ആറാട്ടുപുഴ: റെബലിെൻറ വോട്ടുപിടിക്കാൻ നിർത്തിയ അപരൻ ഒറ്റപ്പെട്ടു. റെബൽ സ്ഥാനാർഥി പിന്മാറിയെങ്കിലും അപരന് പത്രിക പിൻവലിക്കാൻ കഴിഞ്ഞില്ല. തൃക്കുന്നപ്പുഴ പഞ്ചായത്ത് 13ാം വാർഡിലാണ് സംഭവം.
പഞ്ചായത്ത് മുൻ അംഗവും യൂത്ത് ലീഗ് മുൻ ജില്ല പ്രസിഡൻറുമായ എ. ഷാജഹാനാണ് സീറ്റ് ലഭിക്കാതിരുന്നതിൽ പ്രതിഷേധിച്ച് കോൺഗ്രസ് സ്ഥാനാർഥിക്കെതിരെ വിമതനായി രംഗത്തുവന്നത്. ഇരു പാർട്ടിയുടെയും ജില്ല നേതൃത്വങ്ങൾ ഇടപെട്ടിട്ടും പിന്തിരിയില്ലെന്ന നിലപാടിലായിരുന്നു ഷാജഹാൻ. വീടുകളിൽ കയറിയുള്ള വോട്ടുപിടിത്തവും തുടങ്ങി. പി.ഡി.പിയുടെ സിറ്റിങ് സീറ്റാണിത്.
സംഗതി പന്തിയല്ലെന്ന് കണ്ട പി.ഡി.പിക്കാരാണ് തൃക്കുന്നപ്പുഴ ചിറയിൽപടീറ്റതിൽ ഷാജഹാനെ അപരനാക്കി രംഗത്തിറക്കിയത്. ലീഗ് നേതാവ് ഷാജഹാെൻറ സ്ഥാനാർഥിത്വം യു.ഡി.എഫിൽ വലിയ തർക്കങ്ങൾക്ക് വഴിതെളിച്ചിരുന്നു. ലീഗ് സംസ്ഥാന നേതൃത്വംവരെ ഇടപെട്ടെങ്കിലും ഷാജഹാൻ നിലപാട് വ്യക്തമാക്കിയില്ല. പത്രിക പിൻവലിക്കുന്ന ദിവസം ഷാജഹാൻ പിൻവലിച്ചാൽ അപരെൻറയും പിൻവലിപ്പിക്കാൻ പി.ഡി.പിക്കാർ സജ്ജരായി രംഗത്തുണ്ടായിരുന്നു.
അവസാന നിമിഷംവരെയും ഷാജഹാൻ പത്രിക പിൻവലിക്കുന്നില്ലെന്ന് കണ്ട അപരൻ സ്ഥലംവിട്ടു. ആകാംക്ഷകൾക്ക് ഒടുവിൽ സമയം അവസാനിക്കുന്നതിന് രണ്ട് മിനിറ്റ് മുമ്പാണ് ഷാജഹാൻ പത്രിക പിൻവലിച്ചത്. പത്രിക പിൻവലിപ്പിക്കാൻ പി.ഡി.പിക്കാർ അപരനെ തപ്പിയെങ്കിലും പൊടിപോലും കണ്ടില്ല.
അപരനായി വന്ന് അനാഥനായ അവസ്ഥയിലാണിന്ന് ഷാജഹാൻ. മൊബൈൽ ഫോണാണ് ചിഹ്നം. തങ്ങളുടെ വോട്ട് അപരന് പോകുമോയെന്ന ആശങ്കയിലാണ് പാർട്ടിക്കാർ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.