കരവെച്ചത് കാലങ്ങൾക്കുശേഷം; തീരത്ത് സന്തോഷ തിരമാല

ആറാട്ടുപുഴ: കാലങ്ങൾക്കുശേഷം കരവെച്ചതിന്‍റെ സന്തോഷത്തിലാണ് തീരവാസികൾ. കടലാക്രമണത്തിന്‍റെ നിത്യദുരിതം പേറുന്ന തീരവാസികൾക്കിത് സന്തോഷത്തിന്‍റെ നിമിഷം. ആറാട്ടുപുഴ ബസ്സ്റ്റാൻഡ് മുതൽ തെക്കോട്ട് കള്ളിക്കാട് വരെയുള്ള തീരവാസികൾക്കാണ് ഏറെ സന്തോഷവും ആശ്വാസവും.

പതിറ്റാണ്ടുകൾക്ക് മുമ്പ് വിശാലമായ കടൽത്തീരമുണ്ടായിരുന്നു. മത്സ്യബന്ധനയാനങ്ങൾ കയറ്റിവെച്ചിരുന്നത് തീരത്തായിരുന്നു. കാലാകാലങ്ങളിലെ കടലാക്രമണത്തിലാണ് തീരം നഷ്ടമായത്. ഇത് തടയാൻ രണ്ടരപ്പതിറ്റാണ്ട് മുമ്പ് കടൽഭിത്തി നിർമിച്ചു. പിന്നീട് ഈഭാഗത്ത് ഒരിഞ്ചുപോലും കടൽതീരം രൂപപ്പെട്ടിട്ടില്ല. കാൽനൂറ്റാണ്ടിന് ശേഷമാണ് ഇവിടെ കര രൂപപ്പെടുന്നത്. പുരോഗമിക്കുന്ന പുലിമുട്ട് നിർമാണമാണ് ഇവർക്ക് ആശ്വാസവും സന്തോഷവും പകരുന്നത്. തീരദേശറോഡും കടലും തമ്മിൽകടൽഭിത്തിയുടെ അകലം മാത്രമാണ് ഇവിടെയുള്ളത്.

ഒരിഞ്ച് കടൽതീരം ഇല്ലാത്തപ്രദേശം കൂടിയാണിത്. അതു കൊണ്ടുതന്നെ കാലവർഷ സമയങ്ങളിലും അല്ലാത്തപ്പോഴും ചെറുതായൊന്ന് കടലിളകിയാൽ തീരദേശ റോഡിൽ കൂടിയുള്ള ഗതാഗതം താറുമാറാകും. റോഡിലേക്കാണ് പല തിരമാലകളും പതിക്കാറുള്ളത്. കാൽനൂറ്റാണ്ടിനിടയിൽ ഒരിക്കൽപോലും ഇവിടെ കര വെച്ചിട്ടില്ല. പുലിമുട്ട് നിർമാണം തുടങ്ങിയശേഷം ഈ അവസ്ഥക്ക് മാറ്റമുണ്ടായി തുടങ്ങി. ഇപ്പോൾ നിർമാണം പൂർത്തിയായ പുലിമുട്ടിന്‍റെ തെക്ക് ഭാഗത്ത് പഴയകാലത്തെ ഓർമപ്പെടുത്തുന്ന തരത്തിൽ തീരം രൂപം കൊണ്ടത് നാട്ടുകാർക്ക് കൗതുകവും സന്തോഷവും പകരുന്ന കാഴ്ചയായി.

മത്സ്യത്തൊഴിലാളികൾ അവരുടെ പൊങ്ങ് വള്ളങ്ങൾ സൗകര്യപ്രദമായി കരയിലേക്ക് കയറ്റിവെക്കാൻ കഴിയുന്നതിന്‍റെ ആശ്വാസത്തിലാണ്.

കളിക്കാനായി കുട്ടികൾ ധാരാളം എത്തുന്നുണ്ട്. കള്ളിക്കാട് എ.കെ.ജി നഗർ മുതൽ ആറാട്ടുപുഴ ബസ്സ്റ്റാൻഡിന് വടക്കുഭാഗം വരെ പുലിമുട്ട് നിർമാണം പുരോഗമിക്കുകയാണ്. കൂടാതെ ആറാട്ടുപുഴ, തൃക്കുന്നപ്പുഴ പഞ്ചായത്തുകളുടെ വിവിധ ഇടങ്ങളിൽ നിർമാണം നടക്കുന്നുണ്ട്. തീരവാസികൾ കാലങ്ങളായി അനുഭവിക്കുന്ന കടലാക്രമണ ദുരിതങ്ങൾക്ക് ഏറക്കുറെ പരിഹാരമാകുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാർ.

Tags:    
News Summary - After weeping times; Waves of joy on shore

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.