ആറാട്ടുപുഴ: കയർ ഫാക്ടറിക്ക് സമീപം നിക്ഷേപിച്ച ചകിരിയുടെ മാലിന്യക്കൂമ്പാരത്തിൽ വൻ തീപിടിത്തം. മണിക്കൂറുകൾ പരിശ്രമിച്ചാണ് കെടുത്തിയത്. ആറാട്ടുപുഴ പത്തിശേരി ജങ്ഷന് കിഴക്ക് ജെട്ടി ഭാഗത്ത് കായൽ തീരത്ത് പ്രവർത്തിക്കുന്ന ആറാട്ടുപുഴ നെടുന്തറയിൽ ഷാജഹാന്റെ ഉടമസ്ഥതയിലുള്ള സീസൺ കയർഫാക്ടറിയിൽനിന്നു പുറന്തള്ളിയ ചകിരിക്കൂമ്പാരത്തിലാണ് തീപിടിച്ചത്. വെള്ളിയാഴ്ച രാവിലെ ഒമ്പതരയോടെയാണ് സംഭവം.
തീ പടർന്ന് പിടിക്കുന്നതായി ഫാക്ടറിയിലെ തൊഴിലാളികളാണ് കണ്ടത്. ഇവരുടെ ബഹളം കേട്ട് ഓടിയെത്തിയ നാട്ടുകാർ തൊഴിലാളികളോടൊപ്പം ചേർന്ന് തൊട്ടടുത്തുള്ള കായലിൽ നിന്നും വെള്ളമൊഴിച്ച് തീ കെടുത്താൻ ശ്രമിച്ചെങ്കിലും ഫലം ഉണ്ടായില്ല. എന്നാൽ, തൊട്ടടുത്ത ഫാക്ടറിയിലേക്കും വീടുകളിലേക്കും തീ പടരുന്നത് ഇവരുടെ സമയോചിത ഇടപെടൽ മൂലം തടയാനായി.
കായംകുളത്തുനിന്നും ഹരിപ്പാട് നിന്നും അഗ്നിരക്ഷാസേനയുടെ നാല് യൂനിറ്റ് എത്തി. ചകിരിക്കൂനയുടെ ഉള്ളിലേക്ക് തീ പടർന്നതിനാൽ രണ്ട് മണ്ണ് മാന്തിയന്ത്രം ഉപയോഗിച്ച് ചകിരി നീക്കി ഉള്ളിലേക്ക് വെള്ളം ഒഴിച്ചാണ് തീ അണച്ചത്. മോട്ടോർ ഉപയോഗിച്ച് കായലിൽനിന്നും വെള്ളം പമ്പ് ചെയ്യുകയും ചെയ്തു.
അഞ്ചുമണിക്കൂർ നേരത്തെ രക്ഷാപ്രവർത്തനത്തിന് ശേഷം മൂന്നു മണിയോടെയാണ് അഗ്നിരക്ഷാസേന മടങ്ങിയത്. മോട്ടോറുകൾ ഉപയോഗിച്ച് കായലിൽനിന്നു വെള്ളം പമ്പ് ചെയ്യുന്നത് രാത്രി വരെ തുടർന്നു. മൂന്നാം തവണയാണ് ചകിരിക്കൂനക്ക് പിടിക്കുന്നത്. കാരണം വ്യക്തമല്ല. മറ്റ് നാശനഷ്ടങ്ങൾ ഉണ്ടായില്ലെന്ന് ഫാക്ടറി ഉടമ പറഞ്ഞു.
കായംകുളം നിലയത്തിൽ നിന്നും സിനിയർഫയർ ആന്റ് റെസ്കൂ ഓഫീസർ വിമൽ കുമാർ ഹരിപ്പാട് അഗ്നിശമനസേനയിലെ അസിസ്റ്റന്റ് ഫയർ സ്റ്റേഷൻ ഓഫീസർ ദിലീപ് കുമാർ എന്നിവരുടെ നേതൃത്വത്തിലാണ് പ്രവർത്തനങ്ങൾ നടന്നത്. ഫയർ ഓഫീസർമാരായ വിപിൻകുമാർ ,രാജഗോപാൽ വിശാഖ് ,ശ്യാംകുമാർ, രൻജീഷ്, സന്തോഷ് കുമാർ എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.