ആറാട്ടുപുഴ: കാൽക്കീഴിലെ മണ്ണ് നഷ്ടപ്പെടുമോയെന്ന ആധിയിലാണ് കാലങ്ങളായി ആറാട്ടുപുഴ തൃക്കുന്നപ്പുഴ തീരവാസികൾ. കായംകുളം കായലിനും അറബിക്കടലിനുമിടയിൽ നാടപോലെ കിടക്കുന്ന ഈ തീരഗ്രാമങ്ങൾ കരിമണൽ ഖനനമെന്ന ഭീതിയുടെ നിഴലിലാണ്. കയർ-മൽസ്യ തൊഴിലാളികൾ അധിവസിക്കുന്ന ഈ പ്രദേശത്തെ സമ്പുഷ്ടമായ ധാതുമണലിൽ കണ്ണുംനട്ട് പലരും കഴുകക്കണ്ണുകളുമായി വട്ടമിട്ട് പറക്കാൻ തുടങ്ങിയിട്ട് നാളുകളേറെയായി.
ഭരണകൂടത്തിന്റെ ഒത്താശയോടെ മണ്ണ് റാഞ്ചിയെടുക്കാനുള്ള ശ്രമങ്ങളെ തീപാറുന്ന ജനകീയ പോരാട്ടങ്ങൾ കൊണ്ടാണ് പരാജയപ്പെടുത്തിയത്. ജനരോഷം ഭയന്ന് പിൻവലിഞ്ഞവർ മണൽ കവർന്നെടുക്കാനുള്ള നീക്കങ്ങളിൽ നിന്നും പിൻമാറിയില്ല.
പുതിയ പുതിയ തന്ത്രങ്ങളിലൂടെ ധാതുമണൽ കവർന്നെടുക്കാനുള്ള പരിശ്രമം തുടർന്നുകൊണ്ടിരുന്നു. അങ്ങനെയാണ് തോട്ടപ്പള്ളി, കായംകുളം പൊഴികളിൽ ആഴം കൂട്ടലിന്റെ മറവിൽ കരിമണൽ ഖനനം നടക്കുന്നത്. കാര്യമായ ജന രോഷം ഇല്ലെന്ന് മനസിലാക്കിയ ഭരണകൂടം ഒരു പടി കൂടി കടന്ന് തീരം കവർന്നെടുക്കാനുള്ള പുതിയ നീക്കത്തിന് തുടക്കമിട്ടിരിക്കുകയാണ്.
കേരളത്തിൽ ആണവ വൈദ്യുതി നിലയം സ്ഥാപിക്കാൻ സർക്കാർ അനുമതി തേടിയത് ആറാട്ടുപുഴ തുക്കുന്നപ്പുഴ തീരങ്ങളിലെ കരിമണൽ ഖനനം ലക്ഷ്യമിട്ടാണെന്ന സംശയം ബലപ്പെടുന്നു. തീരത്തെ മണലിൽ അടങ്ങിയ ഗുണനിലവാരമുള്ള തോറിയം കണ്ടു കൊണ്ടാണ് ആണവനിലയം വേണമെന്ന ആവശ്യം ഉയർത്തിയത്. നിലവിൽ തമിഴ്നാട്ടിലെ കൽപ്പാക്കത്തിന് സമാനമായ സാങ്കേതിക വിദ്യയിൽ പ്രവർത്തിക്കുന്ന തോറിയം അധിഷ്ഠിത ആണവ നിലയം സ്ഥാപിക്കുന്നതിന്റെ സാധ്യത പരിശോധിക്കുകയാണ് കേരളവും. കേരളത്തിൽ നിലയം സ്ഥാപിക്കണമെന്ന താൽപര്യത്തിലാണ് ഇപ്പോൾ ഭരണകൂടമുള്ളത്.
കായംകുളം താപനിലയം ഇതിനായി ഉപയോഗപ്പെടുത്താനുള്ള നീക്കമാണ് നടത്തുന്നത്. ഇതിലൂടെ കരിമണൽ ലോബിയുടെ താൽപര്യം സംരക്ഷിക്കുക എന്ന ഗൂഢലക്ഷ്യമുണ്ടെന്നും ആരോപമുണ്ട്. തോറിയത്തിനായി കരിമണൽ ഖനനം നടത്തിയാൽ കരിമണൽ കമ്പനികൾക്ക് ആവശ്യമുള്ള മറ്റ് മൂലകങ്ങൾ എതിർപ്പൊന്നും കൂടാതെ ലഭിക്കുമെന്ന ബഹുമുഖ ലക്ഷ്യമാണ് ഈ നീക്കത്തിന് പിന്നിൽ എന്ന് പരിസ്ഥിതി പ്രവർത്തകർ ആരോപിക്കുന്നു. കടലാക്രമണത്തിന്റെ ദുരിതം പേറി കഴിയുന്ന തീരവാസികളുടെ ജീവനും ജീവിതത്തിനും തെല്ലും വിലകൽപിക്കാത്ത ഭരണകൂടം തീരവാസികൾ കുടിൽകെട്ടി താമസിക്കുന്ന ധാതുമണലിന്റെ വിലയെക്കുറിച്ചാണ് വാചാലരാകുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.