ആറാട്ടുപുഴ: ഒരിക്കലും തീരാത്ത വേദനകൾ സമ്മാനിച്ച സൂനാമി കടൽ ദുരന്തത്തിെൻറ കണ്ണീരോർമകൾക്ക് ഞായറാഴ്ച 17 വർഷം . 2004 ഡിസംബർ 26ന് ലോകത്തെ നടുക്കിയ സൂനാമി ഭീകര തിരമാലയിൽ ആറാട്ടുപുഴ തീര ഗ്രാമത്തിനും മായ്ക്കാനാകാത്ത മുറിപ്പാടുകളുണ്ട്.
നെരിപ്പോട് കണക്കെ നീറുന്ന നെഞ്ചുമായി ഈ തീരഭൂമിയിൽ കഴിയുന്ന മനുഷ്യർക്ക് സൂനാമി ഇന്നും നടുക്കമാണ്. ദുരന്തം കവർന്നെടുത്ത ജീവെൻറയും ജീവിതത്തിെൻറയും കണ്ണീരോർമകൾ ആറാട്ടുപുഴ ഗ്രാമം അനുസ്മരിക്കും. ജീവൻ പൊലിഞ്ഞവർക്കായി പ്രാർഥനകൾ അർപ്പിക്കും.
സ്ത്രീകളും കുട്ടികളുമടക്കം 29 മനുഷ്യ ജീവനാണ് തീരവാസികൾക്ക് കേട്ടുകേൾവി പോലുമില്ലാതിരുന്ന സൂനാമിയെന്ന കടൽ ദുരന്തത്തിൽ ആറാട്ടുപുഴയിൽ മാത്രം പൊലിഞ്ഞത്. ചേർത്തല അന്ധകാരനഴിയിൽ ഏഴുപേരും മരിച്ചു. കാലങ്ങളായി കടൽക്ഷോഭത്തിെൻറ നിത്യദുരിതം പേറിക്കൊണ്ടിരുന്ന ആറാട്ടുപുഴക്ക് സൂനാമി വരുത്തിവെച്ച ആഘാതം വലുതാണ്. നൂറുകണക്കിന് വീടുകൾ തകർന്നടിഞ്ഞു. മത്സ്യത്തൊഴിലാളികളും കയർ തൊഴിലാളികളുമായ നൂറുകണക്കിന് പാവങ്ങളുടെ ജീവിതസമ്പാദ്യം മുഴുവൻ കടലെടുത്തുപോയി. ഒന്നരപ്പതിറ്റാണ്ട് കഴിഞ്ഞിട്ടും കണ്ണീർ തോരാത്ത നിരവധി കുടുംബങ്ങൾ ഇപ്പോഴും തീരത്തുണ്ട്.
അധികാരികൾ തങ്ങളോട് കാട്ടിയ വഞ്ചനക്ക് സൂനാമി ഉണ്ടാക്കിയതിെനക്കാൾ വലിയ വേദനയുണ്ടെന്ന് തീരവാസികൾക്ക് പറയുന്നു. തീരത്ത് പൂർത്തിയാകാതെ കിടക്കുന്ന സൂനാമി പുനരധിവാസ പദ്ധതികളും സൂനാമി കോളനികളിലെ ദുരിതജീവിതങ്ങളും തീരഗ്രാമത്തിെൻറ ശോച്യാവസ്ഥയും അവർ ഇതിന് തെളിവായി ചൂണ്ടിക്കാട്ടുന്നു.
ആറാട്ടുപുഴ ഗ്രാമത്തിെൻറ പുനർനിർമാണം ലക്ഷ്യമാക്കി പ്രഖ്യാപിച്ച പദ്ധതികൾ ഏറെയും പാതിവഴിയിൽ ഉപേക്ഷിച്ച നിലയിലാണ്. നഷ്ടപ്പെട്ടുപോയ ജീവനൊഴിച്ച് ബാക്കിയെല്ലാം തിരികെ നൽകുമെന്നും അതിന് പണമൊരു തടസ്സമാകില്ലെന്നുമായിരുന്നു ദുരന്തഭൂമിയിൽ സന്ദർശനം ഭരണാധികാരികൾ ജനങ്ങൾക്ക് നൽകിയ ഉറപ്പ്.
ആറാട്ടുപുഴയെ മാതൃക ഗ്രാമമാക്കി മാറ്റുമെന്നും സൂനാമി ദുരന്ത ബാധിതരെ ആധുനിക ടൗൺഷിപ്പുകളിൽ പുനരധിവസിപ്പിക്കുമെന്ന പ്രഖ്യാപനവും ജനങ്ങൾ വിശ്വാസത്തിലെടുത്തു. ദുരന്ത ബാധിതരുടെ കണ്ണീരൊപ്പാൻ ഒഴുകിയെത്തിയ കോടാനുകോടി മുന്നിൽവെച്ചായിരുന്നു അധികാരികളുടെ ഈ പ്രഖ്യാപനം. സുനാമി ഫണ്ടുകൾ ഉപയോഗപ്പെടുത്തി ദുരന്തം പ്രത്യക്ഷമായോ പരോക്ഷമായോ ബാധിക്കാത്ത പലനാടുകളുെടയും മുഖച്ഛായ മാറ്റിയെങ്കിലും ദുരന്തഭൂമിയിൽ മാത്രം കാര്യമായ ഒരു മാറ്റവും വന്നില്ല.
കൃത്യമായ ആസൂത്രണമില്ലാതെ തുലച്ചുകളഞ്ഞ കോടികൾക്ക് ൈകയും കണക്കുമില്ല. ജനങ്ങൾക്ക് പ്രയോജനപ്പെടാത്ത ഒരുപിടി പദ്ധതികളുടെ ശവപ്പറമ്പായി ആറാട്ടുപുഴ മാറി.
പുനരധിവാസ പദ്ധതിയുടെ ഭാഗമായി ആറാട്ടുപുഴ പഞ്ചായത്തിെൻറ വിവിധ ഭാഗങ്ങളിൽ 19 റോഡുകൾ നിർമിക്കുന്നതിന് സൂനാമി പ്രത്യേക എസ്.ജി.ആർ.വൈ പദ്ധതി പ്രകാരം 2005-06ൽ അനുവദിച്ച 1.31 കോടി രൂപയിൽ അധികവും പലരും കീശയിലാക്കിയതിനാൽ പദ്ധതി ലക്ഷ്യം കണ്ടില്ല. ആയുർവേദ ആശുപത്രിയിലെ കിടത്തി ച്ചികിത്സാ വാർഡ് (35 ലക്ഷം) വലിയഴീക്കൽ ഗവ.എച്ച്.എസ്.എസ് സ്കൂൾ കെട്ടിടം (46 ലക്ഷം) മംഗലം ഗവ.എച്ച്.എസ്.എസിൽ നിർമിച്ച ക്ലാസ് മുറികൾ (23 ലക്ഷം) ഫിഷറീസ് ആശുപത്രി വളപ്പിൽ നിർമിച്ച ഒ.പി കെട്ടിടം, തീരവാസികൾക്ക് തൊഴിൽ നൽകുന്നത് ലക്ഷ്യമിട്ട് കോടികൾ മുടക്കി പെരുമ്പള്ളി കുറിയപ്പശ്ശേരി ക്ഷേത്രത്തിനുസമീപം നിർമിച്ച ക്ലസ്റ്റർ െപ്രാഡക്ഷൻ യൂനിറ്റ്, വൃദ്ധസദനം എന്നീ സുപ്രധാന പദ്ധതികളാണ് പാതിവഴിയിൽ നിലച്ചത്.
കായംകുളം ഫിഷിങ് ഹാർബറിെൻറ ഭാഗമായി വടക്കേ കരയിൽ നിർമിച്ച ലേലഹാൾ പ്രവർത്തനം തുടങ്ങിയത് ആശ്വാസം നൽകുമ്പോഴും മത്സ്യഫെഡിെൻറ മേൽനോട്ടത്തിൽ രാമഞ്ചേരിയിൽ നിർമിച്ച ഫിഷ് മീൽ പ്ലാൻറ് ഉദ്ഘാടനം പലത് കഴിഞ്ഞിട്ടും ഇന്നും പ്രവർത്തനം തുടങ്ങിയിട്ടില്ല.
സൂനാമി കോളനികളിൽ നിരവധി വീടുകളാണ് വിവിധ കാരണങ്ങളാൽ പൂർത്തിയാകാതെ കിടക്കുന്നത്. അടിസ്ഥാന സൗകര്യങ്ങൾപോലുമില്ലാത്ത കോളനികളിലെ അറപ്പുളവാക്കുന്ന ചുറ്റുപാടിൽ അരപ്പതിറ്റാണ്ടിൽ ഏറെയായി മൃഗങ്ങെളക്കാൾ കഷ്ടത്തിൽ കഴിഞ്ഞുകൂടുകയാണിവർ. അധികാരികൾ തുടരുന്ന കടലോളം പോന്ന വഞ്ചനയുടെ പ്രതിഷേധവും ഓർമപ്പെടുത്തലും കൂടിയാണ് ആറാട്ടുപുഴയിലെ ഓരോ സൂനാമി അനുസ്മരണ ദിനവും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.