ലഭ്യമാക്കും. മണിക്കൂറില്‍ 6000 ലിറ്റര്‍ കക്കൂസ് മലിനജലം സംസ്കരിക്കാന്‍ പര്യാപ്തമായ വാഹനങ്ങളാണ് സജ്ജമാക്കിയിട്ടുള്ളത്.
ടാങ്കറില്‍ രാത്രികാലങ്ങളില്‍ വിവിധയിടങ്ങളിൽ തള്ളുന്ന കക്കൂസ് മാലിന്യം വലിയ ആരോഗ്യപ്രശ്നങ്ങള്‍ക്ക് കാരണമാകുകയും നിരന്തരം പരാതികള്‍ ലഭിക്കുകയും ചെയ്ത സാഹചര്യത്തിലാണ് മൊബൈല്‍ ട്രീറ്റ്മെന്റ് യൂനിറ്റിലേക്ക് വഴിമാറിയത്. മൊബൈൽ സെപ്റ്റേജ് ട്രീറ്റ്മെന്റ് യൂനിറ്റിന്റെ ആറുമാസത്തെ പ്രവൃത്തികൾ ജനപ്രതിനിധികൾ അടക്കമുള്ള സമിതി വിലയിരുത്തിയശേഷം നിരക്കിന്റെ കാര്യത്തിൽ കൂടുതൽ വ്യക്തത വരുത്തും. നഗരസഭ പരിധിക്ക് പുറത്തുള്ളവർക്കും സേവനം ഉപയോഗിക്കാവുന്ന രീതിയിൽ ദൂരപരിധി കണക്കാക്കിയാവും നിരക്ക് നിശ്ചയിക്കുക.
റോഡ് കൈയേറി അനധികൃത കച്ചവടം നിയന്ത്രിക്കുന്നതിനൊപ്പം വഴിയോരക്കച്ചവടം നിയമപരമാക്കുന്നതിന് സംവിധാനം ഒരുക്കും. ഇതിനായി വഴിയോരകച്ചവടക്കാർക്ക് ലൈസൻസ് നൽകും. നഗരത്തിലെ ഏതൊക്കെ ഇടങ്ങളിലാണ് കച്ചവടം നടത്തേണ്ടതെന്ന് നഗരസഭ സ്ഥലം നിശ്ചയിച്ചുകൊടുക്കും. ജനപ്രതിനിധികൾ, വഴിയോരകച്ചവട പ്രതിനിധികൾ, പൊലീസ് എന്നിവരുടെ നേതൃത്വത്തിൽ യോഗംചേർന്ന് വിശദറിപ്പോർട്ട് തയാറാക്കും. ഇതുകൂടി പരിഗണിച്ചാവും നഗരപരിധിയിലെ സ്ഥലങ്ങൾ കച്ചവടക്കാർക്കായി വിട്ടുനൽകും. ഇതിന് മുന്നോടിയായി കച്ചവടക്കാർക്ക് ബോധവത്കരണക്ലാസും നടത്തും.
നഗരസഭാധ്യക്ഷ കെ.കെ. ജയമ്മ അധ്യക്ഷത വഹിച്ചു. വൈസ് ചെയര്മാന് പി.എസ്.എം. ഹുസൈന്, സ്ഥിരം സമിതി അധ്യക്ഷരായ എം.ആര്. പ്രേം, എ.എസ്. കവിത, നസീർ പുന്നക്കല്‍, എം.ജി. സതീദേവി, ആർ. വിനിത, കൗൺസിലർമാരായ സൗമ്യരാജ്, അഡ്വ. റീഗോ രാജു, ഡി.പി. മധു, ഹരികൃഷ്ണന്, ബിന്ദുതോമസ്, അരവിന്ദാക്ഷന്, കെ.ബാബു, ബി. മെഹബൂബ്, ആര്. രമേഷ്, മനു ഉപേന്ദ്രന്, ബി. നസീര്‍, കൊച്ചുത്രേസ്യാമ്മ ജോസഫ്, അമ്പിളി, എലിസബത്ത് സെക്രട്ടറി എ.എം. മുംതാസ്, എൻജിനീയര്‍ ഷിബു നാല്‍പ്പാട്ട് എന്നിവര്‍ സംസാരിച്ചു.
ബീച്ചിൽ എക്സിബിഷൻ: നഗരസഭയെ നോക്കുകുത്തിയാക്കുന്നു
ആലപ്പുഴ: നഗരസഭയെ നോക്കുകുത്തിയാക്കിയാണ് ബീച്ചിൽ എക്സിബിഷൻ നടത്തുന്നതെന്ന് ആലപ്പുഴ നഗരസഭ കൗൺസിൽ യോഗത്തിൽ ആക്ഷേപം. കഴിഞ്ഞതവണ ബീച്ചിൽ എക്സ്ബിഷൻ നടത്തിയവർ വരുമാന ഇനത്തിൽ കിട്ടേണ്ട വൻതുക നഷ്ടപ്പെടുത്തിയാണ് പോയത്. വിനോദനികുതി ഇനത്തിൽ മാത്രം അഞ്ചുലക്ഷത്തോളം രൂപയാണ് നഷ്ടമായത്. ഇതിന് പിന്നാലെ ബീച്ചും പരിസരവും വൃത്തിയാക്കതിരുന്നതും ഏറെ ചർച്ചയായി.
ഹൈകോടതിയിൽനിന്ന് സ്റ്റേ വാങ്ങിയതോടെ നഗരസഭക്ക് കേസ് നടത്തേണ്ട സാഹചര്യമാണ്. നഗരസഭ സ്റ്റോപ്പ് മെമ്മോ നൽകിയശേഷമാണ് എക്സിബിഷന് അനുമതി അപേക്ഷ സമർപ്പിച്ചത്. ഈ സാഹചര്യത്തിൽ പിഴ ഈടാക്കണമെന്ന ആവശ്യവും അംഗങ്ങൾ മുന്നോട്ടുവെച്ചു. നഗരസഭക്ക് നേട്ടമുണ്ടാകുന്ന കാര്യത്തിൽ എല്ലാവരും ഒറ്റക്കെട്ടാണെന്നും വീണ്ടും വീഴ്ചയുണ്ടാകാതിരിക്കാനാണ് കൗൺസിലിൽ വിഷയം അജണ്ടയായി ഉൾപ്പെടുത്തിയെന്നും നഗരസഭാധ്യക്ഷ കെ.കെ. ജയമ്മ പറഞ്ഞു. ഇക്കാര്യത്തിൽ കൗൺസിലർമാർ ആശങ്കപ്പെടേണ്ട സാഹചര്യമില്ല. തുടർനടപടികൾ നഗരസഭ കൗൺസിൽ അറിഞ്ഞശേഷം മാത്രമേ നടപ്പാക്കൂ. ടിക്കറ്റ് വിൽപനയുടെ അടിസ്ഥാനത്തിൽ 24 മുതൽ 48 ശതമാനം വരെ തദ്ദേശസ്ഥാപനങ്ങൾക്ക് വിനോദനികുതി ഈടാക്കാമെന്ന് സർക്കാർ ഉത്തരവുണ്ടെന്ന് നഗരസഭ സെക്രട്ടറി എ.എം. മുംതാസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.