ആറാട്ടുപുഴ: 2014 ഡിസംബർ 26ന് ലോകത്തെ നടുക്കിയ സൂനാമി ദുരന്തത്തിന് ചൊവ്വാഴ്ച 19 ആണ്ട് തികയും. ദുരന്തം കവർന്ന ജീവന്റെയും ജീവിതത്തിന്റെയും കണ്ണീർ ഓർമകൾ ആറാട്ടുപുഴ ഗ്രാമം തിങ്കളാഴ്ച അനുസ്മരിക്കും. ജീവൻ പൊലിഞ്ഞവർക്കായി പ്രാർഥനയർപ്പിക്കും.
സ്ത്രീകളും കുട്ടികളുമടക്കം 29 ജീവനാണ്കടൽ ദുരന്തത്തിൽ ആറാട്ടുപുഴയിൽ മാത്രം പൊലിഞ്ഞത്. ചേർത്തല അന്ധകാരനഴിയിൽ ഏഴുപേരും മരിച്ചു. മത്സ്യത്തൊഴിലാളികളും കയർ തൊഴിലാളികളുമായ നൂറുകണക്കിന് പാവങ്ങളുടെ ജീവിതസമ്പാദ്യങ്ങൾ മുഴുവൻ കടലെടുത്തു. പഞ്ചായത്തിന്റെ തെക്കൻ പ്രദേശങ്ങളായ പെരുമ്പള്ളി, തറയിൽക്കടവ്, വലിയഴീക്കൽ പ്രദേശങ്ങളായിരുന്നു സൂനാമിയിൽ തകർന്നടിഞ്ഞത്.
ആറാട്ടുപുഴ ഗ്രാമത്തിന്റെ പുനർനിർമാണം ലക്ഷ്യമാക്കി പ്രഖ്യാപിച്ച പദ്ധതികൾ ഏറെയും രണ്ട് പതിറ്റാണ്ടാകുമ്പോഴും പാതിവഴിയിൽ ഉപേക്ഷിച്ച നിലയിലാണ്. ആസൂത്രണമില്ലാതെ തുലച്ച കോടികൾക്ക് കൈയുംകണക്കുമില്ല. ജനങ്ങൾക്ക് പ്രയോജനപ്പെടാത്ത ഒരുപിടി പദ്ധതികളുടെ ശവപ്പറമ്പായി ആറാട്ടുപുഴ മാറി. സൂനാമി പുനരധിവാസ പദ്ധതിയുടെ ഭാഗമായി ആറാട്ടുപുഴ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ 19 റോഡുകൾ നിർമിക്കുന്നതിന് സൂനാമി പ്രത്യേക എസ്.ജി.ആർ.വൈ പദ്ധതി പ്രകാരം 2005-06ൽ അനുവദിച്ച 1.31 കോടിയിൽ അധികവും പലരും കീശയിലാക്കിയതിനാൽ പദ്ധതി ലക്ഷ്യം കണ്ടില്ല. ആയുർവേദ ആശുപത്രിയിലെ കിടത്തിച്ചികിത്സ വാർഡ് (35 ലക്ഷം) വലിയഴീക്കൽ ഗവ.എച്ച്.എസ്.എസ് സ്കൂൾ കെട്ടിടം (46 ലക്ഷം) മംഗലം ഗവ.എച്ച്.എസ്.എസിൽ നിർമിച്ച ക്ലാസ് മുറികൾ (23 ലക്ഷം) ഫിഷറീസ് ആശുപത്രി വളപ്പിൽ നിർമിച്ച ഒ.പി കെട്ടിടം, തീരവാസികൾക്ക് തൊഴിൽ നൽകുന്നത് ലക്ഷ്യമിട്ട് കോടികൾ മുടക്കി പെരുമ്പള്ളി കുറിയപ്പശേരി ക്ഷേത്രത്തിന് സമീപം നിർമിച്ച ക്ലസ്റ്റർ പ്രോഡക്ഷൻ യൂനിറ്റ്, വൃദ്ധ സദനം എന്നീ സുപ്രധാന പദ്ധതികളാണ് പാതിവഴിയിൽ നിലച്ചത്. മൽസ്യഫെഡ് മേൽനോട്ടത്തിൽ രാമഞ്ചേരിയിൽ നിർമിച്ച ഫിഷ് മീൽ പ്ലാന്റ് ഉദ്ഘാടനം പലത് കഴിഞ്ഞിട്ടും ഇന്നും പ്രവർത്തനം തുടങ്ങിയിട്ടില്ല. കോടികൾ ചെലവഴിച്ച് വാങ്ങിയ എത്ര സാമഗ്രികൾ തുരുമ്പെടുത്ത് നശിക്കുകയാണ്. അടിസ്ഥാന സൗകര്യം പോലുമില്ലാത്ത കോളനികളിലെ അറപ്പുളവാക്കുന്ന ചുറ്റുപാടിൽ അരപതിറ്റാണ്ടിൽ ഏറെയായി മൃഗങ്ങളെക്കാൾ കഷ്ടത്തിൽ കഴിയുകകയാണ് ദുരന്ത ബാധിതർ. ദുരന്ത ബാധിതരോട് അധികാരികൾ തുടർന്ന് വരുന്ന കടലോളം പോന്ന വഞ്ചനയുടെ പ്രതിഷേധവും ഓർമപ്പെടുത്തലും കൂടിയാണ് ആറാട്ടുപുഴയിലെ ഓരോ സൂനാമി അനുസ്മരണ ദിനവും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.