ആറാട്ടുപുഴ: കിഫ്ബി പദ്ധതി പ്രകാരം നിർമിക്കുന്ന ആധുനിക രീതിയിലുള്ള പുലിമുട്ടുകൾ ആറാട്ടുപുഴ, തൃക്കുന്നപ്പുഴ പഞ്ചായത്തുകളിൽ ഉടൻ യാഥാർഥ്യമാകും. ആറാട്ടുപുഴ പഞ്ചായത്തിലെ വട്ടച്ചാൽ, ബസ്സ്റ്റാൻഡിന് തെക്ക് ഭാഗം, തൃക്കുന്നപ്പുഴ പഞ്ചായത്തിലെ പതിയാങ്കര എന്നിവിടങ്ങളിലാണ് അഞ്ച് കിലോമീറ്റർ നീളത്തിൽ പുലിമുട്ട് നിർമിക്കുന്നത്.
ആദ്യമായാണ് ടെട്രാപോഡുകൾ (നാലുകാലുള്ള കോൺക്രീറ്റ് നിർമിതി) ഉപയോഗിച്ച് തീരത്ത് പുലിമുട്ടുകൾ നിർമിക്കുന്നത്. നിർമാണത്തിനായി മൂന്നിടത്തും സ്ഥലം ഏറ്റെടുത്തിരുന്നു. പതിയാങ്കരയിൽ പുലിമുട്ട് നിർമിക്കാൻ മംഗലം കുറിച്ചിക്കൽ ജങ്ഷന് വടക്ക് ഭാഗത്താണ് സ്ഥലം ഏറ്റെടുത്തത്. ഇവിടെ പ്രവർത്തനം ആരംഭിച്ചു.
വേബ്രിഡ്ജിെൻറ നിർമാണമാണ് ആദ്യം പൂർത്തിയായത്. തുടർന്ന് കഴിഞ്ഞ മാസം 27 മുതൽ ടെട്രാപോഡുകളുടെ നിർമാണം ആരംഭിച്ചു. പ്രതിദിനം 80 മുതൽ 85വരെ ടെട്രാപോഡുകളാണ് ഇവിടെ നിർമിക്കുന്നത്. 2000ത്തിലധികം ഇതിനകം നിർമിച്ചു കഴിഞ്ഞു. വട്ടച്ചാലും ആറാട്ടുപുഴയിലും വേബ്രിഡ്ജ് നിർമാണം മാത്രമാണ് പൂർത്തിയായത്. ടെട്രാപോഡുകൾ നിർമിക്കാനുള്ള ഉരുക്കിെൻറ മാതൃക കർണാടകയിൽനിന്ന് എത്താനുണ്ടായ കാലതാമസമാണ് ഇവിടങ്ങളിലെ പണിയെ ബാധിച്ചത്. അടുത്തയാഴ്ച രണ്ട് സ്ഥലത്തും ടെട്രാപോഡുകളുടെ നിർമാണം ആരംഭിക്കുമെന്ന് ഇതിെൻറ ചുമതല വഹിക്കുന്ന കേരള ഇറിഗേഷൻ ഇൻഫ്രാസ്ട്രക്ചർ െഡവലപ്മെൻറ് കോർപറേഷൻ െഡപ്യൂട്ടി ജനറൽ മാനേജർ കെ.പി. ഹരൻ ബാബു പറഞ്ഞു.
ക്വാറി ലൈസൻസുമായി ബന്ധപ്പെട്ട ചില പ്രശ്നങ്ങൾ മൂലമാണ് കല്ലുകൾ ഇറക്കാൻ വൈകിയതെന്നും പ്രശ്നങ്ങൾക്ക് പരിഹാരമായതിനാൽ പണി ഉടൻ ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കടലിൽ പലവലുപ്പത്തിലുള്ള കരിങ്കല്ലുകൾ നിരത്തിയ ശേഷമാണ് മുകളിൽ ടെട്രാപോഡുകൾ സ്ഥാപിക്കുക. പുലിമുട്ടിനു കരയിൽനിന്ന് 20 മുതൽ 40വരെ മീറ്റർ നീളമുണ്ടാകും അടിഭാഗത്ത് 20 മുതൽ 32 മീറ്റർവരെ വീതിയും മുകളിൽ അഞ്ചു മുതൽ ആറു മീറ്റർവരെ വീതിയും ഉണ്ടാകും. സമുദ്രനിരപ്പിൽനിന്ന് നാലു മീറ്റർവരെ ഉയരത്തിലാണ് പുലിമുട്ടുകൾ നിർമിക്കുന്നത്.
ചെന്നൈ ഐ.ഐ.ടി വിദഗ്ധർ തയാറാക്കിയ മാതൃകയിലാണ് പുലിമുട്ടുകൾ നിർമിക്കുന്നത്. ആദ്യഘട്ടമെന്ന നിലയിൽ തൃക്കുന്നപ്പുഴ പഞ്ചായത്തിലെ പതിയാങ്കരയിൽ 1.5 കിലോമീറ്റർ നീളത്തിൽ 13 പുലിമുട്ടും (17.33 കോടി) ആറാട്ടുപുഴ ബസ്സ്റ്റാൻഡ് ഭാഗം കേന്ദ്രീകരിച്ച് 1.4 കിലോമീറ്റർ നീളത്തിൽ 21 പുലിമുട്ടുകളും (22.29 കോടി) വട്ടച്ചാലിൽ 1.8 കിലോമീറ്റർ നീളത്തിൽ 16 പുലിമുട്ടുകളുമാണ് (25 കോടി) നിർമിക്കുന്നത്. 2022 ജനുവരിയിൽ നിർമാണം പൂർത്തീകരിക്കണമെന്നാണ് കരാറുകാർക്ക് സർക്കാർ നൽകിയിരിക്കുന്ന നിർദേശം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.