ആലപ്പുഴ: കേരളത്തിൽ ഏറ്റവുമധികം പാലങ്ങളുള്ള നഗരമാണ് ആലപ്പുഴ. ഒരുപാലം കടന്ന് അൽപം കഴിഞ്ഞാൽ അടുത്തത് എത്തും. നഗരത്തിന്‍റെ ഹൃദയധമനികളായ ശവക്കോട്ടപ്പാലം, ഇരുമ്പുപാലം, മുപ്പാലം, തുണിപൊക്കിപ്പാലം, കറുത്തകാളിപ്പാലം, മട്ടാഞ്ചേരിപ്പാലം, പോപ്പിപ്പാലം, കോട്ടവാതുക്കൽ പാലം, കണ്ണൻവർക്കി പാലം, വഴിച്ചേരിപ്പാലം, വൈ.എം.സി.എ പാലം, കല്ലൻപാലം, ഉപ്പൂട്ടിപ്പാലം, കൊച്ചുകടപ്പാലം, ചുങ്കംപാലം, കൊത്തുവാൽ ചാവടിപ്പാലം, ജില്ല കോടതിപ്പാലം എന്നിങ്ങനെ നീളുന്നു.ജില്ലയിൽ ചെറുതും വലുതുമായ 30ലധികം പാലങ്ങളുണ്ട്. ആളുകളുടെ സഞ്ചാരം ഒരു പാലമിട്ടല്ല, ഒരുപാട് പാലമിട്ടാണ്.
തുരുമ്പെടുത്ത് നശിച്ച ആലപ്പുഴ കടൽപാലത്തിൽനിന്ന് തുടങ്ങുന്നതാണ് ഈ കാഴ്ച. ആലപ്പുഴ ബൈപാസ് റോഡിന്‍റെ ഭൂരിഭാഗവും പാലമാണെന്നതും പ്രത്യേകതയാണ്.പേരുകേട്ട ശവക്കോട്ടപ്പാലവും സിനിമകളിൽ നിറഞ്ഞുനിൽക്കുന്ന മുപ്പാലവും നിർമാണത്തിന്‍റെ അവസാനഘട്ടത്തിലാണ്. ആലപ്പുഴ-ചങ്ങനാശ്ശേരി റോഡ് നവീകരണ ഭാഗമായി നിരവധി പാലമാണ് പൂർത്തിയാക്കിയത്. കുട്ടനാട്ടിൽ ഇപ്പോഴും ഒട്ടേറെ പാലങ്ങളുടെ 'പണി' നടക്കുന്നു.നഗരം പണിതുയർത്തിയതുതന്നെ വാടക്കനാലിനും വാണിജ്യക്കനാലിനും ഇവയോട് ചേർന്നുകിടക്കുന്ന 20ലധികം ചെറുതോടുകളുടെയും കരകളിലാണ്. ഇവക്ക് കുറുകെ നിർമിച്ച പാലങ്ങളാണ് നഗരത്തിന്റെ മുഖച്ഛായ. പലതിന്‍റെയും പേരുകൾക്കും നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. ജില്ല കോടതിപ്പാലവും ശവക്കോട്ടപ്പാലവുമാണ് നഗരത്തിന്‍റെ ഹൃദയത്തുടിപ്പുകൾ. പേരുപേറുന്ന ചരിത്രത്തിലുമുണ്ട് രസകരമായ കഥക
ശവക്കോട്ടയിലേക്ക് കടക്കാനുള്ള പാലം ശവക്കോട്ടപ്പാലമായെന്ന് ഒരു കഥ. 75 വർഷം മുമ്പ് വസൂരി ബാധിച്ച് മരിച്ചവരെ പായയിൽ ചുരുട്ടിക്കെട്ടി ആൾത്താമസമില്ലാത്ത ഈ സ്ഥലത്താണ് ഉപേക്ഷിച്ചത്. അത്തരത്തിൽ ശവക്കോട്ടയിലേക്ക് പോകാനുള്ള പാലത്തിന്‍റെ പേരാണിത്.പോപ്പി പാലത്തിന് പിന്നിലെ കഥയും രസകരമാണ്. നാട്ടുകാർ ചെറിയ നടപ്പാലം തീർത്തപ്പോൾ പണം തികയാതെ വന്നു. പോപ്പി കുടകളുടെ ഉടമയുടെ സഹായം തേടി പണി പൂർത്തിയാക്കി. പാലത്തിൽ പരസ്യം വെക്കാൻ അനുമതി ചോദിച്ചു. അങ്ങനെയാണ് പാലത്തിന്റെ പേര് 'പോപ്പി പാലം' ആയത്. പഴയത് പൊളിച്ചുനീക്കിയതോടെ പലതിന്‍റെയും പേരുകള്‍ക്ക് ഗമ കുറഞ്ഞു. ആലപ്പുഴ തുറമുഖത്തേക്ക് ചരക്ക് എത്തിക്കാനും കപ്പലിലെത്തുന്ന ചരക്ക് കരയിലേക്കെത്തിക്കാനും നിർമിച്ച കനാലുകളാണ് ഈ പാലങ്ങളുടെയെല്ലാം പിറവികൾക്ക് കാരണം. വടക്കുനിന്ന് വരുന്നവർ അരൂർ പാലം കടക്കുമ്പോൾ തന്നെ ആലപ്പുഴ ജില്ലയിലെ പാലങ്ങളുടെ മുന്നറിയിപ്പ് നൽകും. കുട്ടനാട്ടിൽ പാലങ്ങളുടെ പരമ്പരയുണ്ട്. ഭൂമിശാസ്ത്രരപരമായ നഗരത്തിന്റെ 'പാലപ്പെരുമക്ക് പ്രത്യേകത ഏറെയാണ്.
മുപ്പാലത്തെ സിനിമയെടുത്തു; ഇനി 'നാൽപാലം'
ഭാഷഭേദമന്യേ സിനിമയിലേക്ക് ഓടിക്കയറിയ പാലമാണ് മുപ്പാലം. നഗരത്തിന്റെ പൈതൃകസ്വത്തായ ഈപാലം പുനർനിർമിക്കുമ്പോൾ 'നാൽപാലമാകും. മലയാള സിനിമകൾക്ക് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നട ഭാഷകളുടെ ചിത്രങ്ങളുടെ ഇഷ്ട ലൊക്കേഷനായിരുന്നു. സംവിധായകൻ ഫാസിലിന്‍റെ ഒട്ടുമിക്ക ചിത്രങ്ങളിൽ മുപ്പലാവും സമീപത്തെ ഊടുവഴികളുമുണ്ട്. പൂവിനു പുതിയ പൂന്തെന്നൽ, പപ്പയുടെ സ്വന്തം അപ്പൂസ്, അനിയത്തിപ്രാവ്, ഹരികൃഷ്ണൻസ്, നോക്കെത്താ ദൂരത്ത് കണ്ണുംനട്ട് തുടങ്ങിയവയാണ്.
ഷാരൂഖ് ഖാൻ നായകനായ ദിൽസേ, സത്യന്‍റെ 'ക്രോസ് ബെൽറ്റ്', റാംജിറാവ് സ്പീക്കിങ്, വാഴ്ത്തുക്കൾ, ഓ മൈ ഫ്രണ്ട്, ബണ്ണി, നന്ദ, സാറ്റ്ലൈറ്റ് ശങ്കർ, തലപ്പാവ്, സഞ്ചാരി, ആനപ്പാച്ചൻ, ബൈ ദ പീപ്പിൾ, ഓഫ് ദ പീപ്പിൾ... തുടങ്ങിയ സിനിമകളുടെ ഫ്രെയിമിൽ ഈ പാലമുണ്ട്. സായിപ്പുമാരുടെ ബംഗ്ലാവിലേക്ക് സഞ്ചരിക്കാൻ ബ്രിട്ടീഷ് എൻജിനീയർമാർ മൂന്നുപാലങ്ങൾ കോർത്തിണക്കിയാണ് 'മുപ്പാലം' നിർമിച്ചത്.
ഉടുമുണ്ട് പൊങ്ങുന്ന 'തുണിപൊക്കിപ്പാലം'
കാറ്റടിച്ചാൽ 'തുണി' പൊങ്ങുന്ന ഏണിപ്പാലത്തിന്‍റെ പേരിൽനിന്നാണ് 'തുണിപൊക്കി'പ്പാലത്തിന്‍റെ പിറവി. കടപ്പുറം വരെ കാണാവുന്ന തോടിന് കുറുകെയുള്ള ഉയരമുള്ള തടിപ്പാലത്തിൽ കയറുന്നവരുടെ മുണ്ട് കനത്ത കടൽക്കാറ്റിൽ ആടിയുലയും. ആര് എപ്പോൾ കയറിയാലും ഉടുമുണ്ട് കടൽക്കാറ്റിൽ പൊങ്ങിയിരുന്നു. മുണ്ട് പൊത്തിപ്പിടിച്ചാണ് പലരുടെയും യാത്ര.തുടക്കത്തിൽ മുണ്ടുപൊക്കിപ്പാലമായിരുന്നു പേര്. ഇത്തിരികൂടി ലളിതമാക്കിയപ്പോള്‍ അത് തുണിപൊക്കിപ്പാലമായി. കയർ ഫാട്കറിയിലേക്കും വാടക്കനാലിന്റെ വടക്കേക്കരയിലെ ബാപ്പു വൈദ്യരുടെ ചികിത്സ കേന്ദ്രത്തിലേക്കും എത്തുന്നവർക്ക് ആശ്രയം ഈ പാലമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.