ആറാട്ടുപുഴ: ഔദ്യോഗിക സ്ഥാനാർഥിക്കെതിരെ നിൽക്കുന്ന റെബലുകൾ പിന്മാറുന്ന പതിവിൽനിന്ന് വ്യത്യസ്തമായി റെബലിന് പിന്തുണ നൽകി ഔദ്യോഗിക സ്ഥാനാർഥി പിന്മാറി.
ആറാട്ടുപുഴ പഞ്ചായത്ത് പതിനെട്ടാം വാർഡിലാണ് കോൺഗ്രസ് സ്ഥാനാർഥി കെ.വൈ. അബ്ദുൽ റഷീദ് റെബലായി മത്സരിച്ച ഷിജാർ പുത്തൻകാട്ടിലിന് പിന്തുണ നൽകി പിന്മാറിയത്.
ബ്ലോക്ക് എക്സിക്യൂട്ടിവ് അംഗം ഷിജാറിനെ സ്ഥാനാർഥിയാക്കണമെന്നാവശ്യപ്പെട്ട് ഒരു കൂട്ടരും മുൻ പഞ്ചായത്തംഗം എ.എം. ഷഫീക്കിനെ പിന്തുണച്ച് മറ്റൊരു വിഭാഗവും രംഗത്ത് വന്നതോടെയാണ് ഭിന്നത രൂക്ഷമായത്. തമ്മിലടി മൂലം ബൂത്ത് കമ്മിറ്റി തന്നെ ഇല്ലാതായി. ഇവരെ രണ്ട് പേരെയും ഒഴിവാക്കി 17ാം വാർഡ് മെംബറും മുൻ പഞ്ചായത്ത് ഭരണസമിതിയിലെ വൈസ് പ്രസിഡൻറുമായിരുന്ന അബ്ദുൽ റഷീദിനെ ഉപരി കമ്മിറ്റി നിർദേശിക്കുകയായിരുന്നു. എന്നാൽ, ഈ തീരുമാനത്തെ ഒരു വിഭാഗം അംഗീകരിച്ചില്ല.
ഇതിനിടെ ഷിജാർ സജീവമായി പ്രചാരണ രംഗത്ത് ഇറങ്ങുകയും ചെയ്തു.
അബ്ദുൽ റഷീദും പ്രചാരണം തുടങ്ങി. ഇതോടെ കോൺഗ്രസുകാർ രണ്ട് ചേരിയായി. പാർട്ടി ദുർബലപ്പെടുന്ന സാഹചര്യം കണക്കിലെടുത്ത് അബ്ദുൽ റഷീദ് മത്സരരംഗത്തു നിന്നും സ്വയം പിന്മാറുകയായിരുന്നു. തുടർന്ന് ഷിജാറിനെ ഔദ്യോഗിക സ്ഥാനാർഥിയായി പ്രഖ്യാപിക്കുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.